മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ഇരുപത്തിയാറ് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചതും, മണിപ്പൂര്‍-മ്യാന്മര് അതിര്‍ത്തിയില്‍ മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ അസം റൈഫിള്‍സ് കമാന്ററും കുടുംബവും നാല് സൈനികരും വീരമൃത്യു വരിച്ചതും ഒരേ ദിവസമാണ്. രാജ്യത്തിന്റെ നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനത്തെയും അംഗീകരിക്കാതെ വൈദേശിക ശക്തികളുടെയും, രാജ്യത്തിനകത്തെ ശിഥിലീകരണ ശക്തികളുടെയും പിന്തുണയോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റു ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിയും, അതിനെ നേരിടാന്‍ സുരക്ഷാസേന പ്രകടിപ്പിക്കുന്ന ദൃഢനിശ്ചയവും വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. ഗഡ്ചിരോളിയില്‍ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരില്‍ സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം മിലിന്ദ് തെല്‍തുംഡെ ഉണ്ടെന്നുള്ളത് വലിയൊരു നേട്ടമാണ്. ഇയാളുടെ സഹോദരനാണ് ഭീമ-കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റുചെയ്ത അര്‍ബന്‍ നക്സല്‍ ആനന്ദ് തെല്‍തുംഡെ എന്നത് ജനങ്ങളുടെ കണ്ണുതുറപ്പിക്കും. ഭീമ-കൊറേഗാവ് കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ചില ബുദ്ധിജീവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമങ്ങളുടെയും തനിനിറത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ മുറവിളി കൂട്ടുന്ന മാവോയിസ്റ്റ് സഹയാത്രികര്‍ യഥാര്‍ത്ഥത്തില്‍ ഇവ രണ്ടിന്റെയും കടുത്ത ശത്രുക്കളാണ്.
കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചത്. നാഗ്പൂരിനടുത്തുള്ള ഗഡ്ചിരോളി വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമാണ്. ഇവിടെനിന്ന് പിടിയിലായ ഒരു ഭീകരനെ വിട്ടയക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് സര്‍ക്കാരിന് കത്തെഴുതിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തുകയുണ്ടായി. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ച് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നെങ്കിലും ഭരണ സംവിധാനം മൃദുസമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഇതുവഴി രാജ്യത്തിന്റെ പല പ്രദേശങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ഒരുകാലത്ത് തികഞ്ഞ മാേ
വായിസ്റ്റ് ഭീകരരായിരുന്നവര്‍ നേപ്പാളില്‍ അധികാരം പിടിച്ചപ്പോള്‍ അതിനെ ആശിര്‍വദിക്കാന്‍ പോയത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. യുപിഎ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈനയുടെ സ്വാധീനത്തില്‍പ്പെട്ട് ഇന്ത്യയുമായുള്ള ബന്ധം ബോധപൂര്‍വം വഷളാക്കിയവര്‍ക്ക് നമ്മുടെ നാട്ടില്‍നിന്ന് രാഷ്ട്രീയവും ഭരണപരവുമായ ഒത്താശ ലഭിച്ചത് വിരോധാഭാസമെന്നേ പറയേണ്ടൂ. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മാവോയിസ്റ്റുകളോടുള്ള മൃദുസമീപനത്തിന് മാറ്റം വന്നത്. ഇതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷം മാവോയിസ്റ്റുകളുമായി കൈകോര്‍ത്തു. ബീഹാറില്‍ തെരഞ്ഞെടുപ്പ് സഖ്യം പോലും ഉണ്ടാക്കി. ഈ നയം ഉപേക്ഷിക്കാന്‍ മോദി വിരോധികള്‍ ഇപ്പോഴും തയ്യാറായിട്ടില്ല.
യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ മോദി സര്‍ക്കാരിന് വലിയതോതില്‍ വിജയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നേപ്പാളിലെ പശുപതിനാഥ് മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ നീളുന്ന ചുവപ്പു ഇടനാഴി ലക്ഷ്യംവച്ച് വനവാസികളെയും മറ്റും മറയാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് മന്മോഹന് ഭരണകാലത്ത് എഴുപതിലേറെ ജില്ലകളില്‍ സ്വാധീനമുണ്ടെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് ഈ സ്വാധീനം നാല്പത്തിയഞ്ച് ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞു. 2015-20 കാലത്ത് 900 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. 4200 പേര് ഇക്കാലയളവില്‍ ആയുധംവച്ച് കീഴടങ്ങി. സുരക്ഷാസേന പോരാട്ടം ശക്തിപ്പെടുത്തിയതോടെ തങ്ങളുടെ താവളങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന മാവോയിസ്റ്റ് ഭീകരര്‍ പലയിടങ്ങളിലും പിടിച്ചുനില്ക്കാന് അന്തിമ പോരാട്ടത്തിന് നിര്‍ബന്ധിതരാവുകയാണ്. ഇതിന്റെ ഭാഗമാണ് ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും മറ്റും അവര്‍ നടത്തുന്ന ആക്രമണങ്ങള്‍. ഭരണകൂട അടിച്ചമര്‍ത്തല്‍, അധഃസ്ഥിത വിഭാഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നൊക്കെ മാവോയിസ്റ്റുകള്‍ പറയുന്നത് വെറും പുകമറയാണ്. കമ്യൂണിസ്റ്റ് ഭീകരരാഷ്ട്രമായ ചൈനയുടെയും മറ്റും സഹായത്തോടെയാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഒരുതരത്തിലുള്ള ദയയും ഇവര്‍ അര്‍ഹിക്കുന്നില്ല. ഈ ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുകതന്നെ വേണം. ഇവരുടെ ദല്ലാളുകളായി പ്രവര്‍ത്തിക്കുന്നവരെയും ഉരുക്കുമുഷ്ടിയോടെ നേരിടുകയല്ലാതെ മറ്റു മാര്‍ഗമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: