ന്യൂദല്‍ഹി: ക്രിപ്റ്റോ കറന്‍സി ഉപയോഗത്തിലെ കളളനാണയങ്ങളെ കണ്ടെത്താന്‍ ലോകമെമ്പാടുമുളള ജനാധിപത്യരാജ്യങ്ങള്‍ കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളായി മാറുകയാണെന്നും ഡാറ്റാ ഭരണത്തിനുള്ള നിയമങ്ങളില്‍ ജനാധിപത്യ രാജ്യങ്ങള്‍ സഹകരിക്കണമെന്നും ആസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിപ്റ്റോ കറന്‍സിയുടെ ഉപയോഗത്തെക്കുറിച്ചും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നും രാജ്യങ്ങള്‍ ആലോചിക്കേണ്ടതാണ്. അതോടൊപ്പം രാജ്യങ്ങള്‍ ഭാവി ടെക്നോളജിക്കായി നിലകൊളളണമെന്നും അതിനായി നിക്ഷേപങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബര്‍ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തിരിമറികളും കണ്ടെത്തുന്നതിനായി വിശ്വസനീയമായ നിര്‍മ്മാണമേഖലയും വിതരണക്കാരും ബുദ്ധിപരവും പ്രവര്‍ത്തനക്ഷമവുമായ സൈബര്‍ സുരക്ഷയാണ് നമുക്ക് ആവശ്യം. ആഗോള വിവരശേഖരണത്തിലും നിയന്ത്രണം അവശ്യമാണെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കാലഘട്ടത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതിക വിദ്യയും ആയുധങ്ങളാകുകയാണ്. ഡിജിറ്റല്‍ യുഗം എല്ലാത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകള്‍ തന്നെ പുനര്‍നിര്‍വചിക്കപ്പെട്ടു. രാജ്യസ്നേഹം, ഭരണനിര്‍വഹണം, അവകാശങ്ങള്‍, സുരക്ഷ എന്നിവയെക്കുറിച്ചു പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആഗോളമത്സരം, അധികാരം, നേതൃത്വം എന്നിവയിലും മാറ്റം സംഭവിക്കുന്നു. എല്ലാ മേഖലകളിലും ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ നാം തയ്യാറാകണം. മോദി പറഞ്ഞു.
ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ചര്‍ച്ച നടന്നിരുന്നു. അതിനു പിന്നാലെയാണ് ക്രിപ്റ്റോ കറന്‍സിക്കെതിരേ മോദിയുടെ പ്രസ്താവന. ആര്‍ബിഐ, കേന്ദ്ര ധനകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം തുടങ്ങിയവയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. ക്രിപ്റ്റോ കറന്‍സി ഒരിക്കലും കളളപ്പണം വെളുപ്പിക്കാനോ തീവ്രവാദപ്രവര്ത്തനോ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ ക്രിപ്റ്റോ കറന്‍സി ഒരിക്കലും നിയമപരമാകില്ല. ഇത് സ്റ്റോക് പോലെയോ ബോണ്ട് പോലെയോ നിലനില്ക്കും.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇതില്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ സാധ്യത തെളിയുന്നുണ്ട്. ഇന്ത്യ സ്വയം ഒരു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുളള സാഹചര്യം കൂടി തെളിയുന്നുണ്ടെന്ന് വിഎച്ച്പി നേതാവ് ഗിരീഷ് ഭരദ്വാജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: