വിശാഖപട്ടണം: വിശാഖപട്ടണം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മൂന്നു മിനിറ്റോളം നീണ്ട നേരിയ ഭൂചലനുഭവപ്പെട്ടു. ഇന്ന് രാവിലെ 07:13 ഓടു കൂടിയാണ് റിക്ടര്‍ സ്കെയിലില്‍ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തില്‍ ആളപായമുള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
വിശാഖപട്ടണത്തെ സാഗര്‍ നഗര്‍, എംവിപി കോളനി, പെഡ വാള്‍ട്ടയര്‍, വണ്‍ ടൗണ്‍, അക്കയ്യപ്പാലം, കഞ്ചാരപാലം, എന്‍എഡി, ഗാജുവാക്ക, വെപ്സ്ജിന്റ എന്നീ പ്രദേശങ്ങളിലാണ് ഏതാനും നിമിഷം നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തേക്കോടി. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും ജാഗ്രതയോടെ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്പ്പറേഷന് അറിയ്ച്ചു.
വിശാഖപട്ടണത്തിന്റെ ചിലയിടങ്ങളില്‍ സ്ഫോടനത്തിന് സമാനമായ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേട്ടതായും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. എന്നാല്‍ 1.8 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനമായതിനാല്‍ ഇത് അനുഭവിക്കാന്‍ സാധ്യത കുറവാണെന്നും, ഈ ശബ്ദം ഭൂമിക്കടിയിലോ കടലിലോ എന്തെങ്കിലും തരത്തിലുള്ള സ്ഫോടനം ആയേക്കാമെന്നും കരുതപ്പെടുന്നതായി മറ്റു ചിലരും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏഴ് ദിവസമായി വിശാഖപട്ടണത്ത് റിക്ടര്‍ സ്കെയിലില്‍ 3.0 ന് മുകളില്‍ തീവ്രതയുള്ള നിരവധി ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്ത 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവയില്‍ ഏറ്റവും വലുത്. ഗജുവാക്കയില്‍ നിന്ന് 9.2 കിലോമീറ്റര്‍ വടക്കു കിഴക്കായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: