കൊട്ടാരക്കര: പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച യുവമോര്‍ച്ച നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍, വൈസ് പ്രസിഡന്റുമാരായ ജമുന് ജഹാംഗീര്‍, ബബുല്‍ ദേവ്, ജില്ലാ സെക്രട്ടറി ദീപുരാജ്, ജില്ലാ കമ്മിറ്റിയംഗം വിനീത് ജി ഗോപാല്‍, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് കുരുക്ഷേത്ര, ആര്. ശംഭു അഞ്ചല്‍ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി ബിനോജ് എന്നിവര്‍ക്കാണ് കൊട്ടാരക്കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
പെട്രോള്‍ ഡീസല്‍ സംസ്ഥാന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ഇവരെ കള്ളക്കേസ് ചുമത്തി പോലീസ് ജയിലില്‍ അടയ്ക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചത്.
ജയില്‍ മോചിതരായ നേതാക്കളെ കൊട്ടാരക്കര സബ് ജയിലിനു മുന്നില്‍ ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍, ബിജെപി ജില്ലാ സെക്രട്ടറി ജിതിന് ദേവ്, അഡ്വ വയക്കല്‍ സോമന്,അനീഷ് കിഴക്കേക്കര, അരുണ്‍ കാടാം കുളം, രാജീവ് കേളമത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: