പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ കേന്ദ്രങ്ങള്‍ സംശയ ദൃഷ്ടിയിലാണ്. ഇതിനെ തുടര്‍ന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണോ കൊലപാതകം നടത്തിയതെന്ന് പരിശോധിക്കും. ഉക്കടം, കരിമ്പുടക്ക എന്നിവടങ്ങളില്‍ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നില്‍ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. കേസില്‍ മൂന്ന്പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. മൂന്ന്പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ സഞ്ചരിച്ച വഴികളികളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞു. എന്നാല്‍ നമ്പര്‍ മാത്രം ലഭിച്ചില്ല.
സംഭവം നടന്ന മമ്പറത്ത് പ്രതികളെത്തിയത് തിങ്കളാഴ്ച 8.58 ന് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത്അക്രമി സംഘം എത്തിയത് 7 മണിയോടെയെന്നും വ്യക്തമായി. ഒന്നര മണിക്കൂറിലധികം കൊല്ലപ്പെട്ട സഞ്ജിത്തിനെ കാത്ത് പ്രതികളിരുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവമ്പില്‍ 6.35ഓടെ പ്രതികളെത്തിയിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. ദീര്‍ഘ കാലമായി നടത്തിയ ആസൂത്രണമായതിനാല്‍ പ്രതികളിലേക്ക് വേഗത്തിലെത്തുകയെന്നത് എളുപ്പമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സഞ്ജിത്തിന്റെ കൊലപാതകം. മമ്പറത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: