പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല പരീക്ഷ ജനുവരി 30 ന് നടത്തും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലാണ് (എസ്സിഇആര്ടി) പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷാ ഫീസ് 250 രൂപ എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 100 രൂപ മതി. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.scert.kerala.gov.in ല്‍ ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ പരീക്ഷയെഴുതാം. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പാലിച്ച് താല്പര്യമുള്ളവര്ക്ക് നവംബര്‍ 22 വൈകിട്ട് 5 മണിക്കകം ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീസ് നവംബര്‍ 20 നകം അടയ്ക്കണം.
പരീക്ഷാര്‍ത്ഥികള്‍ 2021-22 അദ്ധ്യയന വര്‍ഷം കേരളത്തിലെ ഗവണ്മെന്റ്/എയിഡഡ് അംഗീകൃത സ്കൂളുകളിലോ കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലോ സൈനിക സ്കൂളിലോ റസിഡന്‍ഷ്യല്‍ സ്കൂളുകളിലോ പത്താം ക്ലാസ്സില്‍ പഠിക്കുന്നവരാകണം. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് (പ്രായം 18 വയസ് താഴെയാകണം)ആദ്യമായി 10-ാം ക്ലാസ് പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഒന്‍പതാം ക്ലാസ് പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55 ശതമാനം (എസ്സിഎസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 50% മതി) മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
ഒന്നാംഘട്ട സംസ്ഥാന തല എന്‍ടിഎസ് പരീക്ഷയില്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റ് (മാറ്റ്), സ്കോളസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റ് (സാറ്റ്) എന്നിവയിലായി മള്‍ട്ടിപ്പില്‍ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങള്‍ വീതമുണ്ടാകും. രണ്ട് മണിക്കൂര്‍ വീതം സമയം അനുവദിക്കും. ജനുവരി 30 ന് രാവിലെ 10 മുതല്‍ 12 മണിവരെ മാറ്റും ഉച്ചയ്ക്കുശേഷം 1.30 മുതല്‍ 3.30 മണി വരെ സാറ്റും നടത്തും. ഭിന്നശേഷിക്കാര്‍ക്ക്, അരമണിക്കൂര്‍ സമയം അധികമായി നല്‍കുന്നതാണ്. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഒബിസി/ഒഇസി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഓരോ പേപ്പറിനും 40% മാര്‍ക്ക് കരസ്ഥമാക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 32% മാര്‍ക്ക് വീതം മതിയാകും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിങ് രീതിയില്ല. പരീക്ഷാ കേന്ദ്രങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ടാവും.
മെന്റല്‍ എബിലിറ്റി ടെസ്റ്റില്‍ വെര്‍ബല്‍, നോണ്‍ വെര്‍ബല്‍, റീസണിങ്, ക്രിട്ടിക്കല്‍ തിങ്കിങ്, അനോളജി, ക്ലാസിഫിക്കേഷന്‍, ന്യൂമെറിക്കല്‍ സീരിസ് മുതലായവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. സ്കോളസ്റ്റിക് ആപ്ടിറ്റിയൂഡ് ടെസ്റ്റില്‍ സോഷ്യല്‍ സയന്‍സ്, സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ നിന്നാവും ചോദ്യങ്ങള്‍.
ഒന്നാംഘട്ടം സംസ്ഥാനതല പരീക്ഷയില്‍ യോഗ്യത നേടുന്നവരെ എന്‍സിഇആര്‍ടി നടത്തുന്ന രണ്ടാംഘട്ടം ദേശീയതല പരീക്ഷയ്ക്ക് ക്ഷണിക്കും. ഈ രണ്ടാംഘട്ട പരീക്ഷകളിലും തിളങ്ങുന്നവരെയാണ് സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുക. നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍ടിഎസ്) പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് പ്ലസ്വണ്, പ്ലസ്ടു പഠനത്തിന് 1250 രൂപയും അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ്ഗ്രാഡുവേറ്റ് പഠനത്തിന് 2000 രൂപയും പ്രതിമാസം സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. യുജിസി ചട്ടപ്രകാരമായിരിക്കും പിഎച്ച്ഡി പ്രോഗ്രാമില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് 0471-2346113, 7736702691, 8304049606, 9744640038 എന്നീ ഫോണ്‍ നമ്പരുകളിലും [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം. പ്രവൃത്തി സമയങ്ങളില്‍ (10-5 മണിവരെ) മാത്രമേ ഫോണില്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: