കൊട്ടാരക്കര: സംസ്ഥാനത്ത് ഇന്ധനവില നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ് വേണ്ടിയിരുന്നില്ലെന്ന കണ്ടെത്തലില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം.
ലാത്തിചാര്‍ജിന് നേതൃത്വം നല്കിയ കൊട്ടാരക്കര ഡിവൈഎസ്പി സുരേഷിന് വീഴ്ച പറ്റി. യുവജന പ്രക്ഷോഭങ്ങളില്‍ സാധാരണയുണ്ടാകുന്നതാണ് ബാരിക്കേഡുകള്‍ മറിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മാര്‍ച്ച് എത്തി മിനിട്ടുകള്‍ക്കുള്ളില്‍ ലാത്തി വീശുകയായിരുന്നു.
പ്രാദേശിക തലത്തില്‍ വാര്‍ത്തയാകേണ്ട സംഭവത്തെ സംസ്ഥാനത്ത് മുഴുവന്‍ എത്തിച്ചു, യുവമോര്‍ച്ച സമരത്തിന് വലിയ പ്രാധാന്യം ലഭിക്കാന്‍ ഇടയാക്കി, സംസ്ഥാനത്തും ദേശീയ തലത്തിലും ബിജെപി ഈ വിഷയം ഉയര്‍ത്തി ശ്രദ്ധ നേടിയെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം കോണ്‍ഗ്രസ് ബന്ധമുള്ളയാളും മുന്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനുമായ സുരേഷ് കൊട്ടാരക്കര ഡിവൈഎസ്പിയായി എത്തിയത് സിപിഎം അനുകൂല ഉദ്യോഗസ്ഥരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ മാറ്റി നിര്‍ത്തി റാങ്കില്‍ ജൂനിയറായ സുരേഷ്കുമാറിനെ കൊല്ലം റൂറലില്‍ നിയമ കാര്യം കൈകാര്യം ചെയ്യുന്ന പ്രധാന തസ്തികയില്‍ ഡിവൈഎസ്പിയായി നിയമിക്കുകയായിരുന്നു. ഇന്ധനവിലയില്‍ സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഉദ്ഘാടന ചടങ്ങുകളിലേക്ക് കടക്കുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെ ബാരിക്കേഡിന്റെ പിന്‍വശത്തുകൂടി കടന്നെത്തിയ പോലീസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് സൂറത്തിന് തല അടിച്ചു പൊട്ടിച്ചു.
മുളവടികളും ഫൈബര്‍ ദണ്ഡുകളും ഉപയോഗിച്ചായിരുന്നു പോലീസിന്റെ ആക്രമണം. പ്രവര്‍ത്തകരെ റോഡിലിട്ട് വലിച്ചിഴച്ച പോലീസ് തലയ്ക്ക് പരിക്കേറ്റവരെപ്പോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: