മണികണ്ഠന് കുറുപ്പത്ത്
കാഞ്ഞാണി: കോവിഡ് വന്നതോടെ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുകയും രോഗബാധിതനായ മകന്റെ ചികിത്സാ ചിലവും, വീട്ടുചിലവും കണ്ടെത്താനായിട്ടാണ് ബികോം ബിരുദധാരിയായ സജിത എന്ന വീട്ടമ്മ റോഡരുകില്‍ തട്ടുകട തുടങ്ങുന്നത്.
ഒരുവര്‍ഷം മുമ്പാണ് തൃശൂര്‍ കാഞ്ഞാണി സംസ്ഥാന പാതയില്‍ പെരുമ്പുഴ പാടത്ത് രണ്ടാമത്തെ പാലത്തിനോട് ചേര്‍ന്ന് റോഡരുകില്‍ എറവ് സ്വദേശിനി സജിത ജിജു തട്ടുകട വച്ച് കെട്ടുന്നത്. ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് എന്തെങ്കിലും വരുമാനം ലഭിക്കുന്ന ജോലി ചെയ്യണം എന്ന് സജിത തീരുമാനിക്കുന്നത്. സജിതയുടെ രണ്ടു മക്കളില്‍ 12 വയസുള്ള മൂത്ത മകന് കാഴ്ച്ചക്കുറവും, പേശികള്‍ക്ക് ബലക്കുറവും തലച്ചോറിലെ ഞരമ്പുകള്‍ക്ക് സുഷിരം വന്നും രോഗാവസ്ഥയിലാണ്. ഇതോടെ സ്വകാര്യ വ്യക്തിയുടെ സഹായത്താലാണ് സജിത തട്ടുകട ആരംഭിക്കുന്നത്.
കുട്ടിയെ ഭര്‍ത്താവിനെ ഏല്പിച്ച് പെരുമ്പുഴയില്‍ സംസ്ഥാന പാതയോരത്ത് കൊടും ചൂടിനെ പോലും വകവെക്കാതെ സജിത തുടങ്ങിയ തട്ടുകട വിജയം കണ്ടു. കുലുക്കി സര്‍ബത്ത്, മോര് സോഡ, ചായ, കാപ്പി തുടങ്ങിയവ സജിത ഒറ്റക്ക് നിന്ന് കച്ചവടം ചെയ്തു. രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെയായിരുന്നു തുടക്കത്തില്‍ തട്ടുകടയുടെ പ്രവര്‍ത്തന സമയം. ദിവസം ശരാശരി 1000 മുതല്‍ 1200 രൂപ വരെ കച്ചവടം നടക്കും. ചിലവ് കഴിച്ച് 500 രൂപ തനിക്ക് മിച്ചം കിട്ടാറുള്ളതായി സജിത പറഞ്ഞു.
മൂന്ന് വര്‍ഷം തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കവെ മകന്റെ അസുഖം മൂലം ജോലി ഉപേക്ഷിച്ചതായിരുന്നു. ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള സജിത കച്ചവടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുലര്‍ച്ചെ 5 മുതല്‍ സംസ്ഥാന പാതയോരത്ത് യാത്രക്കാര്‍ക്ക് ചായയും ഭക്ഷണവും തയ്യാറാക്കി കൊടുത്ത് തുടങ്ങി. ദോശ, ഇഡ്ഡലി, കഞ്ഞി എന്നിവക്കൊപ്പം ചെമ്പരത്തി ചായയും, നീലചായയും ഇവിടെ ലഭ്യമാണ്.
രാവിലെ കുറച്ച് നേരം ഭര്‍ത്താവിന്റെ സഹായം സജിതക്കുണ്ടാക്കും. സുഖമില്ലാത്ത കുട്ടിയെ മുത്തച്ചനെ ഏല്‍പ്പിച്ചാണ് ഇവിടെ കച്ചവടത്തിനെത്തുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ സ്വന്തമായി കച്ചവടം ചെയ്ത് ജീവിതോപാധി കണ്ടെത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് ഇന്ന് സജിത എന്ന വീട്ടമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: