എസ്. ശ്രീനിവാസ് അയ്യര്‍
ഏതു ഗ്രഹത്തിന്റെ ദശയിലാണോ ജനനം, ആ ഗ്രഹത്തെ നക്ഷത്രനാഥനായി വിശേഷിപ്പിക്കുന്നു. അത്തം നാളുകാര്‍ ചന്ദ്രദശയില്‍ ജനിക്കുന്നു. അതിനാല്‍ ചന്ദ്രനാണ് ഇവരുടെ നക്ഷത്രനാഥന് എന്നു പറയാം. ചന്ദ്രന്റെ സ്വാധീനം ഇവരില്‍ പ്രകടമായിരിക്കും. അഭിവൃദ്ധിയും പരിക്ഷയവും നിരന്തരമായിരിക്കുന്ന ജീവിതമാണ് ചന്ദ്രന്റേത്. അവ രണ്ടും അത്തം നാളില്‍ ജനിക്കുന്നവരുടേയും ജീവിതത്തില്‍ കാണാം. വളര്‍ച്ചയും തളര്‍ച്ചയും ഇവരുടെ മനസ്സിനെ, ധനസ്ഥിതിയെ, ആരോഗ്യത്തെ, കര്‍മ്മരംഗത്തെ ഒക്കെ സ്വാധീനിക്കുന്നു. മാത്രമല്ല, ആകെക്കൂടി നോക്കുമ്പോള്‍ വ്യക്തിത്വത്തിന്മേലും തെളിച്ചമുള്ള വിരല്‍പ്പാടുകള്‍ പതിപ്പിക്കുന്നുണ്ട്.
കന്നിക്കൂറില്‍ ഉള്‍പ്പെടുന്ന നക്ഷത്രമാണ് അത്തം. രാശിനാഥന് ബുധന്‍. കന്നിരാശിക്ക് ബുധന്റെ സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നീ സവിശേഷകളുണ്ട്. ഒരു രാശിയുടെ മേല്‍ ഇപ്രകാരം മൂന്നുതരം അവകാശം മറ്റു ഗ്രഹങ്ങള്‍ക്കൊന്നും ഇല്ല. അതിനാല്‍ കന്നിരാശിയുടെ മുകളില്‍ ബുധന്റെ മുറുകെപ്പിടുത്തം വ്യക്തമാണ്. ബുധന്റെ ഉച്ചാവസ്ഥയുടെ തീവ്രത (ഇതിനെ അത്യുച്ചം, പരമോച്ചം എന്നിങ്ങനെ വിളിക്കുന്നു) കന്നിരാശിയുടെ പതിനഞ്ച് ഡിഗ്രിയില്‍ സംഭവിക്കുന്നു. അതാകട്ടെ അത്തം നക്ഷത്രത്തിലാണ്. കുറച്ചുകൂടി കൃത്യമായിപ്പറയുകയാണെങ്കില്‍ അത്തം രണ്ടാം പാദത്തിലാണ് അത് സംഭവിക്കുന്നത്. ചന്ദ്രന്റെ മൂന്നു നക്ഷത്രങ്ങളില്‍, ഇടവക്കൂറില്‍ വരികയാല്‍ രോഹിണി നാളിന്മേല്‍ ശുക്രനും, മകരക്കൂറില്‍ വരികയാല്‍ തിരുവോണം നാളിന്മേല്‍ ശനിക്കും, കന്നിക്കൂറില്‍ വരികയാല്‍ അത്തം നാളിന്മേല്‍ ബുധനും സ്വാധീനം ഉണ്ടാവുന്നു. ഇവയില്‍ ഏറ്റവും ശക്തം അത്തം നാളിന്മേല്‍ ബുധനുള്ള പ്രഭാവം തന്നെയാണ്. ചന്ദ്രന്റെ പ്രകൃതിയില്‍ നിന്നും ബുധന്റെ പ്രകൃതിയിലേക്കുള്ള പരിണാമം അത്തം നാളുകാരുടെ ജീവിതത്തെ ഉയര്‍ത്തുകയും വളര്‍ത്തുകയും ചെയ്തു. അര്ത്ഥശങ്കയില്ലാതെതന്നെ അത്തം നാളുകാരെ ‘ ബുധമനുഷ്യര്’ എന്ന് വിളിക്കാനാവും.
ബുധന്റെ ധൈഷണികത ഇവരിലുണ്ട്. ബുധന്‍ സമം ബുദ്ധി എന്ന് പറയാറുണ്ടല്ലോ. ബുധന്‍ ഏകതാനതയില്ല. കലര്‍പ്പുകള്‍ ഉണ്ടുതാനും. പലകാലത്ത് പലതരം വിഷയങ്ങളോടാവും ഇവര്‍ക്ക് ആഭിമുഖ്യം. ഒരുദാഹരണം മാത്രം ചൂണ്ടിക്കാട്ടാം. ഭോജനരസങ്ങളില് ഉപ്പ് ചന്ദ്രന്റെയും , പുളി ശുക്രന്റെയും, മധുരം വ്യാഴത്തിന്റെയും, എരിവ് സൂര്യന്റെയും രസശീലങ്ങള്. ബുധന്റെ സ്വാദ് മിശ്രരസങ്ങളോടാണ്. തന്മൂലം ‘പലരും പലതും ‘ എന്നതാകുന്നു ബുധന്റെ കാഴ്ചപ്പാട്. നവഗ്രഹപൂജ നടത്തുമ്പോള്‍ ബുധന്‍ വരയ്ക്കുന്ന പത്മം അമ്പിന്റെ ആകൃതിയിലാണ്. വേണമെങ്കില്‍ അത്തം നാളുകാര്‍ക്ക് ലക്ഷ്യവേധിയാവാനും തീക്ഷ്ണത പുലര്‍ത്തുവാനും കഴിയുമെന്നതിന്റെ കൃത്യമായ സൂചനയാണത്.
കരുതിയത് പോലൊന്നുമല്ല പറഞ്ഞത്. ഇനിയുമിനിയും പറയാന്‍ ഏറെയുണ്ട്; സംവദിക്കാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: