ഇടുക്കി: പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനത്തെ തുടര്‍ന്ന് ഇടുക്കിയില്‍ സൂക്ഷ്മ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് പഠനം നടത്തുക. 2020 ഫെബ്രുവരി മുതല്‍ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുള്‍പ്പടെ തുടര്‍ച്ചയായി ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ഇടുക്കി ഡാമിന്റേതുള്‍പ്പടെയുള്ള പദ്ധതികളുടെ പ്രാധാന്യം പരിഗണിച്ചാണ് വിശദമായ പഠനം നടത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്. ഇവിടെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ഡാമുകളാണുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ നിയോഗിച്ച ഭൂകമ്പ ശാസ്ത്ര, എഞ്ചിനീയറിങ് വിദഗ്ധരാണ് പഠനം നടത്തുന്നത്.
ദേശീയ ജല അതോറിറ്റിയുടെ ഫൗണ്ടേഷന് എഞ്ചിനീയറിങ് ആന്‍ഡ് സ്പെഷ്യല്‍ അനാലിസിസ് ഡയറക്ടര്‍ സമിര്‍ കുമാര്‍ ശുക്ല ചെയര്‍മാനും വൈദ്യുതി ബോര്‍ഡ് ഡാം സേഫ്റ്റി ഓര്ഗനൈസേഷന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര് പ്രീത കണ്‍വീനറുമായി കഴിഞ്ഞ വര്‍ഷം ഒരു സമിതി രൂപീകരിച്ചിരുന്നു. ചെന്നൈ ഐഐടി പ്രൊഫസര്‍ സി.വി. ആര് മൂര്‍ത്തി, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് ഡയറക്ടര്‍, ഈശ്വര്‍ ദത്ത് ഗുപ്ത, ജിഎസ്ഐ വെസ്റ്റേണ്‍ റീജിയണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സന്ദീപ് കുമാര്‍ സോം, കെഎസ്ഇബി മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി പോള്‍ തുടങ്ങിയവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.
എന്നാല്‍ കൊവിഡ് കാരണം സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയി. ഇടുക്കി സംഭരണിയും പരിസര പ്രദേശങ്ങളും പഠന വിധായമാക്കി സമിതി നാലു മാസത്തിനകം റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് കൈമാറും. സ്ഥലത്ത് ക്യാംപ് ചെയ്ത് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഫീല്‍ഡ് സര്‍വെ അടക്കം നടത്തുക.
ഇടുക്കിയില്‍ കൂടുതല്‍ ശക്തമായ ഭൂചലനത്തിനുള്ള സാധ്യത, ഇതുവരെ അനുഭവപ്പെട്ട ഭൂചലനങ്ങള്‍ ഡാമുകളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടോ, ഭ്രംശപാളികളുടെ നിലവിലെ അവസ്ഥ, സ്വകീരിക്കേണ്ട മുന്‍ കരുതലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും. ഇതിനായി രണ്ടംഗ വിദഗ്ദ്ധ സംഘം അടുത്തയാഴ്ച ഇടുക്കിയിലെത്തും. ഡാം സേഫ്റ്റി വിഭാഗമാണ് പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: