പീരുമേട്: കൊക്കയാറുകാര്‍ ഇപ്പോഴും പള്ളിക്കൂടമുറ്റത്താണ്. മലവെള്ളപ്പാച്ചിലില്‍ കിടപ്പാടമടക്കം ഒലിച്ചുപോയ 89 കുടുംബങ്ങളിലെ 257 പേരാണ് ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴും പോകാനിടമില്ലാതെ സ്കൂള്‍ മുറ്റത്ത് കഴിയുന്നത്. ദുരന്തത്തിനിരയായവരുടെ കൃത്യമായ കണക്ക് വൈകുന്നതിനാല്‍ പുനരധിവാസം എങ്ങുമെത്തിയില്ല. എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
വടക്കേമല സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിലും കുറ്റിപ്ലാങ്ങാട് സ്കൂളിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ നിന്നു താമസക്കാരോട് മറ്റു സ്ഥലങ്ങളിലേക്കു മാറാന്‍ റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ ഇടമില്ലാത്തതിനാല്‍ ഇവര്‍ മാറാന്‍ തയാറായിട്ടില്ല. സ്കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ഇവിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കാനുമായില്ല. പകരം കെട്ടിടം കണ്ടെത്താനാകാത്തതും തിരിച്ചടിയാണ്.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പഠനം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമേ താമസ യോഗ്യമല്ലാത്തതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇതനുസരിച്ച് മാറ്റി പാര്പ്പിക്കേണ്ടവരുടേയും വീട് നിര്മിക്കേണ്ടവരുടേയും അടക്കം ലിസ്റ്റ് തയറാക്കാനാകൂവെന്ന് വില്ലേജ് ഓഫീസര്‍.
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തി മേഖലയായ കൊക്കയാറില്‍ ഒക്ടോബര്‍ 16ന് ഉണ്ടായ അതിതീവ്രമഴയാണ് നാശം വിതച്ചത്. ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴ് പേര് മരിച്ചിരുന്നു. 150 വീടുകളാണ് പൂര്‍ണമായും തകര്‍ന്നതായി അനൗദ്യോഗിക കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: