കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് നമ്പി നാരായണന്‍ അട്ടിമറിച്ചതാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുന്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണന്‍ തമിഴ്നാട്ടില്‍ ഭൂമി എഴുതി നല്‍കിയെന്നായിരുന്നു വിജയന്റെ ആരോപണം. ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് വിജയന്‍. നേരത്തേ, ഇതേ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു. സി.ബി.ഐയുടെ ഗൂഢാലോചന കേസില്‍ വിജയനും മറ്റ് മൂന്ന് പേര്‍ക്കും ഹൈക്കോടതി ഓഗസ്റ്റില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
2004ല്‍ നമ്പി നാരായണനും മകനും തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഒട്ടേറെ ഭൂമി അന്നത്തെ സിബിഐ ഡിഐജി രാജേന്ദ്ര കൗളിന്റെ പേരിലേക്ക് എഴുതി നല്‍കിയെന്നാണ് ആരോപണം. ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നമ്പി നാരായണന്‍ നടത്തിയ ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഐഎസ്ആര്‍ഒ കേസ് അന്വേഷണ ഉദ്യോഗസ്ഥനും ചാരക്കേസില്‍ ഉള്‍പ്പെട്ട രമണ്‍ ശ്രീവാസ്തവയുടെ ഭാര്യയും നമ്പി നാരായണനുമായി ഇടപാടു നടത്തുന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ വിജയന് അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരാക്കാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരത്തേ, ആര്‍ രേഖ വ്യക്തമാക്കിയിരുന്നു. അതേസമയം കേസില്‍ നമ്പി നാരായണന്‍ ഭൂമി വാങ്ങി നല്‍കിയതിന് രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: