ന്യൂദല്‍ഹി: രാജ്യത്ത് നവംബര്‍ 30നകം 90% ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് എടുക്കാത്തവര്‍ക്കും രണ്ടാമത്തെ ഡോസിന്റെ സമയം കഴിഞ്ഞവര്‍ക്കും വീടുതോറുമുള്ള വാക്സിനേഷനാണ് ഇനി പദ്ധതിയിടുന്നത്. മുതിര്‍ന്നവരുടെ 90% ആദ്യ ഡോസ് കോവിഡ് വാക്സിനേഷന് നവംബറിനകം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യ ഹര് ഘര്‍ ദസ്തക് സംരംഭമാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. പരമാവധി സെക്കന്‍ഡ് ഡോസ് കവറേജും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി വ്യക്തമാക്കി. ഇന്ത്യയില്‍ വാക്സിനേഷന്റെ അതിവേഗ പുരോഗതിയാണ് കോവിഡ് കേസുകള്‍ കുറയാന്‍ കാരണം. കോവിഡ്-19 നെതിരെയുള്ള രാജ്യത്തിന്റെ വാക്സിന് ഡ്രൈവ് ജനുവരി 16-നാണ് ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്. ഫെബ്രുവരി രണ്ട് മുതല്‍ മുന്നണി പോരാളികള്‍ക്ക് വാക്സിനേഷന് കൊടുത്തു തുടങ്ങി.അതേസമയം 60 വയസ്സിന് മുകളിലും 45 വയസ്സിന് മുകളിലും രോഗാവസ്ഥയുള്ളവര്‍ക്ക് മാര്‍ച്ച് 1 മുതല്‍ വാക്സിനേഷന് നല്കി തുടങ്ങി. കോവിഷീല്‍ഡും,കോവാക്സിനും കൂടാതെ സപുട്ട്നിക്ക്, മോഡേര്‍ണ, ജോണ്സണ് ആന്‍ ജോണ്‍സണ്‍സ് ജാന്സന്സ് വാക്സിന്, സൈകോവ് -ഡി എന്ന വാക്സിനുകള്‍ക്കുമാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: