ലഡാക്ക്: ലഡാക്കിലെ റസാങ് ലായില്‍ നവീകരിച്ച യുദ്ധ സ്മാരകം ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. 1962ല്‍ രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളത്തെ നേരിട്ട മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റിലെ സൈനികരെയും 2020 ജൂണില്‍ നിയന്ത്രണ രേഖ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ തുരത്തിയ കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സൈനികരെയും ആദരിക്കാനാണ് ഈ സ്മാരകം പണിഞ്ഞത്.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ ഉപ മേധാവി ലഫ്റ്റനന്റ് ജനറല്‍ ചണ്ഡി പ്രസാദ് മൊഹന്തി, വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡര്‍ വൈ കെ ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കരസേനാ മേധാവി എംഎം നരവനെ ഇസ്രായേല്‍ സന്ദര്‍ശനത്തിലായതിനാല്‍ അദേഹത്തിനു പങ്കെടുക്കാനാവില്ല.
ലഡാക്കിലെ സ്പാംഗൂര്‍ ഗ്യാപ്പില്‍ നിന്ന് 11 കിലോമീറ്റര്‍ തെക്ക് മാറി സമുദ്ര നിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള ചുരമാണ് റെസാങ് ലാ. 1962 നവംബര്‍ 18 നു പുലര്‍ച്ചെ 4 മണിക്ക് മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റ് ചാര്‍ലി കമ്പനിയിലെ 114 ഓളം സൈനികരെ രണ്ടായിരത്തോളം ചൈനീസ് സൈനികര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ 13ാം റെജിമെന്റിലെ സൈനികര്‍ 18ഓളം മണിക്കൂര്‍ പൂജ്യം ഡിഗ്രിക്ക് താഴെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അവര്‍ക്കെതിരെ ധീരമായി പോരാടി. ചെനീസ് സൈന്യത്തിന് വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും അവരില്‍ നിന്ന് ചുഷുല്‍ ഗ്രാമത്തെ സംരക്ഷിക്കുകയും ചെയ്തു. ഏകദേശം 400 ഓളം ചൈനീസ് പട്ടാളക്കാരെ അവര്‍ വകവരുത്തി. എന്നിരുന്നാലും രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ അപ്രതീക്ഷിത അക്രമണത്തോട് അവര്‍ക്ക് പിടിച്ചു നില്ക്കാനായില്ല.
പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.
റസാങ് ലേയിലെ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിനെതിരെ മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സൈനിക പോരാട്ടത്തിന്റെ 59ാം വാര്‍ഷികത്തിലാണ് ഈ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്. നിയന്ത്രണ രേഖയാടു ചേര്‍ന്ന് ചൈനീസ് പ്രദേശത്തോട് വളരെ അടുത്തായാണ് ഈ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നോക്കിയാല്‍ ഈ സ്മാരകം കാണാനാകും. ഇത് ചൈനയ്ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തി പ്രകടനമായാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: