മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി. 3000 പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. അമരാവതി പൊലീസ് കമ്മീഷണര്‍ ആര്‍തി സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ നാല് ദിവസത്തെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാനാണിത്. ത്രിപുരയിലുള്‍പ്പെടെ ന്യുനപക്ഷങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. പൊലീസിനെ മറികടന്ന് പ്രകടനത്തിലെ ആളുകള്‍ രാജ്കമല് ചൗക്, ഗാന്ധി ചൗക് എന്നിവിടങ്ങളിലെ കടകളും കെട്ടിടങ്ങളും നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. മുസ്ലിം സംഘടനകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്ദെദ്, യവത്മാള്‍, വാഷിം എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അമരാവതിയില്‍ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ 8000 പേര് പ്രതിഷേധിക്കാനായി തടിച്ചുകൂടി. വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു പ്രകടനക്കാരുടെ ആവശ്യം. പ്രകടനക്കാര്‍ മടങ്ങിപ്പോകവേ, കോട്വാലി പൊലീസ് സ്റ്റേഷന് പരിധിക്ക് കിഴിലുള്ള ചിത്ര ചൗക്കിനും കോട്ടണ്‍ മാര്‍ക്കറ്റിനും ഇടയില്‍ മൂന്ന് സ്ഥലങ്ങളില്‍ കല്ലേറുണ്ടായി. ചില കടകള്‍ കത്തിച്ചു. ഈ പ്രദേശങ്ങളിലെല്ലാം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചത്തെ മുസ്ലിങ്ങളുടെ പ്രകടനത്തിനെതിരായി ശനിയാഴ്ച ബിജെപി ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ബന്ദിനിടയില്‍ കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിന് ശേഷം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് പേരിലധികം സംഘം ചേരുന്നത് നിരോധിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 60 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: