Categories: Kerala

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; മനോവിഷമത്തില്‍ പതിനാലുകാരന്‍ ജീവനൊടുക്കി

ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടെത്തിയിരുന്നു.

Published by

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു.

 ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തി. സുല്‍ഫത്താണ് കുട്ടിയുടെ അമ്മ. അമല്‍ ഏക സഹോദരനാണ്.

ഈ വര്‍ഷം നിരവധി കൂട്ടികള്‍ മൊബൈല്‍ ഗെയിമിന് അടിമകളായി ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വീട്ടുകാര്‍ അറിയാതെ അവരുടെ സമ്പാദ്യം മുഴുവന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് വിദ്യാര്‍ത്ഥി നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഗെയിം കളിക്കുന്നതില്‍ നിന്നും വീട്ടുകാര്‍ വിലക്കിയിരുന്നു.ഇതില്‍ മനംനൊന്ത വിദ്യാര്‍ത്ഥി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by