തിരുവനന്തപുരം: കേരളം ഇന്നു നില്ക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്സ് അവാര്‍ഡ്്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീര്‍ത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോള്‍ നില്ക്കുന്നിടത്തുനിന്ന് അല്പ്പെമെങ്കിലും പിന്നോട്ടു പോയാല്‍ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു പിന്നില്‍. ഇതു തിരിച്ചറിയണം. കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്.
സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാല്‍ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാന്‍ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സര്‍ക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയില്‍ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല രീതിയില്‍ സാര്‍വത്രിക വിദ്യാഭ്യാസം നല്കാന് കഴിഞ്ഞതും നവോത്ഥാന മുന്നേറ്റവും നടന്നെത്താവുന്ന ദൂരത്ത് വിദ്യാലയങ്ങളുള്ളതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പ്പോലും കുട്ടികള്‍ക്കു പ്രവേശനം ലഭിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചതുമെല്ലാമാണ് വിദ്യാഭ്യാസ രംഗത്ത് ഇന്നു കേരളം രാജ്യത്തുതന്നെ മുന്‍പന്തിയിലെത്തി നില്‍ക്കാനുള്ള പ്രധാന ഘടകങ്ങള്‍. ഏതു പാവപ്പെട്ട കുടുംബത്തിലേയും കുട്ടിക്ക് ആഗ്രഹിക്കുന്നിടംവരെ പഠിച്ച് ഉയരാനുള്ള സാഹചര്യം കേരളത്തിലുണ്ട്.
വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയില്‍ കാലത്തിനൊപ്പമുള്ള മാറ്റമുണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തി പണമുണ്ടാക്കാമെന്ന ചിന്താഗതി വളര്‍ന്നുവന്നു. ഇതു പൊതുവിദ്യാഭ്യാസ രംഗത്തിനു വലിയ ഉലച്ചിലേല്‍പ്പിച്ചു. ഈ തകര്‍ച്ച എങ്ങനെ പരിഹരിക്കാമെന്നു കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു തുടക്കം കുറിച്ചത്. അതിന്റെ ഫലമായി അഭിമാനിക്കാനാകുംവിധം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകണം.
ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് അതിന്റെ യശസ് വര്‍ധിക്കുമ്പോഴാണ്. നല്ല രീതിയില്‍ സമൂഹം അംഗീകരിക്കുന്ന ഫാക്കല്ടി വേണം, മികച്ച പശ്ചാത്തല സൗകര്യമുണ്ടാകണം. ലൈബ്രറി, ലാബ്, ഹോസ്റ്റലുകള്‍, മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: