ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര് ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി അഞ്ച് പുതിയ ഫീച്ചറുകള്‍ കൂടി കൊണ്ട് വരുന്നു. ബിസിനസ്, ഉപയോക്താവിന്റെ സ്വകാര്യത, ഗ്രൂപ്പ് ഐക്കണ്‍, കമ്മ്യൂണിറ്റികള്‍, മള്‍ട്ടി ഡിവൈസ് ഫംങ്ഷനിങ്ങ് എന്നിവയിലാണ് പുതിയ മാറ്റങ്ങള്‍ വരുന്നത്.
ഉപഭോക്താവിന്റെ വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ തരത്തിലുള്ളതാണ് ആദ്യത്തെ ഫീച്ചര്‍. ഇത് വാട്ട്സ്ആപ്പ് ബിസിനസ്സ് പതിപ്പിലായിരിക്കും ലഭ്യമാവുക. ഈ ഫീച്ചര്‍ ഉപയോഗിച്ച്, ഫേസ്ബുക്കില്‍ ബിസിനുകള്‍ക്ക് പരസ്യം നല്‍കിക്കൊണ്ട് പുതിയ ഉപഭോക്താക്കളിലേക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസില്‍ വാട്ട്സ്ആപ്പ് ബീറ്റ വേര്‍ഷന്‍ 2.21.230.15ും ആന്‍ഡ്രോയിഡില്‍ വേര്‍ഷന്‍ 2.21.23.15ും ഉപയോഗിച്ച് ഉപയോക്താവിന് വാട്സ്ആപ്പില്‍ നിന്നു തന്നെ ഫേസ്ബുക്കില്‍ പരസ്യങ്ങള്‍ സ്രിഷ്ടിക്കാം. ഫേസ്ബുക്കിലുള്ള ടൂള്‍സ് സെറ്റിങ്ങ്സ് ഓപ്ഷന് ഉപയോഗിച്ച് ഇത് സാധ്യമാക്കാന്‍ കഴിയും.
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യത നിയന്ത്രിക്കാനുള്ള ഒരു പുതിയ ഫീച്ചറാണ് രണ്ടാമത്തേത്. ‘മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്’ എന്ന ക്രമീകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് വാട്സാപ്പിലെ തങ്ങളുടെ ലാസ്റ്റ് സീന്‍, എബൗട്ട്, പ്രൊഫൈല്‍ ഫോട്ടോ എന്നിവ ആര്‍ക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കാനാകും. നിലവില്‍ ഇവ മറ്റുള്ളവര്‍ക്ക് ദൃശ്യമാക്കാന്‍ മൂന്ന് ഓപ്ഷന് മാത്രമാണുള്ളത്. എവരിവണ്‍, മൈ കോണ്ടാക്ട്സ്, നോബഡി. ഇതില്‍ എവരിവണ്‍ എന്നതിലൂടെ ഈ വിവരങ്ങള്‍ എല്ലാവര്ക്കും ദൃശ്യമാകും, മൈ കോണ്ടാക്ട്സ് എന്നതിലൂടെ ഉപയോക്താവ് സൂക്ഷിച്ചിരിക്കുന്ന നമ്പറുകളുള്ള എല്ലാവര്ക്കും കാണാം, നോബഡി എന്നതാണെങ്കില്‍ ഈ വിവരങ്ങള്‍ ആര്‍ക്കും കാണാനാകില്ല.
ഇതിനൊപ്പമാണ് നാലാമതായി മൈ കോണ്ടാക്ട്സ് എക്സെപ്റ്റ് എന്ന ക്രമീകരണം കൂടിയെത്തുന്നുത്. ഇതിലൂടെ ഈ വിവരങ്ങള്‍ ഏതൊക്കെ വ്യക്തികള്‍ക്ക് ദൃശ്യമാകരുത് എന്ന് ഉപയോക്താവിന് നിയന്ത്രിക്കാം. ഫോണിലെ നമ്പറുകളില്‍ നിന്ന് ഉപയോക്താവിന് ഇത് തിരഞ്ഞെടുക്കാം. അങ്ങനെ തിരഞ്ഞെടുത്ത ലിസ്റ്റിലുള്ളവര്‍ ഒഴികെയുള്ളവര്‍ക്ക് മാത്രമേ പിന്നീട് ഈ വിവരങ്ങള്‍ ദൃശ്യമാവുകയുള്ളു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യതയ്ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകും. ആദ്യ ഘട്ടത്തില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കു മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു.
ഗ്രൂപ്പ് ഐക്കണ്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണ് മൂന്നാമത്തേത്. ഇനി ഉപയോക്താവിന് ഇഷ്ടാനുസൃത പശ്ചാത്തലം, ഇമോജികള്‍, സ്റ്റിക്കറുകള്‍ എന്നിവ ഉപയോഗിച്ച് ഒരു ഗ്രൂപ്പ് ഐക്കണ്‍ സൃഷ്ടിക്കാനാകും. ഇമോജീസ് ആന്‍ഡ് സ്റ്റിക്കേഴ്സ് എന്ന ഓപ്ഷന് ഉപയോഗിച്ചാണ് ഇതു സാധ്യമാവുക. വാട്ട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യമെത്തുക. ഐക്കണിലെ ചിത്രത്തിന്റെ പശ്ചാത്തല നിറം തിരഞ്ഞെടുക്കാന്‍ മാത്രമല്ല, അതില്‍ സ്റ്റിക്കറോ ഇമോജിയോ ഒക്കെ സ്ഥാപിക്കാനും കഴിയും.
കമ്മ്യൂണിറ്റി എന്ന പേരു നല്‍കിയിരിക്കുന്ന ഒരു പുതിയ ഫീച്ചറാണ് അടുത്തത്. ഒരു ഗ്രൂപ്പിന്റെ അഡ്മിന് ഗ്രൂപ്പിനു മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. ഇതു പ്രകാരം ഒരു ഗ്രൂപ്പിന്റെയുള്ളില് അതിന്റെ അഡ്മിന് മറ്റൊരു കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും. ഒരു ഗ്രൂപ്പിലെ ചുരുക്കം ചിലരെ മാത്രം ഉള്‍പ്പെടുത്തി ഒരു സബ് ഗ്രൂപ്പ് തുടങ്ങണമെങ്കില്‍ നിലവില്‍ പുതുതായി ഒരു ഗ്രൂപ്പ് തുടങ്ങി ഇത്രയും പേരെ അതില്‍ ആഡ് ചെയ്യണം. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. അതിനു പകരമായാണ് ഈ കമ്മ്യൂണിറ്റി പ്രവര്‍ത്തിക്കുക. ഈ സബ്ഗ്രൂപ്പ് അല്ലെങ്കില്‍ കമ്മ്യൂണിറ്റിയില്‍ മെയിന്‍ ഗ്രൂപ്പിലില്ലാത്ത വ്യക്തിയെയും ചേര്‍ക്കാനാകും. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിച്ച് ഈ കമ്മ്യൂണ്റ്റിയുടെ ഭാഗമാക്കാം എന്നാണ് വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നത്. കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഗ്രൂപ്പിനുള്ളില്‍ ഇങ്ങനെയൊരു കമ്യൂണിറ്റി ഉള്ളതായി അറിയാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വൈകാതെ തന്നെ ലഭ്യമാകും.
വിവിധ ഉപകരണങ്ങളില്‍ ഒരേ സമയം ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്ന മള്‍ട്ടി ഡിവൈസ് ഫംങ്ഷനുമായി ബന്ധപ്പെട്ടതാണ് അവസാനത്തെ ഫീച്ചര്‍. വിവിധ ഡിവൈസുകളില്‍ ഒരേ സമയം ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്നതാണ് മള്‍ട്ടി ഡിവൈസ് ഫംങ്ഷന്. ഫോണ്‍ കണക്ട് ചെയ്യാതെ തന്നെ ലിങ്ക് ചെയ്ത ഉപകരണം ഉപയോഗിക്കാന്‍ ഇതു വഴിയൊരുക്കും. ഒരേ സമയം നാല് ഡിവൈസുകളില്‍ വരെ വാട്ട്സ്ആപ്പ് ഉപയോഗിക്കാം. എന്നാല്‍ ഒരു സമയം ഒരു ഫോണ്‍ മാത്രമേ വാട്സ്ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കാനാകൂ. 14 ദിവസത്തിലധികം ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകും. വിവിധ ഡിവൈസുകളില്‍ നിന്നും ഒന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന് വാട്ട്സ്ആപ്പ് ബീറ്റ പ്രോഗ്രാമില്‍ നിന്ന് ഒഴിവാക്കി. ഐഒഎസ്സിലെ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കളായ ചില ആളുകള്‍ക്കായി ഈ ഫീച്ചര്‍ വീണ്ടും പുറത്തിറക്കും. കൂടുതല്‍ ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: