Categories: Education

‘വിക്ടോറിയന്‍’ ; പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരം

Published by

പാലക്കാട്: നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടും മുന്‍പ് ആരംഭിച്ച കേരളത്തിലെ അപൂര്‍വ്വം കോളേജുകളില്‍ ഒന്നാണ് ഗവ.വിക്ടോറിയാ കോളേജ്.  

133 വര്‍ഷത്തെ പാരമ്പര്യവുമായി ഈ കലാലയം നാക്കിന്റെ നാലാം ഘട്ട സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ്. നാക്ക് അഖിലേന്ത്യാ തലത്തില്‍ നല്‍കിയ അക്രഡിറ്റേഷനില്‍ എ ഗ്രേഡിന് അര്‍ഹമായ വിക്ടോറിയ ചകഞഎ റാങ്കിംഗില്‍ 99ാം സ്ഥാനവും നേടി.  

രാജ്യത്തെ ആയിരക്കണക്കിന് കോളേജുകളുമായി മാറ്റുരച്ചാണ് വിക്ടോറിയ ഈ നേട്ടം കൈവരിച്ചത്. 1866ല്‍ റേറ്റ് സ്‌കൂളായിട്ടാണ് വിക്ടോറിയയുടെ തുടക്കം. 1888ല്‍, അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് 59 വര്‍ഷം മുന്‍പ് വിക്ടോറിയ സെക്കന്റ് ഗ്രേഡ് കോളേജായി ഉയര്‍ന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമാകുകയും ചെയ്തു.

‘വിക്ടോറിയന്‍’ എന്ന് തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ പറയാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നത് ഈ കലാലയത്തിന്റെ സമ്പന്നമായ ഇന്നലെകളാണ്.  

ചരിത്രം ഉറങ്ങുന്ന വിക്ടോറിയ കോളേജല്ല, ചരിത്രത്തോടൊപ്പം നടക്കുന്ന ഭൂത  വര്‍ത്തമാനമാണ് വിക്ടോറിയക്കുള്ളത്. രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹ്യ, സാഹിത്യ, ശാസ്ത്ര, കായിക രംഗങ്ങളിലെല്ലാം പേരെടുത്ത് പറയാവുന്ന മഹാന്‍മാരെയാണ് വിക്ടോറിയ ജന്മനാടിന് സംഭാവന ചെയ്തത്.  

ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇഎംഎസ്സില്‍ തുടങ്ങി ഇക്കഴിഞ്ഞ ടോക്യോ ഒളിംപ്കിസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വിക്ടോറിയയിലെ മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥി ശ്രീശങ്കറില്‍ എത്തിനില്‍ക്കുന്നു വിക്ടോറിയയുടെ വര്‍ത്തമാനകാല പ്രശസ്തി. സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍, തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തെ ലോക വിഹായസ്സിലേക്ക് പുനഃസൃഷ്ടിച്ച ഒ.വി വിജയന്‍, രാജ്യത്ത് ഒരു ഇലക്ഷന്‍ കമ്മിഷനുണ്ടെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്തിയ ടി.എന്‍ ശേഷന്‍, മെട്രോ മാന്‍ എന്നറിയപ്പെടുന്ന ഇ.ശ്രീധരന്‍, മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍, ചരിത്രകാരനായ കെ.എന്‍ പണിക്കര്‍, മഹാകവി ഒളപ്പമണ്ണ, സംഗീതജ്ഞന്‍ എം.ഡി രാമനാഥന്‍, ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ടി.എന്‍ നാരായണന്‍ തുടങ്ങിയവരെല്ലാം വിക്ടോറിയയുടെ സംഭാവനകളാണ്.  

ഒരു കലാലയത്തിന്റെ ഗരിമയും വിശ്വാസ്യതയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയെ ആശ്രയിച്ചാണ്. അക്കാര്യത്തില്‍ ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട കലാലയമാണ് വിക്ടോറിയ കോളേജ്.

ഭാരതപ്പുഴയുടെ കൈവഴികളായ യാക്കര പുഴയ്‌ക്കും കല്‍പ്പാത്തി പുഴയ്‌ക്കും മധ്യേ പാലക്കാട് നഗരത്തിന്റെ തിരുനെറ്റിയിലാണ് വിക്ടോറിയ എന്ന തിലകക്കുറി. നഗരത്തിന്റെ ഹൃദയഭാഗത്ത് 26 ഏക്കര്‍ വരുന്ന പ്രകൃതിരമണീയമായ ക്യാംപസാണ് ഈ കലാലയത്തിന്റെ ആകര്‍ഷണീയത. പരിസ്ഥിതി സൗഹൃദത്തിന്റെ സന്ദേശം വിളിച്ചു പറയുന്ന അന്തരീക്ഷം. നൂറ്റാണ്ട് പഴക്കമുള്ള അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരമുള്ള ബൃഹത്തായ ലൈബ്രറി, അപൂര്‍വ്വ ഇനം സസ്യങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍. ഝഞ കോഡ് അടിച്ചാല്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന സസ്യജാലങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാകും.  

കേരളത്തിന്റെയും പാലക്കാടിന്റെയും ചരിത്ര രേഖകള്‍ സൂക്ഷിക്കുന്ന ചരിത്ര മ്യൂസിയം വിക്ടോറിയാ കോളേജ് റോഡില്‍ ജില്ലാ കളക്ടറുടെ വസതിക്ക് തൊട്ടരികില്‍ സജ്ജമായി കൊണ്ടിരിക്കുകയാണ്.  

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിക്ടോറിയയില്‍ 11 ബിരുദാനന്തര കോഴ്‌സുകളും 16 ബിരുദ കോഴ്‌സുകളും ഉണ്ട്. 2500ലേറെ വിദ്യാര്‍ത്ഥിനീ  വിദ്യാര്‍ത്ഥികളാണ് ഡിഗ്രി തലത്തിലും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിനും പഠിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളാണ് എന്നത് സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാലത്ത് ശ്രദ്ധേയമാണ്.  

ഇടുക്കി, വയനാട്, അട്ടപ്പാടി തുടങ്ങിയ പിന്നോക്ക ജില്ലകളില്‍ നിന്ന് നൂറുകണക്കിന് ആദിവാസി കുട്ടികളാണ് ഇവിടെ പഠിക്കാന്‍ എത്തുന്നത്. അവര്‍ക്ക് കോളേജ് റോഡില്‍ വനിതാ ഹോസ്റ്റലും ക്യാംപസ്സിനകത്ത് തന്നെ ബോയ്‌സ് ഹോസ്റ്റലും ഉണ്ട്.  

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവരുടെ പ്രതിഭ പ്രോത്സാഹിപ്പിക്കാനും ‘പ്രജ്യോതി’ എന്ന സംരംഭം ഉണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.  

ഓരോ വര്‍ഷവും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റാങ്കുകള്‍ വാരിക്കൂട്ടുന്നതില്‍ വിക്ടോറിയ മുന്നിലാണ്. പോസ്റ്റ് ഗ്രാജ്വേഷന്‍ തലത്തില്‍ വിക്ടോറിയയുടെ വിജയ ശതമാനം 95 ശതമാനത്തിനും മുകളിലാണ്. ഡിഗ്രി തലത്തില്‍ 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലാണ് വിജയ തിളക്കം.  

പാഠ്യ വിഷയങ്ങളില്‍ മാത്രമല്ല, എന്‍സിസി, എന്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് വിക്ടോറിയയിലെ കുട്ടികള്‍. കായികരംഗത്തെ നേട്ടങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ലോംഗ് ജംപില്‍ ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുത്ത ശ്രീശങ്കര്‍ കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.  

സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങളിലും സര്‍വ്വകലാശാലാ കലോത്സവങ്ങളിലും തുടര്‍ച്ചയായി വിജയം നേടാന്‍ വിക്ടോറിയക്ക് കഴിഞ്ഞിട്ടുണ്ട്. ഒരേസമയം പാഠ്യ വിഷയങ്ങളിലും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വിക്ടോറിയയുടെ കയ്യൊപ്പ് പതിയാറുണ്ട്.  

സംസ്ഥാന പോലീസിന്റെ ബാന്റ് സംഘത്തിനൊപ്പം നില്‍ക്കാവുന്ന ഒരു ബാന്റ് സംഘം വിക്ടോറിയയുടെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും ഈ ബാന്റ് സംഘം അവരുടെ വൈഭവം പ്രകടിപ്പിക്കാറുണ്ട്.  

വിവിധ വിജ്ഞാന മേഖലകളില്‍ ഗവേഷണവും ഗവേഷണ ബിരുദവുമുള്ള അധ്യാപക നിരയാണ് കോളേജിന്റെ പ്രത്യേകത. എഴുത്തുകാരും പ്രശസ്തരുമായ അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. കോളേജ് യൂണിയന്റെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇതര ക്യാംപസുകളില്‍ നിന്ന് വ്യത്യസ്തമായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തിന്റെ ദൂരദിക്കുകളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികളെ വിക്ടോറിയയില്‍ എത്താന്‍ പ്രേരിപ്പിക്കുന്നത്.  

ലൈബ്രറി പോലെ തന്നെ ശാസ്ത്ര വിഭാഗങ്ങളിലെ ലാബുകള്‍ മികച്ച നിലവാരമുള്ളവയാണ്. ഒരു സര്‍ക്കാര്‍ കോളേജിന്റെ പരിമിതികള്‍ മറികടന്ന് വിദ്യാര്‍ത്ഥികളെ കോളേജില്‍ എത്തിക്കാനായി രണ്ട് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നാണ് ഈ ബസ്സുകള്‍ ലഭിച്ചത്. കലാപ്രവര്‍ത്തനത്തിന് വിശാലമായ ഓഡിറ്റോറിയം, കോളേജിന് മുന്നില്‍ ഓപ്പണ്‍ സ്‌റ്റേജായ വിനീതാ പാര്‍ക്ക്, ആധുനിക സൗകര്യങ്ങളോടെയുള്ള സെമിനാര്‍ ഹാള്‍ തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വിക്ടോറിയ. കോടികള്‍ മുടക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോളേജുകളെ പോലും വിസ്മയിപ്പിക്കുന്ന സൗകര്യങ്ങള്‍ വിക്ടോറിയക്കുണ്ട്. ഇതിനുപുറമെ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ വലിയ അക്കാദമിക് സമുച്ചയത്തിന്റെ പണി നടന്നുവരികയാണ്.  

വിക്ടോറിയയുടെ ക്ലോക്ക് ടവര്‍, കൃഷ്ണന്‍ നായര്‍ ഗേറ്റ്, കോളേജിന് പിന്നിലെ മുത്തശ്ശി മരവും വിശാലമായ കളിക്കളവും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് നൊസ്റ്റാള്‍ജിയയാണ് വിക്ടോറിയയുടെ ഓരോ ഇടനാഴികളും. അലമ്‌നി നല്‍കി വരുന്ന പിന്തുണയും അവരുടെ സഹായങ്ങളും കോളേജിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. ‘വിക്ടോറിയന്‍’ എന്ന മനോഭാവം പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by