ആന്‍ഡ്രോയിഡിനെ പരിഹസിച്ചു കൊണ്ട് ആപ്പിള്‍ മേധാവി ടിം കുക്ക് വീണ്ടും രംഗത്ത്. സുരക്ഷിതമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്നുള്ളവര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന പരാമര്‍ശമാണ് അദേഹം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ചേര്‍ന്ന ഫോണല്ല ആപ്പിള്‍ എന്നും അദേഹം ഇതിനൊപ്പം പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് സംഘടിപ്പിച്ച ഡൂല്‍ ബുക്ക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദേഹം.
എല്ലാ കാര്യത്തിലും ചോയിസ് ലഭിക്കുന്ന കാലമാണിത്. നിങ്ങള്‍ക്ക് സൈഡ് ലോഡഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാം. എന്റെ കാഴ്ചപ്പാടില്‍ ഒരു ഒഎസ് ഇത്തരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യത് ഉപയോഗിക്കാന്‍ അവസരം നല്‍കുന്നത്, സീറ്റ് ബെല്‍റ്റും എയര്‍ ബാഗും ഇല്ലാതെ ഒരു കാര്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നതിനു തുല്യമാണ്. അത്രത്തോളം അപകടം നിറഞ്ഞ കാര്യമാണത്. ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും പണയം വയ്ക്കുന്ന ഈ പ്രവര്‍ത്തിക്ക് ആപ്പിളിന്റെ ഐ ഫോണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ടിം കുക്ക് പറയുന്നു.
ഓരോ ഫോണിലും ഉപയോഗിക്കുന്ന ആപ്പുകള്‍ അതാത് ഓഎസിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. അതായത് ഐ ഫോണിലെ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ആപ്പ് സറ്റോറില്‍ നിന്നും ആന്ഡ്രോയിടിന്റേതാണെങ്കില് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമാണ്. എന്നാല്‍ ആപ്പ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ നിന്നല്ലാതെ ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്ന ആപ്പുകളെയാണ് സൈഡ് ലോഡഡ് അഥവാ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുള്‍ എന്നു പറയുന്നത്.
ഇവ സുരക്ഷിതമായിരിക്കണമെന്നില്ല. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്തിയേക്കാവുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഈ വിഭാഗത്തില്‍ പെടുന്നുണ്ട്. നിലവില്‍ ഇങ്ങനെയുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ഐഫോണ്‍ അനുമതി നല്‍കാറില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഒരു മുന്നറിയിപ്പു നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇവ ഉപയോഗിക്കുന്നതിന് ആന്‍ഡ്രോയിട് നിലവില്‍ തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഭരണം നടത്തുന്നത് ആന്‍ഡ്രോയ്ഡാണ്. എന്നാല്‍ ഇവ തങ്ങളുടെ ഫോണുകളുടെ അത്ര സുരക്ഷിതമല്ല എന്ന സന്ദേശമാണ് ടിം കുക്ക് തന്റെ അഭിപ്രായത്തിലൂടെ നല്‍കിയത് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ആപ്പിളില്‍ നിന്നും സൈഡ് ലോഡഡ് ആപ്പുകള്‍ക്കെതിരെ പ്രതികരണം ഉണ്ടാകുന്നത് ഇത് ആദ്യമായല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: