ന്യൂദല്‍ഹി: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ ഔദ്യോഗിക അംഗീകാരം നല്‍കുന്നതിലേക്ക് നയിച്ചേക്കാവുന്ന ക്രിപ്‌റ്റോ കറന്‍സി ബില്‍ മോദി സര്‍ക്കാര്‍ അടുത്ത പാര്ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായി ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ ഒരു പാര്‍ലമെന്‍റ് യോഗം തിങ്കളാഴ്ച ചേരുകയാണ്.
ലോക്‌സഭയിലാണ് യോഗം ചേരുന്നത്. ‘ക്രിപ്‌റ്റോ ഫിനാന്‍സ്: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ വ്യവസായ വിദഗ്ധരുടെയും ബന്ധപ്പെട്ട സംഘടനകളുടെയും കാഴ്ചപ്പാട് കേള്‍ക്കല്‍’- ഇതാണ് ചര്‍ച്ചാവിഷയം. ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച ബില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യോഗം.
ധനകാര്യ പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടവരും തമ്മിലുള്ള ചര്‍ച്ചയെ നിയന്ത്രിക്കുന്നത്. ബിജെപി നേതാവ് ജയന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്‍റ് പാനലിന് മുമ്പാകെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍, ക്രിപ്‌റ്റോ അസെറ്റ്‌സ് കൗണ്‍സില്‍, വ്യവസായ സംഘടനകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികള്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്‌ക്കും.
‘ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് എക്‌സ്‌ചേഞ്ചുകളും ക്രിപറ്റോ നടത്തിപ്പുകാരും ഉള്‍പ്പെടെ എല്ലാവരേയും ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്. സി ഐ ഐ അംഗങ്ങളും ക്രിപ്‌റ്റോ ഫിനാന്‍സ് സംബന്ധിച്ച് ആഴത്തില്‍ പഠനം നടത്തിയ ഐ ഐഎം അഹമ്മദാബാദിലെ അക്കാദമിക് വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുക്കും,’ സിന്‍ഹ പറഞ്ഞു. ‘ക്രിപ്‌റ്റോ കറന്‍സി വ്യവസായം നിരന്തരം വികസിക്കുകയും ഉരുത്തിരിയുകയും ചെയ്യുന്നതിനാല്‍ ഇതിന്റെ നിയന്ത്രിക്കുന്നതിനുള്ള ശരിയായ ചട്ടക്കൂട് ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് ആരായുന്നത്.’ -സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായും ആര്‍ബി ഐ ഉദ്യോഗസ്ഥരുമായും ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് ഉന്നതതല യോഗം നടത്തിയിരുന്നു. ഈയോഗത്തില്‍ ക്രിപ്‌റ്റോകറന്‍സിയുടെ സുതാര്യതയില്ലായ്മയും അത് വാഗ്ദാനം ചെയ്യുന്ന വന്‍സാധ്യതുയമാണ് പ്രധാന പ്രശ്‌നങ്ങളായി ഉയര്‍ന്നുവന്നത്.
സര്‍ക്കാര്‍ ചട്ടക്കൂട് വന്നാല്‍ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് സുതാര്യമല്ലാത്ത പരസ്യങ്ങളും വഴിതെറ്റിക്കുന്ന വാഗ്ദാനങ്ങളും നിയന്ത്രിക്കാന്‍ കഴിയും. അനിയന്ത്രിതമായ ക്രിപ്‌റ്റോ വിപണി കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും വഴിതുറക്കരുതെന്നും സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.
ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചുകൊണ്ടുള്ള റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ 2020 മാര്‍ച്ചില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് 2021 ഫിബ്രവരി അഞ്ചിന് റിസര്‍വ്വ് ബാങ്ക് തങ്ങളുടെ ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച് ഒരു മാതൃക തയ്യാറാക്കാന്‍ ഒരു സ്വകാര്യ പാനല്‍ രൂപീകരിച്ചിരുന്നു.
സര്‍ക്കാര്‍ ഇടപെടുന്നതോടെ ക്രിപ്‌റ്റോ കറന്‍സിക്ക് ഔദ്യോഗിക അംഗാരം ലഭിക്കുന്നതോടൊപ്പം ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ടുള്ള ഇരുണ്ട പണമിടപാടിന്റെ ലോകത്തിന് തടയിടാനും കഴിയുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: