തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ. അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും അധികാരമേറ്റു. തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ദേവസ്വം സെക്രട്ടറി എസ്. ഗായത്രീ ദേവി ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു.
കാര്യക്ഷമമായും, ചിട്ടയോടെയും, സുതാര്യമായും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും ബോര്‍ഡിലെ നിലവിലെ സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പരിശോധിച്ച് ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ച്ചക്ക് വേണ്ടതെല്ലാം ചെയ്യുമെന്നും കെ. അനന്തഗോപന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കുമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു.
ഏല്‍പ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് മനോജ് ചരളേല്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഇരുവരും അഭ്യര്‍ത്ഥിച്ചു. ദേവസ്വം ബോര്‍ഡ് പി.ആര്.ഒ സുനില്‍ അരുമാനൂര്‍ പുതിയ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്.അനില്‍, എം.എല്‍.എ മാരായ മാത്യു ടി.തോമസ്, ജിനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ അഡ്വ.എന്‍.വാസു, എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ അഡ്വ.കെ.എസ്.രവി, കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഉദയഭാനു, ആനാവൂര്‍ നാഗപ്പന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: