ശബരിമല: മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ തുടക്കമായി. വൃശ്ചികം ഒന്നിന് രാവിലെ പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നടതുറന്നു. ശബരിമലയിലേക്ക് തീര്‍ത്ഥാടകരേയും പ്രവേശിപ്പിച്ച് തുടങ്ങി. പതിനായിരത്തില്‍ താഴെ ആളുകള്‍ക്ക് നിയന്ത്രണങ്ങളോട് കൂടിയാണ് ഇന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്‍കുന്നത്.
നിലയ്ക്കലില്‍ നിന്ന് പുലര്‍ച്ചെ തന്നെ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. വെര്‍ച്വല്‍ ക്യൂവിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ പ്രവേശിപ്പികുന്നത്. തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് എത്തിയവരില്‍ കൂടുതലും. എന്നാല്‍ ജില്ലയില്‍ പ്രതികൂല കാലാവസ്ഥയും ജാഗ്രതാ മുന്നറിയിപ്പും നിലനില്‍ക്കുന്നതിനാല്‍ പമ്പാ സ്നാനത്തിന് അനുമതിയില്ല. സന്നിധാനത്തെ സ്ഥിതിഗതികള്‍ മന്ത്രിസഭ ഇന്ന് രാവിലെ യോഗം ചേര്‍ന്ന് വിലയിരുത്തും.
മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനായി തിങ്കളാഴ്ച വൈകീട്ട് 4. 51ഓടെ ശബരിമല നട തുറന്നു. അഞ്ചിന് മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടതുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പടിയിറങ്ങിയെത്തി താഴേതിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരിയെയും കൈപിടിച്ച് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ച് അവരോധ ചടങ്ങുകള്‍ നടത്തി.
ഡിസംബര്‍ 26 വരെയാണ് മണ്ഡലോത്സവം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30-ന് തുറക്കും. 2022 ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ദര്‍ശനത്തിനുള്ള അനുമതിയുണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26-ന് നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 14-ന് വൈകുന്നേരം 6.30-ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
ഒരു ദിവസം 30,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പമ്പയില്‍ സ്നാനം വ്യാഴം വരെ അനുവദിച്ചിട്ടില്ല. വ്യാഴാഴ്ച വരെ സ്പോട്ട് ബുക്കിങ്ങും ഉണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തീരെ കുറച്ച് ഹോട്ടലുകള്‍ മാത്രമാണുള്ളത്. പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ചൊവ്വാഴ്ച മുതല്‍ അന്നദാനം ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: