വിവേകാനന്ദസ്വാമികള്‍ കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ പ്രസിദ്ധമാണല്ലോ. അക്കാലം നിലനിന്നിരുന്ന ജാതിവിവേചനത്തിന്റെയും മതദാസ്യത്തിന്റെയും ഇരകളായി സമൂഹം മാറിപ്പോകുന്നത് കണ്ട് താന്‍ തീര്‍ത്ഥാടകനായി വന്നുചേര്‍ന്നത് ഭ്രാന്താലയത്തിലാണോ എന്ന് തോന്നിപ്പോയിരുന്നു അദ്ദേഹത്തിന്. പില്ക്കാല കേരളം ആചാര്യന്മാരുടെയും നവോത്ഥാനനായകരുടെയും കരുത്തില്‍ അയിത്തത്തിന്റെ ഇരുള്‍മറ കീറിമുറിച്ച് സാമൂഹിക ഏകതയുടെ പ്രകാശത്തെ വീണ്ടെടുത്തു. വിവേകാനന്ദസ്വാമികളുടെ നിര്‍ദേശവും ഡോ: പല്പുവിന്റെ ഇടപെടലും ശ്രീനാരായണഗുരുദേവന്റെ നേതൃത്വവും ചട്ടമ്പിസ്വാമികളും മന്നവും പണ്ഡിറ്റ് കറുപ്പനും അയ്യങ്കാളിയുമൊക്കെയടങ്ങുന്നഅത്മീയ, സാമൂഹിക നേതൃനിരയും കേരളത്തെ തീര്‍ത്ഥാലയത്തിലേക്ക് നയിച്ചു. ജാതി കടന്നശുദ്ധമാക്കിയ ഭാര്‍ഗവക്ഷേത്രത്തില്‍ പുതിയ പ്രഭാതം വിടര്‍ന്നു. കേരളം നവോത്ഥാന നായകരുടെ നാടായി മാറി. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളും കല്ലുമാല വിപ്ലവവും തുടങ്ങി എണ്ണമറ്റ സമുദായപരിഷ്ക്കരണ ശ്രമങ്ങള്‍ കേരളത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് തീര്‍ത്തു. അവശരെ, അജ്ഞരെ, ആര്ത്തരെ തുണ ചെയ്തൊപ്പമുയര്ത്തുന്ന സേവനത്തിന്റെ പവിത്രഗംഗ ഒഴുകിപ്പരന്നു. തുടര്ച്ചകളുടെ പ്രവാഹം. ക്ഷേത്രപ്രവേശന വിളംബരം മുതല്‍ ഹിന്ദുമഹാമണ്ഡലം വരെ സാമാജിക ഏകതയുടെ വിജയകാഹളങ്ങളായി….
മുന്നേറ്റത്തിന്റെ ഈ കാലത്തെക്കുറിച്ചാണ് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ആദ്യകേരളസന്ദര്ശനവേളയില് അനുസ്മരിച്ചത്. അമൃതപുരിയില്‍ മാതാ അമൃതാനന്ദമയീദേവിയുടെ ജന്മദിനസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം കേരളത്തിന്റെ സമന്വയഭാവത്തെ പ്രകീര്‍ത്തിച്ചു. ‘കേരളം സര്വധര്മ്മസമഭാവനയുടെ നാടാണ്. ശ്രീശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും നാട്. യഹൂദര്‍ക്കും കൃസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടവും ആരാധനാലയവും നല്കിയ നാട്”, രാഷ്ട്രപതിയുടെ നിരീക്ഷണം കേരളത്തിന് ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന ആ പഴയ നാളുകളിലെ നന്മയെക്കുറിച്ചുള്ളതാണ്. സമാനതകളില്ലാത്ത സൗഹാര്‍ദ്ദത്തിന്റെ മാതൃകകള്‍ തീര്‍ത്ത കേരളീയ സമാജത്തില്‍ മതപ്രീണനവും സ്വാര്ത്ഥരാഷ്ട്രീയവും വിഭാഗീയചിന്തയുടെ നഞ്ച് കലക്കുന്നതിനും മുമ്പുള്ള നല്ല നാളുകളെക്കുറിച്ച്. നാല് വോട്ടിനും രാഷ്ട്രീയഭരണക്കസേരയ്ക്കും വേണ്ടി കേരളത്തെ കാര്‍ന്നുതിന്ന അതിപുരോഗമനവാദം ഈ നല്ല നാളുകള്‍ക്ക് നല്കിയ ഓമനപ്പേര് പിന്തിരിപ്പന് എന്നതായിരുന്നു.
സാമൂഹിക ജീവിത സമന്വയത്തിന് മേല്‍ രാഷ്ട്രീയ പൗരോഹിത്യം നടത്തിയ അധിനിവേശത്തിന്റെ കെടുതികളുടെ നടുവിലാണ് ഇന്ന് കേരളം. മണ്ണും മനസ്സും കയ്യേറ്റത്തിന് ഇരയായിത്തീര്‍ന്നിരിക്കുന്നു. കൊലപാതകങ്ങള്‍ നിത്യസംഭവങ്ങളായി. അഭിപ്രായ വ്യത്യാസമുള്ളവരെ ഉന്മൂലനം ചെയ്യുന്നതില്‍ അഭിമാനിക്കുന്ന രാഷ്ട്രീയം നാട് ഭരിക്കുന്നു. സംഘടിത മതമുഷ്ക്കിനെ തോളത്തിരുത്തി താലോലിക്കുന്നു. അവര്‍ക്ക് വേണ്ടി നാടിന്റെ തനിമയെ തീറെഴുതുന്നു. മതംമാറ്റവും ദേശവിരുദ്ധപ്രവര്‍ത്തനവും പുരോഗമനത്തിന്റെയും മതേതരത്വത്തിന്റെയും ആട്ടിന്‍തോലിട്ട് മറയ്ക്കപ്പെടുന്നു. കലാലയങ്ങളില്‍ സദാചാരവിരുദ്ധത വിപ്ലവമായി ആഘോഷിക്കുന്നു. സംസ്ക്കാരം, കുടുംബം തുടങ്ങിയ പരമ്പരാഗത ശീലങ്ങള്‍ അശ്ലീലമാണെന്ന് അധിക്ഷേപിക്കുന്നു. താലി പൊട്ടിച്ചും ആഭാസസമരങ്ങള്‍ നടത്തിയും ആചാരലംഘനം നടത്തിയും അത്തരക്കാര്‍ സമൂഹത്തിന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നു. ഈ മാറ്റം നീണ്ടകാലത്തെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ദേശവിരുദ്ധശക്തികള്‍ സാധ്യമാക്കിത്തീര്ക്കുന്നതെന്ന് കാണാതിരുന്നുകൂടാ.
ഭാരതത്തിന്റെ ഇതരസംസ്ഥാനങ്ങള്‍ ദേശീയസ്വാഭിമാനബിംബങ്ങളില് തങ്ങളുടെ സമൃദ്ധി കണ്ടെത്തിയപ്പോള്‍ കേരളം പക്ഷേ തലകുമ്പിട്ടുനില്ക്കുകയായിരുന്നു. ‘പാരതന്ത്ര്യം വിധികല്പിതമാണ് തായേ’ എന്ന അപകര്‍ഷത നിറഞ്ഞ അധമബോധത്തിന്റെ ഉല്പന്നമായാണ്കേരളത്തിന്റെ മനസ്ഥിതി മാറിയത്. അലസതയും ആത്മനൈരാശ്യവും ബാധിച്ച അത്തരമിടങ്ങളിലേക്ക് പാരമ്പര്യനിരാസത്തിന്റെയും നിഷേധാത്മകതയുടെയും പ്രത്യയശാസ്ത്രങ്ങളുമായി ചെകുത്താന് കുടിയേറി. അവന് അവന്റെ സിദ്ധാന്തത്തിന്റെ പുറത്ത് ‘പുരോഗമനം’ എന്ന മോഹനമായ സംജ്ഞ ഒട്ടിച്ചുചേര്‍ത്തു. പുറത്ത് പുരോഗമനവും അകത്ത് മുഴുവന്‍ നിഷേധാത്മകതയുമായി അത് കേരളീയമനസ്സിനെ കാര്‍ന്നുതിന്നു.
സ്വാമിവിവേകാനന്ദന്റെ ഭാഷയില്‍ ‘അച്ഛന് കഴുതയും മുത്തച്ഛന് കോവര്‍കഴുതയും പൂര്വികന്മാരൊക്കെ പമ്പരവിഡ്ഢികളും’ എന്ന് ഉറപ്പിക്കുന്ന ആധുനികവിദ്യാഭ്യാസം സൃഷ്ടിച്ച മരുഭൂമിയിലാണ് പാരമ്പര്യനിരാസത്തിന്റേതായ ഈ കള്ളിമുള്‍ച്ചെടികള്‍ പടര്‍ന്നുപിടിച്ചത്. ഫലത്തില്‍ കേരളം കേരളത്തെയറിഞ്ഞില്ല. അറിയുകയും പറയുകയും ചെയ്തവരെ നമ്മള് അംഗീകരിച്ചില്ല. പ്രപഞ്ചത്തിലേറ്റവും സുന്ദരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സഹ്യാദ്രിതീരഭൂമി ഇടിച്ചുനിരത്തലിന്റെയും പൊളിച്ചടുക്കലിന്റെയും ക്രൂരമായ മാനഭംഗത്തിന്റെയും ഇരയായി ചവിട്ടിയരയ്ക്കപ്പെട്ടു. എല്ലാ അഭയസ്ഥാനങ്ങളും നഷ്ടപ്പെടുമ്പോള്‍ ഓടിയടുത്ത് കണ്ണീര് വാര്‍ക്കുവാന്‍ മനുഷ്യന് ആശ്രയിക്കുന്ന ക്ഷേത്രസങ്കേതങ്ങള്പോലും ‘പുരോഗമന’ത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയോ അകറ്റിനിര്‍ത്തപ്പെടുകയോ ചെയ്തു. ഇപ്പോള്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്ന് അവിശ്വാസികളുടെ സര്‍ക്കാരും അണികളും വിളിച്ചുകൂവുന്നു.
അത്യന്തം വിനാശകാരിയും മാരകവുമായ പുരോഗമനരോഗാണു ദുര്ബലമാക്കിക്കളഞ്ഞ സമാജശരീരത്തിലേക്കാണ് മതപരിവര്‍ത്തനവും മതതീവ്രവാദവും മതേതരത്വത്തിന്റെ കുപ്പായമണിഞ്ഞ് വിളവെടുപ്പിനിറങ്ങിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയില്ത്തുടങ്ങി ദൈനംദിനജീവിതത്തെ നിയന്ത്രിക്കുന്ന ഭരണപരമായ നടപടികളില്‍വരെ തനിമയെ ചോര്‍ത്തിക്കളയല്‍ എന്ന വിപത്ത് കടന്നുകൂടിയതിന്റെ പരിണതഫലമാണ് കേരളം വേറിട്ട ഒന്നാണെന്ന ‘അഭ്യസ്തവിദ്യരായ ഒരുകൂട്ടം അന്ധവിശ്വാസികളുടെ’ മിഥ്യാഭിമാനത്തിന്റെ കാതല്‍. നിരീശ്വരവാദത്തിന്റെയും നിഷേധാത്മകതയുടെയും കുടപിടിച്ച് ഇരുപതുകളില്‍ സംഘടിത രാഷ്ട്രീയ രൂപത്തില്‍ കടന്നുവന്ന നിരീശ്വരവാദമെന്ന മാരകവൈറസിന്റെ ആക്രമണമായിരുന്നു അതിനുപിന്നില്‍. ഭാരതത്തില്‍ മറ്റെവിടെയും വിശ്വാസവും ദേശാഭിമാനവും ഇഴചേര്‍ത്ത് പാകപ്പെടുത്തിയ ദൃഢതയുള്ള മനസുകള്‍ ഈ രോഗാണുവിനെ ചെറുത്തുതോല്പിക്കുകയും തങ്ങളുടെ മണ്ണില്‍നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. എണ്ണമറ്റ കടന്നാക്രമണങ്ങളെ ജീവന്‍കൊടുത്ത് പരാജയപ്പെടുത്തിയ വീരന്മാരുടെ മണ്ണില്‍ നിഷേധാത്മകതയുടെ ഈ നികൃഷ്ടതയ്ക്ക് വേരൂന്നുവാനായില്ല. ധീരസ്മൃതികളെ താലോലിക്കുന്ന ഒരു ജനത അത്രമേല്‍ ജാഗ്രതയോടെ കാലഘട്ടത്തെ മുന്നില്‍നിന്ന് നയിക്കും എന്നത് ചരിത്രവസ്തുതയാണ്.
കേരളത്തിലും മറ്റേതൊരു സംസ്ഥാനങ്ങളിലേതുംപോലെ വീരബലിദാനത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രമുണ്ടെങ്കിലും അത് അറിയാനും അറിയിക്കാനും അഭിമാനിക്കാനുമുളള അവസരമാണ് അപകടകരമായ അശ്രദ്ധ മൂലം നഷ്ടമായത്. ചരിത്രത്തിന്റെ തമസ്കരണത്തില്‍ കേരളം സ്വന്തം ചോരയെ തിരിച്ചറിയാനാകാത്തവിധം മൗഢ്യത്തിലാണ്ടുപോയി. ഇതൊരു അയിത്തക്കോട്ട മാത്രമായിരുന്നുവെന്നും അതില്‍നിന്നുള്ള മോചനമാര്‍ഗമാണ് കമ്മ്യൂണിസമെന്നും പ്രചരിപ്പിച്ച്, ബ്രിട്ടീഷ് വിദ്യാഭ്യാസം സൃഷ്ടിച്ച ശൂന്യതയെ മുതലെടുത്ത് നടത്തിയ വിളവെടുപ്പിന്റെ ഇരകളാണ് ഇന്ന് കാണുന്ന കേരളം.
അവര്‍ പറഞ്ഞുപ്രചരിപ്പിക്കുംപോലെ പ്രാചീനകേരളം അത്ര ദുര്‍ബലമായിരുന്നില്ല. ഭാരതചരിത്രത്തില്‍ത്തന്നെ തങ്കമഷിയില് എഴുതിച്ചേര്‍ക്കേണ്ട വീരബലിദാനങ്ങളുടെ ധീരോദാത്തസ്മരണകള് ഈ മണ്ണില്‍ മറഞ്ഞുകിടപ്പുണ്ട്. അത് മനസ്സിലാക്കുമ്പോഴേ ഇംഗ്ലീഷ് ചരിത്രകാരന്മാര് കേരളത്തോട് ചെയ്ത ക്രൂരതയുടെ ആഴം തിരിച്ചറിയാനാകൂ. ‘രാജ്യത്തിനുവേണ്ടി പൊരുതിമരിച്ച റാണാപ്രതാപസിംഹനെ ഇന്ത്യയറിയും. എന്നാല്‍ പതിനെട്ടാണ്ടുകാലം ഊണും ഉറക്കവുമില്ലാതെ വനവനാന്തരങ്ങളില്, നാടിന്റെ മാനം കാക്കാന്‍ പൊരുതിനിന്ന ആ പുരുഷസിംഹത്തെപ്പറ്റി, ചോരതിളപ്പിക്കുന്ന ആ പഴശ്ശിരാജവംശത്തെപ്പറ്റി ഏതിന്ത്യക്കാരനറിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ചരിത്രകാരന്മാര് ആ ഏട് ഭയപ്പെട്ട് വിട്ടുകളഞ്ഞിരിക്കുന്നു. കേരളചരിത്രകാരന്റെ മരവിച്ച തൂലികയ്ക്ക് ആ ചരിത്രം ഉച്ചരിക്കാനുള്ള കെല്പില്ലാതെ പോയി. വിവേകാനന്ദനെ ലോകമറിയും, ശ്രീചട്ടമ്പിസ്വാമി തിരുവടികളെ ആരറിയും?’ (പാവനസ്മരണ) എന്ന മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ, അകംപൊള്ളിക്കുന്ന ചോദ്യത്തോട് ചേര്‍ത്തുവെക്കാന്‍ പിന്നെയും ചോദ്യങ്ങള്‍ നിരവധിയാണ്. തലക്കുളത്ത് വലിയവീട്ടില്‍ വേലായുധന്തമ്പിയെന്ന വേലുത്തമ്പിയെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങള്‍ രണ്ടുവരിയില്‍ കവാത്തുമറന്നു. വിദേശാക്രമകാരികളായ മുഗളന്മാരുടെ ഭരണപരിഷ്കാരങ്ങള്‍ പാടാന്‍ ഏടുകള്‍ ഏറെ നീക്കിവെച്ചവര്‍ ‘കുണ്ടറവിളംബരം നടത്തിയതാര്?, വേലുത്തമ്പി നടത്തിയ വിളംബരമേത്?’ എന്ന ഒരുമാര്‍ക്കിന്റെ രണ്ടുചോദ്യങ്ങളില്‍ അദ്ദേഹത്തെ ഒതുക്കിക്കളഞ്ഞു. സ്വധര്മ്മരക്ഷയ്ക്കായുള്ള ആഹ്വാനമായിരുന്ന കുണ്ടറവിളംബരം പോലും നമ്മുടെ പാഠഭാഗമായില്ല.
ഗുരുവായ സമര്ത്ഥരാമദാസനുമുന്നില് രാജ്യം സമര്‍പ്പിച്ച വീരശിവാജിയുടെ കഥകള്‍ മറാത്താവീര്യത്തിന്റെ ചിരകാല പ്രേരണയാണ്. ഒരു വൈദേശികശക്തിയെ സമ്പൂര്‍ണമായി അടിയറവ് പറയിച്ച മഹത്വമുണ്ട് മാര്‍ത്താണ്ഡവര്‍മ്മയുടെ യുദ്ധവീര്യത്തിന്. ഡച്ചുപടയെ മുച്ചൂടും മുടിച്ച അദ്ദേഹം സാക്ഷാല്‍ ശ്രീപത്മനാഭന് രാജ്യം സമര്‍പ്പിക്കുകയും പത്മനാഭദാസനായി പില്ക്കാലം ഭരിക്കുകയും ചെയ്തു. വീരശിവാജിയെ ഭാരതമറിയും, മാര്‍ത്താണ്ഡവര്‍മ്മയെ ആരറിയും എന്ന ചോദ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
നെടുങ്കോട്ട കെട്ടി ടിപ്പുസുല്‍ത്താനെ തടഞ്ഞ രാജാകേശവദാസന്‍, ഇരവിക്കുട്ടിപ്പിള്ള വലിയപടത്തലവന്‍, തലയ്ക്കല്‍ ചന്തു, ശക്തന്തമ്പുരാന് ….. നാട്ടുരാജാക്കന്മാരോ പോരാളികളോ മാത്രമായിരുന്നില്ല അവരൊന്നും. അവരുടെയെല്ലാം പോരാട്ടത്തിന്റെ അന്തര്‍ധാരയായി ഇതിഹാസസമൃദ്ധമായ ഈ രാഷ്ട്രത്തിന്റെ ധര്മ്മബോധമുണ്ടായിരുന്നു. രാജ്യത്തിനായുള്ള സമരം ഇവര്‍ക്കെല്ലാം സ്വധര്മ്മസംരക്ഷണവുമായിരുന്നു. നാടും നാട്ടുകാരും ഈ സ്വധര്‍മ്മത്തെക്കുറിച്ച് ബോധവാന്മാരാകാതിരിക്കാന് രാജ്യത്തിന്റെ മഹത്വമാര്‍ന്ന ഏടുകള്‍ മെക്കാളെ തമസ്കരിക്കുകയോ ഇകഴ്ത്തിക്കാട്ടുകയോ ചെയ്തു. സ്വന്തം പാരമ്പര്യത്തില്‍ അഭിമാനിക്കാത്ത ഒരു ജനതയ്ക്ക് നിവര്‍ന്നുനിന്ന് പൊരുതുവാന്‍ ത്രാണിയില്ലാതാവും എന്ന ഭരണകൂടകുബുദ്ധി. മെക്കാളെയുടെ യന്ത്രവിദ്യയില്കൂടി നോക്കുമ്പോള്‍,’ഇന്ത്യ മരുഭൂമിയായി, ഹിമാലയം വെള്ളാരങ്കല്ലായി, ഗംഗാനദി അഴുക്ക് ചാലായി, സിംഹം കാട്ടെലിയായി കാണപ്പെട്ടു. വേദത്തിന്റെയും ഉപനിഷത്തിന്റെയും രത്നഖനികള്‍ മറയ്ക്കപ്പെട്ടു. വ്യാകരണശാസ്ത്രത്തിലെ വിശ്വോത്തരഗ്രന്ഥം- പാതഞ്ജല മഹാഭാഷ്യം, യോഗസൂത്രം, സാംഖ്യശാസ്ത്രം, അര്‍ത്ഥശാസ്ത്രം, ദര്‍ശനങ്ങള്‍- എല്ലാം അപരിചിതങ്ങളായി. ഹോമറെപ്പറ്റി പഠിച്ചു. വാല്മീകിയെയും വ്യാസനെയും ഉപേക്ഷിച്ചു. ഷേക്സ്പീയറെത്ര നേരം ചായകഴിച്ചു എന്നുവരെ പറഞ്ഞു, ശാകുന്തളകര്ത്താവിനെപ്പറ്റി ഒന്നുമറിയാതിരിക്കാന്‍ മാത്രം പഠിപ്പിച്ചു.'(പി. കുഞ്ഞിരാമന് നായര്‍ – യന്ത്രവിദ്യ).
നമുക്ക് അഭിമാനിക്കാന്‍ ഒരു സംസ്കാരവും ചരിത്രവും സ്വന്തമായില്ലെന്ന് വാദിച്ചായിരുന്നു തുടക്കം. കയ്യേറ്റക്കാരുടേതാണ് നാടെന്നും ഈ നാട്ടുകാരെന്ന് പറയാവുന്ന ഒരു സമൂഹം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലെന്നും അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ആര്‍ക്കും വന്നുകയറിപ്പോകാവുന്ന മേച്ചില്പറമ്പാണ് ഇതെന്ന മട്ടിലായിരുന്നു പ്രചാരണം. നാട് സ്വതന്ത്രമായപ്പോള്‍ കഷ്ണം കഷ്ണമാക്കി പതിനാറ് രാജ്യമാക്കണമെന്ന വികലവാദങ്ങള്‍ ഉയര്‍ന്നത് ഇതിനെ പിന്‍പറ്റിയായിരുന്നു. എന്നാല്‍ സാംസ്കാരികദേശീയതയുടെ സനാതനത്വം അത്തരം പ്രചാരണങ്ങള്‍ക്ക് അടിപ്പെടാത്ത വികാരമായി വളര്‍ന്നതോടെ അവര്‍ അടവുമാറ്റി. ഈ സംസ്കാരത്തിന്റെ അവകാശികളാകാന്‍ പുതിയ കുതന്ത്രങ്ങള്‍. സാഹിത്യവും മാധ്യമങ്ങളും ആ പുത്തന്പ്രചാരവേലയ്ക്ക് ഉപകരണങ്ങളായി. ഗവേഷണപഠനങ്ങള്‍ എന്ന പേരില്‍ അത്തരം കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെട്ടു.
ഇതിഹാസപുരാണാദികള്‍ സാമൂഹ്യജീവിതത്തിന്റെ ആധാരശിലയായി മാറിയ ഒരു രാഷ്ട്രത്തിന്റെ ഭാഗമാണ് കേരളവും. ഭാരതത്തെ നശിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ നമ്മുടെ വിശാലമായ ഗ്രന്ഥശേഖരത്തെ അഗ്നിക്കിരയാക്കിയ ചരിത്രമുണ്ട്. ഭാഷയും സാഹിത്യവും കലകളും നാടിന്റെ പാരമ്പര്യത്തെ ഓര്മ്മിപ്പിക്കുമെന്നതുകൊണ്ട് അത്തരം ഓര്‍മ്മകളെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ ആ കൃത്യം നിര്‍വഹിക്കുന്നത് സംഘടിതമതശക്തികളും അവരുടെ കാര്യക്കാരായ കുത്തകമാധ്യമങ്ങളുമാണ്. അത്തരത്തിലൊരു ഗൂഢനീക്കമുണ്ട് ഭാഷയെ സംബന്ധിച്ച് അതിലൊരു മാധ്യമം ഉയര്‍ത്തിക്കൊണ്ടുവന്ന കണ്ടെത്തലുകളില്‍.
‘കോട്ടയത്തെ സിഎംഎസ് പ്രസും ഗുണ്ടര്‍ട്ട് സായ്പും കൂടി സൃഷ്ടിച്ചതാണ് മലയാളമെന്ന് കഴിഞ്ഞ തലമുറയില്‍ത്തന്നെ ഡോ.കെ.എം. ജോര്‍ജ് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതിനൊക്കെമുമ്പ് പത്താംനൂറ്റാണ്ടില്‍ കുലശേഖരവര്‍മ്മന്റെ കാലത്ത് കൂടിയാട്ടത്തില്‍ വിദൂഷകന് പറയുന്ന ശുദ്ധമലയാളം മുതല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തലക്കുളത്ത് വേലുത്തമ്പി കുണ്ടറവിളംബരത്തിലൂടെ അവതരിപ്പിച്ച അതിപ്രൗഢവും അത്യുജ്ജ്വലവുമായ മലയാളം വരെ തൊള്ളായിരം കൊല്ലത്തെ പാരമ്പര്യത്തെ ഒറ്റയടിക്ക് വെട്ടിനിരത്തിയാണ്, 1895ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വിളയിച്ച റബര്‍ തന്നെയാണ് മലയാള ഭാഷ എന്ന് സിദ്ധവല്ക്കരിച്ചത്. അത് അതുപോലെ വിഴുങ്ങിക്കൊണ്ടുനടക്കുന്ന യുജിസി പ്രൊഫസര്‍മാരാണ് നമുക്കുള്ളത്. ചങ്ങല കാറ്റത്ത് പൊട്ടിപ്പോയാല്‍ അത് സ്വന്തം കൈകൊണ്ട് കുറ്റിയില്‍ ബന്ധിച്ച് സ്വയം അനുഭവിക്കുന്ന അടിമത്തത്തിന്റെ സുഖം അവര്‍ക്കേ അറിയൂ.’ (പി. നാരായണക്കുറുപ്പ് – സാംസ്കാരികദേശീയത, അത് നമുക്ക് മാത്രം അരുത്).
ഒരു തീര്‍ത്ഥാടനത്തിന്റെ പവിത്രഭാവത്തോടെയേ ഈ നാടിന്റെ ചരിത്രമറിയുന്നവര്‍ക്ക് അതിനെ സമീപിക്കാനാവൂ എന്നതാണ് വസ്തുത. എന്നാല്‍ എന്തും വിപണനമായിത്തീര്ന്ന ഇവിടെ തീര്‍ത്ഥാടനവും വിറ്റഴിക്കാനുള്ള ചരക്കായി മാറ്റപ്പെട്ടിരിക്കുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് ഭക്തരെയല്ല, വിനോദസഞ്ചാരികളെയാണ് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. വഴിവാണിഭവും സര്ക്കസുമടക്കമുള്ള വിപണനതന്ത്രങ്ങള്‍ അതിനായി പയറ്റുമ്പോള്‍ ശബരിമല അവര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രമാവാതിരിക്കുന്നതെങ്ങനെ?
മണ്ണും മനസ്സും നഷ്ടപ്പെട്ട ഒരു സമൂഹം സ്വന്തം തലമുറകളെ കാത്തുസൂക്ഷിക്കാന്‍ പോലും ഈ മതേതര, പുരോഗമന ഭീകരവാദികള്‍ക്കുമുന്നില്‍ ന്യായവാദത്തിന്റെ പുസ്തകം തെരയേണ്ടിവരുന്ന ദുസ്സഹമായ സാഹചര്യമുണ്ടാകുന്നത്.
സസ്യശ്യാമളകോമളധരണിയെന്ന വാഴ്ത്തുപാട്ടുകള്‍ ഏട്ടിലെ പശുവായി അതിവേഗം മാറുകയാണ്. കണ്മുന്നില് പലതും നമുക്ക് കൈവിട്ടുപോകുന്നു. ഓര്‍മ്മകളിലേക്ക് ചേക്കേറുകയാണ് ഓമനിച്ചവയെല്ലാം. കണ്ണെത്താദൂരത്ത് പച്ചപുതച്ചുനിന്ന നെല്‍പ്പാടങ്ങള്‍, അമൃതകലശങ്ങള്‍ ആകാശക്കൊമ്പത്ത് തൂക്കിയിട്ട് നമ്മെ മോഹിപ്പിച്ച കല്പവൃക്ഷങ്ങള്, തെളിനീര്ച്ചോലകള്, പ്രപഞ്ചനാഥന് നീരാട്ടിനെത്തിയിരുന്ന ആറാട്ടുകടവുകള്‍, അക്കരെയിക്കരെ സ്വപ്നങ്ങള്‍ സവാരി നടത്തിയ കടത്തുതോണികള്‍, ദൈവംതമ്പുരാനോട് നേര്‍ക്കുനേര്‍ നേരമ്പോക്ക് പറഞ്ഞിരുന്ന ആല്‍ത്തറകള്‍, ചെറുബാല്യങ്ങള്‍ തിമിര്ത്തുകുളിച്ച കുളക്കടവുകള്‍, ഓണസദ്യ വിളമ്പാന്‍ കാത്തുവെച്ച തൂശനിലകള്‍, പൂക്കളം നിറയാന്‍ പൂത്തിരുന്ന കാശിത്തുമ്പകള്‍…. എല്ലാം നഷ്ടമായിട്ടും മലയാളി പുത്തന്‍പണക്കാരന്റെ പട്ടുകുപ്പായത്തില്‍ പത്രാസ് നടിക്കുകയാണ്. മണ്ണില്‍നിന്ന് പിഴുതെറിഞ്ഞവ മാളില്‍ നിന്ന് വാങ്ങാം എന്ന അഹങ്കാരം.
മഴക്കാലമെത്തിയാല്‍ മാത്രമൊഴുകുന്ന നിളയുടെ വര്‍ത്തമാനം നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? വേനലിന്റെ വറചട്ടിയില്‍ കാലാകാലങ്ങളില്‍ ഉരുകിത്തീര്ന്നിട്ടും വീണ്ടുവിചാരത്തിന്റെ എന്തെങ്കിലും കണികകള്‍ നമ്മില്‍ ബാക്കിയുണ്ടോ? ഇല്ല ഇല്ല ഇല്ല എന്ന് അടിവരയിട്ട് ആവര്‍ത്തിക്കാന്‍ ഇടുക്കിയിലെയും കുട്ടനാട്ടിലെയും ഗ്രാമങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കപ്പടുന്ന കയ്യേറ്റഭീഷണികള് ഓര്‍ത്താല്‍ മതി.
കൊച്ചുകേരളം എന്ന് ചിലര്‍ വാത്സല്യത്തോടെയും ചിലര്‍ പരിഹാസത്തോടെയും മറ്റ് ചിലര്‍ സഹതാപത്തോടെയും വിശേഷിപ്പിക്കുന്ന നമ്മുടെ നാടിന് പക്ഷേ, ‘നിര്‍ഭയ സ്വാര്‍ത്ഥഭരണം മദിക്കുന്നിടം’ എന്ന വിശേഷണമാണ് ആറരപ്പതിറ്റാണ്ടുമുമ്പുതന്നെ മഹാകവി പി. കുഞ്ഞിരാമന് നായര്‍ നല്‍കിയത്. സസ്യശ്യാമളയാണ് ഈ നാടെന്ന് വാഴ്ത്തിയവരാണ് കവികള്‍. കേരളത്തിനാകെ ഒരു പച്ചപ്പുണ്ടായിരുന്നു. അഗസ്ത്യാര്‍കൂടത്തില്‍ കള്ളിമുള്‍ച്ചെടി കിളിര്‍ക്കുന്ന പുതിയകാലത്തിനും മുമ്പ്, കേരളത്തെ ടൂറിസ്റ്റുകള്‍ക്കുമുമ്പില്‍ വിവസ്ത്രയാക്കി പ്രദര്‍ശിപ്പിച്ച കോമാളിത്തഭരണം നടമാടും മുമ്പ്. അന്ന് ഈ മണ്ണിന്റെ നെഞ്ചത്ത് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് എഴുതിച്ചേര്‍ത്ത പരസ്യപ്പലക ഉണ്ടായിരുന്നില്ല. ഉടയതമ്പുരാന് കുളിച്ചീറനുടുത്ത് അമ്പലംചുറ്റി തൊഴുത് മടങ്ങിയിരുന്ന മണ്ണാണിത്. കാവുകളും കുളങ്ങളും നദികളും മലകളും മരനിരകളും സമൃദ്ധമായ പാടങ്ങളും ആരും നട്ടുനനച്ച് വളര്‍ത്താതെ സ്വയം തളിര്ത്തുപൂവിടും വള്ളികളും പൂമ്പാറ്റകളുന്മാദിക്കും ഉദ്യാനങ്ങളും….. ഈ നല്ല രാജ്യത്തെ നിശ്ശബ്ദമാക്കുവാനുള്ള ആസൂത്രണങ്ങളുടെ ഭാഗമായിരുന്നു പരിസ്ഥിതി വിനാശത്തിന്റെ പദ്ധതികള്‍.
മനുഷ്യനുവേണ്ടി ഭരിക്കാന്‍ നിയുക്തരായവര്‍ അവനുവേണ്ടി തയ്യാറാക്കിയ പദ്ധതികള്‍. മണ്ണിനെ മാനഭംഗംചെയ്ത്, പുഴകളില്‍ വിഷം കലര്‍ത്തി, ശുദ്ധവായുവിനെ പിടിച്ചുകെട്ടി, പ്രപഞ്ചത്തിന്റെ പ്രാണന് ഇല്ലാതാക്കുന്ന മഹിഷാസുരഭരണത്തിന്റെ പിന്മുറക്കാരാണ് മനുഷ്യസ്നേഹത്തിന്റെ പേരില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പവിത്രനദികളുടെ ഉറവിടത്തിനുമുകളിലാണ് ചില സംഘടിതശക്തികള്‍ ജാലിയന്‍ വാലാബാഗ് ഭീഷണി മുഴക്കിയത് അത്ര പഴയ കാലത്തല്ല. പവിത്രപമ്പയും ആറന്മുളയും ശബരിമലയും നശിച്ചാല്‍ ആര്‍ക്ക് നഷ്ടമെന്ന തിരിച്ചറിവുണ്ടാവുമ്പോഴേ പ്രകൃതിയും പൈതൃകവും രണ്ടല്ലെന്ന ബോധ്യമുണ്ടാവുകയുള്ളൂ. സഹ്യാദ്രി പകര്‍ന്ന കുടിവെള്ളവും കുളിര്‍കാറ്റും സനാതനസംസ്കൃതിയുടെ പ്രവാഹങ്ങളും പോറ്റി വളര്‍ത്തിയ ഒരു വലിയ ജീവിതം ഈ നാടിനുണ്ട്. അവര്‍ക്കുള്ളതാണ് പശ്ചിമഘട്ടമലനിരകളെന്നും ഇവിടുത്തെ കാവും കുളങ്ങളും നദികളും കായലുമെന്നും പറയാനുള്ള ആര്‍ജവം കേരളത്തിനുണ്ടാകണം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ മനുഷ്യജീവിതം ഇത്രമേല്‍ നിരാധാരമായിത്തീര്ന്ന ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. മനുഷ്യന്റേതെന്നല്ല, സകലപ്രപഞ്ചത്തിന്റെയും അടിക്കല്ല് തോണ്ടുകയാണ് സ്വാര്‍ത്ഥം മതികെട്ട് വാഴ്ച നടത്തുന്ന പുതിയകാലം. ആദിജനതയുടെ അതിജീവനശേഷി വിശ്വാസങ്ങള്‍ക്കും സങ്കല്പങ്ങള്ക്കും ഉടവുതട്ടാത്തവിധം അവന് സൃഷ്ടിച്ചെടുത്ത ജീവിതചര്യയിലും അനുഷ്ഠാനങ്ങളിലുമായിരുന്നു കുടികൊണ്ടിരുന്നത്. അവ അവനെ മാത്രമല്ല, പ്രകൃതിയെയും പുരുഷനെയും വരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. പ്രകൃതിപരിപാലനം എന്നത് വേറിട്ട ഒരു അധ്യായമായിരുന്നില്ല. അതിനുവേണ്ടി മാത്രം പിറക്കുന്ന ഒരു ജീവിവര്‍ഗവും ഉണ്ടായിരുന്നില്ല. അതൊരു പ്രത്യേക പഠനവിഭാഗവും ആയിരുന്നില്ല. മനുഷ്യന്റെ ദൈനംദിനജീവിതത്തിന്റെ ഉടല്ചേര്ന്ന് നീങ്ങിയ ബോധമായിരുന്നു അത്. ആ ബോധത്തെയാണവര് പിഴുതെടുത്തത്.
ഗ്രാമങ്ങള്‍ അന്യവര്ക്കരിക്കപ്പെട്ടു. അയല്‍വാസികള്‍ പോലും അപരിചിതരായി. പുരമേയല്‍ മുതല്‍ പുടമുറിവരെയെല്ലാ വീട്ടുവിശേഷങ്ങളും നാടിന്റെ ഉത്സവങ്ങളായി കൊണ്ടാടിയിരുന്ന നല്ലകാലം ഓര്‍മ്മകളായി. കൃഷി കൃത്രിമമായി. മണ്ണ് വിറ്റ് ഫ്ളാറ്റുകളിലേക്ക് കുടിയേറിയ മലയാളി ടെറസുകളില്‍ വിലകൊടുത്തുവാങ്ങിയ ഗ്രോബാഗുകളില്‍ പച്ചമുളകും തക്കാളിയും നട്ട് കര്ഷകശ്രീകളായി. ഒറ്റപ്പെടലുകളുടെ തുരുത്തിലേക്ക് മലയാളി സ്വയമൊതുങ്ങുകയും അവനവനിസത്തെ സ്വന്തം പ്രത്യയശാസ്ത്രമാക്കി തീര്‍ക്കുകയും ചെയ്തു. അടുത്തുനില്പോരനുജനെപ്പോലും വാട്സാപ്പിനലൂടെ അഭാവാദ്യം ചെയ്യുന്ന പുത്തന്‍ ശീലത്തിന് കേരളം അതിവേഗം അടിപ്പെട്ടു. എല്ലാമുണ്ടായിരുന്ന നാട് ഉണ്ണാനും ഉടുക്കാനും വരെ അയല്‍നാടുകളിലേക്ക് കണ്ണുപായിച്ചു.
സഹ്യാദ്രിസാനുവില്‍ നിന്നുമേയുന്ന വെള്ളപ്പശുവാണ് കേരളമെന്ന് നിരീക്ഷിച്ച അവധൂതകവി പി. കുഞ്ഞിരാമന് നായര്‍ വേദനയോടെ പറഞ്ഞത് നമ്മള് മലയാളത്തെ തിരിച്ചറിയുന്നില്ല. ‘ശ്രീശങ്കരഭഗവല്പ്പാദര്, മേപ്പത്തൂര്പട്ടേരിപ്പാട്, പൂന്താനം, എഴുത്തച്ഛന് തുടങ്ങിയവരുടെ പൊന്മെതിയടിമുദ്രപതിഞ്ഞ ഈ മണല്‍ത്തരികളുടെ മഹിമ നാമിനിയും മനസിലാക്കിക്കഴിഞ്ഞിട്ടില്ല. ശ്വസിച്ച കാറ്റിനോട്, നടന്ന വഴിയോട്, കുടിച്ച വെള്ളത്തോട്, ഉണ്ട ചോറിനോട് നാം നന്ദി കാണിച്ചിട്ടില്ല. മലയാളികളെന്നഭിമാനിക്കുന്ന നാമിനിയും മലയാളം കണ്ടിട്ടില്ല.’
കലയില്‍, കളിയില്‍, ജീവിതത്തില്‍നിന്നെല്ലാം കേരളത്തനിമയെ ചോര്‍ത്തിക്കളഞ്ഞ് ഇവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്തായാലും അത് കേരളമായിരിക്കില്ലെന്നുറപ്പാണ്. സ്വരൂപം മറന്ന് നിഴലിന് പിന്നാലെ തപ്പിത്തടഞ്ഞ് പായാനാണ് കേരളത്തിന്റെ വിധി. വറുതിയും മൂകതയും മരണവും കൂടുകൂട്ടിയ, പരിസ്ഥിതിവിനാശത്തിന്റെ, പൈതൃകനാശത്തിന്റെ വക്കിലേക്കാണ് നമ്മള് എടുത്തെറിയപ്പെടുന്നത്. ഭാര്ഗവരാമന് സൃഷ്ടാവും ശ്രീധര്‍മ്മശാസ്താവ് കാവലാളും കൊടുങ്ങല്ലൂര്‍ ഭദ്രകാളി ഭരദേവതയുമായ, സാക്ഷാല്‍ ഉമാമഹേശ്വരന്മാരുടെ കണ്ണോട്ടമേറ്റുണ്ടായ ഒരു നല്ലരാജ്യത്തിന്റെ പവിത്രസംസ്കൃതിക്കും ചരിത്രത്തിനും എതിരാണ് ഈ നീക്കങ്ങള്‍. സംസ്കൃതിയുടെ സമൃദ്ധമായ ഭൂതകാലമാണ് കേരളത്തിന്റേത്. ഇരുകരമുട്ടിനില്ക്കുന്ന കാലപ്രവാഹത്തിലേക്ക്, ഭൂതകാലത്തിന്റെ അതിവിദൂരതയിലേക്ക് ഭാവനയുടെ വെള്ളിത്തോണിയേറി യാത്ര ചെയ്യുന്ന മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ അതിങ്ങനെ വരച്ചുകാട്ടുന്നുണ്ട്.
‘വേണാടും പെരുമ്പടപ്പും കുന്നലക്കോന്നാടും രാജരാജേശ്വരിയായ കേരളശ്രീയുടെ തിരുമാറില് കല്ലുവെച്ച തങ്കപ്പതക്കങ്ങളായി പരിലസിക്കുന്നു. ഗാമയുടെ പറങ്കിക്കപ്പല്‍ കേറിത്തൊടാത്ത, ആ അറബിക്കടലോരം കുന്നലക്കോന്റെയും പെരുമ്പടപ്പ് സ്വരൂപത്തിന്റെയും തടിമിടുക്കുള്ള മലനാടന്കപ്പല്പ്പടകളാലും പുത്തന്പായ്ക്കപ്പലുകളാലും തങ്കക്കിങ്ങിണി ചാര്‍ത്തിനില്‍ക്കുന്നു. കന്യാകുമാരിയില്‍ തീര്ത്ഥമാടി, ശ്രീപത്മനാഭക്ഷേത്രനടയടയ്ക്കുന്ന മണിനാദംകേട്ട്, തിരുവഞ്ചിക്കുളം കോവില്പള്ളിയറയെഴുന്നെള്ളിപ്പില് പങ്കുകൂടി, തെങ്കൈലാസമമരുന്ന ദേവന്റെ തൃപ്പുകസേവിച്ച്, ശ്രീഗുരുവായൂരില്‍ ദീപാരാധന തൊഴുത്, തിരുനാവായ ത്രിമധുരമുണ്ട്, മാനാഞ്ചിറയില്‍ കാലും മുഖവും കഴുകി, കോലത്തിരിനാടും കടന്ന് ഒരന്തിത്തെന്നലിതാ ഗോകര്ണക്ഷേത്രത്തിലേക്ക് തീര്‍ത്ഥയാത്ര പോകുന്നു. മഹാപ്രഭാവനായ ശക്തന്തമ്പുരാന് തിരുമനസ്സിലെ ആസ്ഥാനമണ്ഡപത്തിലേക്ക് എത്തിനോക്കി, പഴശ്ശിപ്പടവാളിന്റെ വീരസമാധിസ്ഥലത്ത് സാഷ്ടാംഗംവീണ്, കടത്തനാടന്പടനായര്പ്പരിഷകളെ കൈതൊഴുത്, സ്വാതിത്തിരുമേനിയുടെ മണിവീണവായനകേട്ട്, നമ്പ്യാരുടെ കവിത തുള്ളിക്കളിക്കുന്ന മണിപ്പന്തല്‍ നോക്കി, രാമാനുജപ്പൈങ്കിളിയെ പ്രദക്ഷിണം വെച്ച്, കൃഷ്ണഗാഥയുടെ മലര്ക്കാവിന്വക്കലൂടെ എന്റെ തോണി തിരുവഞ്ചിക്കുളത്തടുക്കുന്നു.’ (ഓണപ്പുടവ).
അനുഭവങ്ങള്‍ ഏറെയായി….. എന്നിട്ടും ഒന്നും കാണാത്ത മട്ടില്‍ കേരളം കാലം കഴിക്കുകയാണ്. രാമായണമാസങ്ങളും സത്സംഗങ്ങളും ബാലഗോകുലങ്ങളും നാട്ടുത്സവങ്ങളുമൊക്കെയായി നന്മകള് മുന്നിലുണ്ടായിട്ടും അതൊന്നും കാണാന്‍ കൂട്ടാക്കാതെ അന്ധമായ രാഷ്ട്രീയതിമിരം കൊണ്ട് സ്വയം കുഴിതോണ്ടുകയാണ്.
കേരളത്തിന്റെ സമൃദ്ധവും പവിത്രവുമായ ഭൂതകാലത്തെ തിരസ്ക്കരിക്കാനുള്ള സംഘടിതശ്രമങ്ങള്ക്കിടയിലും കേരളം ആറന്മുളയുടെ പൈതൃകത്തെ വീണ്ടെടുക്കാന്‍ കൈകോര്‍ത്തുവെന്നത് കാണാതിരിക്കരുത്. നമ്മുടെ ജീവിതത്തെയും സംസ്ക്കാരത്തെയും കടപുഴക്കാനുള്ള അരാജകവാദികളുടെ പരിശ്രമങ്ങളാണ് സംഘടിതമാധ്യമമുറകളില് വിപ്ലവമെന്ന് ഘോഷിക്കപ്പെടുന്നത്. പെറുക്കിത്തീനികളുടെ നാടായി ഇതിനെ അധഃപതിപ്പിച്ച് കൊയ്ത്ത് നടത്താന്‍ ശ്രമിക്കുന്നവര്‍ നാടിന്റെ പവിത്രപാരമ്പര്യത്തെ കാണാന്‍ കൂട്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മള് മലയാളികള്‍ കരുതലുള്ളവരാകണം. ഒരോ വരിയിലും വഴിയിലും അവര്‍ പതിയിരിക്കുന്നു. മണ്ണ് വിറ്റ്, മാനം വിറ്റ് മാളുകളില്‍ അഭയമിരക്കുംമുമ്പ് നമുക്ക് നമ്മുടെ ഇടം തെരയേണ്ടതുണ്ട്, വേരുകള്‍ തേടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: