Categories: India

എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ ഹൈവേയിലെ എയര്‍സ്ട്രിപ്പില്‍ പറന്നിറങ്ങി പ്രധാനമന്ത്രി; പൂര്‍വാഞ്ചല്‍ എക്‌സപ്രസ്‌വേ നാടിനു സമര്‍പ്പിച്ചു

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ ലഖ്‌നൗ ജില്ലയ്‌ലെ ചൗദ്‌സാരായി ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച് ഉത്തര്‍പ്രദേശ്-ബീഹാര്‍ അതിര്‍ത്തിയില്‍ നിന്ന് 18 കിലോമീറ്റര്‍ കിഴക്കായി എന്‍എച്ച് 31 ല്‍ ഹൈദാരിയ ഗ്രാമത്തില്‍ അവസാനിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന തരത്തില്‍ 3.2 കിലോമീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പാണ് എക്‌സ്പ്രസ് വേയുടെ പ്രധാന സവിശേഷത.

Published by

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ ജില്ലയിലെ 341 കിലോമീറ്റര്‍ നീളമുള്ള പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇറക്കാനാകുന്ന എക്‌സ്പ്രസ് വേയിലെ ഹൈവേയിലെ എയര്‍സ്ട്രിപ്പില്‍ എയര്‍ഫോഴ്‌സിന്റെ സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ പറന്നിറങ്ങിയ ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.  എയര്‍സ്ട്രിപ്പില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാഭ്യാസത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആഥിത്യനാഥ്, ഗവര്‍ണ്ണര്‍ ആനന്ദി ബന്‍ പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഇത് സംസ്ഥാനത്തിന്റെ വികസനത്തിന്റെ പ്രതീകമാണെന്നും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മുന്നു നാല് വര്‍ഷം മുമ്പ് ഒരു തുണ്ട് ഭൂമിയായിരുന്നിടത്താണ് ഇപ്പോള്‍ ഇത്തരമൊരു ആധുനിക അതിവേഗ പാത വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ കഴിവുകളെക്കുറിച്ച് സംശയമുള്ളവര്‍ ഈ പാത വന്ന് കാണേണ്ടതാണെന്ന് അദേഹം പറഞ്ഞു.

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ ലഖ്‌നൗ ജില്ലയ്‌ലെ ചൗദ്‌സാരായി ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച് ഉത്തര്‍പ്രദേശ്-ബീഹാര്‍ അതിര്‍ത്തിയില്‍ നിന്ന് 18 കിലോമീറ്റര്‍ കിഴക്കായി എന്‍എച്ച് 31 ല്‍ ഹൈദാരിയ ഗ്രാമത്തില്‍ അവസാനിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന തരത്തില്‍ 3.2 കിലോമീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പാണ് എക്‌സ്പ്രസ് വേയുടെ പ്രധാന സവിശേഷത.  മിറാഷ് 2000 എച്ച് പോലുള്ള യുദ്ധ വിമാനങ്ങളുടെയും സി 130 ജെ ഹെര്‍ക്കുലീസ് പോലുള്ള സൈനിക ഗതാഗത വിമാനങ്ങളുടെയും ഭാരം ഈ എക്‌സപ്രസ് വേയിലെ എയര്‍ സ്ട്രിപ്പിന് താങ്ങാനാകും.  

നിലവില്‍ ആറു വരി പാതയായ എക്‌സ്പ്രസ് വേ ഭാവിയില്‍ 8 വരി പാതയായി വികസിപ്പിക്കും. ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ ഭാഗത്തെ പ്രത്യേകിച്ച് ലഖ്‌നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍, അസംഗഡ്, മൗ, ഗാസിപൂര്‍ എന്നീ ജില്ലകളുടെ സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുന്നതാണ് ഈ എക്‌സ്പ്രസ് വേ. ഏകദേശം 22,500 കോടി രൂപയാണ് ഇതിന്റെ ചിലവ്.  കോവിഡിന്റെ സാഹചര്യത്തിലും മൂന്നു വര്‍ഷം കൊണ്ടാണ് ഈ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കിഴക്കന്‍ യുപിയുടെ വികസനത്തിന്റെ ജീവനാഡിയായി ഇത് മാറും. പൂര്‍വാഞ്ചലിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങില്‍ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക