കുണ്ടറ: മുന്‍കൂട്ടി അറിയിക്കാതെ അഭിമുഖം മാറ്റി പെരുമഴയത്ത് അഭിമുഖത്തിന് വന്ന ഉദ്യോഗാര്‍ഥികള്‍ തിരികെപോയി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ താത്ക്കാലിക ക്ലറിക്കല്‍ നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ നടത്താന്‍ വിളിച്ചിരുന്ന അഭിമുഖമാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രസിഡന്റ് അവധിയിലാണന്ന കാരണത്താല്‍ മാറ്റി വച്ചത്. 80 ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് വന്നിട്ട് തിരികെപ്പോയി.
വിഷയത്തില്‍ പ്രസിഡന്റ് അവധിയിലാണെങ്കിലും, വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഇന്റര്‍വ്യു നടത്തണമെന്ന പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തെ അവഗണിച്ച് സിപിഎം നിര്‍ദ്ദേശ പ്രകാരം അഭിമുഖം നടത്താതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും മാറി നിന്നു. താത്ക്കാലിക നിയമനത്തില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്‌ക്കാനുള്ള സിപിഎം തന്ത്രമാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്.
നിലവിലുണ്ടായിരുന്ന ക്ലര്‍ക്ക് പ്രസവാവധിയെടുത്ത് പോയിട്ട് നാലു മാസമായി. അവധി കഴിഞ്ഞ് ജീവനക്കാരി തിരികെയെത്തുമ്പോള്‍ അവര്‍ക്കു മറ്റൊരു സ്ഥലത്ത് നിയമനം നല്‍കി താത്ക്കാലികക്കാരനെ വര്‍ഷങ്ങള്‍ തുടരാനനുവദിക്കുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം നിയമനങ്ങള്‍ കാണിച്ചിട്ടാണ് പാര്‍ട്ടിയില്‍ ആളെക്കൂട്ടുന്നതെന്നും ഇത്തരം പ്രവര്‍ത്തിയിലൂടെ അഭിമുഖത്തിനെത്തിയ 80 പേരില്‍ 78 പേരും കബളിപ്പിക്കപ്പെടുമെന്നും ബിജെപി ഇളമ്പള്ളൂര്‍ പഞ്ചായത്ത് സമിതി ആരോപിച്ചു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ പലപ്പോഴും നേതാക്കളുടെ ഉറ്റ ബന്ധുക്കള്‍ മാത്രമായിരിക്കും, പഞ്ചായത്തിലെ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റായി വര്‍ഷങ്ങളായി ഒരു സഖാവിനെ ഒരു മാനദണ്ഡവുമില്ലാതെ നിയമിച്ചിരിക്കുകയാണ്. ഇത് പലവട്ടം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇളമ്പള്ളൂര്‍ പഞ്ചായത്ത് മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ബിജെപി ഇളമ്പള്ളൂര്‍ പഞ്ചായത്ത് സമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: