ആര്. സഞ്ജയന്
ഡയറക്ടര്‍, ഭാരതീയ വിചാര കേന്ദ്രം
കേരളത്തിന്റെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ നാം മുന്നോട്ട് പോവുകയല്ല ചെയ്തതെന്ന് കാണാം. ഇന്ന് നമ്മള് അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയ എല്ലാ പ്രശ്നങ്ങളും രൂക്ഷമായത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലാണ്. ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വന്ന മാറ്റം വളരെയേറെ ആഘാതം ജന ജീവിതത്തില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ ഇപ്രകാരം ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്.
ആഗോളവത്കരണത്തിന് ശേഷം ലോകത്തില്‍ തന്നെ പല മാറ്റങ്ങളും ഉണ്ടായി. ഈ കാലം മുതല്‍ വൈദേശികം എന്ന് പറയാവുന്ന തരത്തിലൊരു സ്വാധീനം കേരളത്തിലുമുണ്ടായി. പണത്തിന്റെ ഒഴുക്ക് ഈ കാലഘട്ടത്തില്‍ മുന്‍ ദശകങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു. അതിന്റെ പ്രഭാവവും ദുഷ്പരിണാമവും വരെ നമുക്ക് അനുഭവിക്കാന്‍ സാധിച്ചു. അത്തരത്തിലുള്ള വൈദേശിക സാംസ്കാരിക അധിനിവേശങ്ങളും ഇതര സ്വാധീനങ്ങളും പണത്തിന്റെ പ്രഭാവവും അത് സൃഷ്ടിച്ച പുത്തന്‍ ഉപഭോഗ സംസ്കൃതിയും എല്ലാം കേരളത്തെയും ബാധിച്ചു. നമ്മളാണ് അതിന്റെ ഏറ്റവും വലിയ കെടുതികള്‍ ഏല്‍ക്കേണ്ടിവന്നത്.
കേരളത്തിന്റെ ഭരണം കൈയാളിയ രാഷ്ട്രീയ കക്ഷികളാണ് ഇതിന് പ്രധാന കാരണം. അവര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ ജനാധിപത്യ യുഗത്തില്‍ സമൂഹത്തിന്റെ മൊത്തം നേതൃത്വവും ഭരണകൂടത്തിന്റെ കൈയിലാണ്. നമ്മുടെ ദൈനംദിന ജീവിതത്തെ ആകെയും അവരുടെ തീരുമാനങ്ങള്‍ സ്വാധീനിക്കുന്നു. സര്‍വ്വനാശത്തിന്റെ വക്കോളം നാം എത്തിയത് എന്തുകൊണ്ടാണ് എന്ന് നോക്കുമ്പോള്‍ ദൂരക്കാഴ്ചയില്ലാത്ത ഭരണമാണ് 1956 ന് ശേഷം ഇന്നോളം കേരളത്തില്‍ നടന്നത് എന്ന് സംശയമില്ലാതെ പറയാം. ചരിത്രപരമായ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അത് ബോധ്യമാകും. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പഠിക്കാന്‍ ഇവിടെ സാഹചര്യമില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ തന്നെ അതിന് സ്വീകാര്യതയും ലഭിക്കില്ല. പ്രത്യേകതരം കാഴ്ച്ചപ്പാടാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ സൃഷ്ടാക്കള്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വവും അവരുടെ പ്രത്യയശാസ്ത്രപരമായ സവിശേഷതയുമാണ്.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നാണ് പറയാറുള്ളത്. പ്രകൃതിരമണീയം! മഹത്തരമായ ഒരു സാംസ്കാരിക പശ്ചാത്തലവും ഉണ്ട്. അതിലെല്ലാം വലിയ ആഘാതം, വിടവുകള്‍ സംഭവിച്ചിരിക്കുന്നു. പശ്ചിമഘട്ടം, വിശാലമായ കടല്‍ത്തീരം, ഫലഭൂയിഷ്ടമായ ഇടനാട്, നാല്പത്തിനാല് നദികള്‍, കായലുകള്‍, കുളങ്ങള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് കേരളം. നാഗരികതയുടെ വിശിഷ്ടമായ എല്ലാ അടയാളങ്ങളും ഇവിടെയുണ്ടായിരുന്നു. പത്തൊമ്പതാം
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയായിരുന്നു നവോത്ഥാന പ്രക്രിയയുടെ തുടക്കം. അതിന്റെ ഉണര്‍വ്വും തുടര്‍ച്ചയും സാഫല്യവും നമ്മള് അനുഭവിച്ചറിഞ്ഞു. മറ്റൊരു സംസ്ഥാനത്തും ഇപ്രകാരമുള്ള സമഗ്രമായ സാമൂഹ്യ നവോത്ഥാന പ്രക്രിയ ഉണ്ടായിട്ടില്ല. ശ്രീനാരായണ ഗുരുദേവന്, അയ്യങ്കാളി, ശ്രീമദ് ചട്ടമ്പിസ്വാമികള്‍, മന്നത്ത് പത്മനാഭന്, കുമാര ഗുരുദേവന്, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാവരും വിദ്യാഭ്യാസ മണ്ഡലത്തിലുണ്ടായ അസമത്വത്തിന് എതിരെ സാര്‍വത്രിക വിദ്യാഭ്യാസം എന്ന സങ്കല്പം കൊണ്ടുവന്നു. ജനങ്ങളുടെ ജീവിതത്തെ സമഗ്രമായി രൂപപ്പെടുത്തുന്ന കാഴ്ചപ്പാട് സമൂഹത്തിന് നല്കാന് ഇവര്‍ക്കെല്ലാം സാധിച്ചു. അയിത്തത്തിനെതിരെ സൗഹാര്‍ദ്ദപരമായ ബോധവത്കരണം നടത്തി.
ആധുനികവത്കരണവും വ്യാവസായികവത്കരണവും സംഭവിച്ചതും 1930കളിലാണ്. കുണ്ടറ അലിന്‍ഡ് പോലുള്ള സ്ഥാപനങ്ങളും ഇന്നത്തെ ജനകീയ സര്‍ക്കാരുകളുടെ സൃഷ്ടിയല്ല. കേരളം 65 വര്‍ഷം പിന്നിടുമ്പോള്‍ പരമ്പരാഗത വ്യവസായങ്ങളുടെ അവസ്ഥയെന്താണ്? അവിടെ എന്തെല്ലാം സംഭവിച്ചു. 1920 മുതല്‍, പതിനായിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്കിയ പ്രബലമായ വ്യവസായമായിരുന്നു കൊല്ലത്തെ കശുവണ്ടി വ്യവസായം. ആഭ്യന്തര ഉപഭോഗം പതിന്മടങ്ങ് വര്‍ധിച്ചിട്ടും എന്തുകൊണ്ടാണ് ഈ വ്യവസായം പരിതാപകരമായ അവസ്ഥയിലേക്ക് പോയത്? കേരളത്തില്‍ നിന്നും നിരവധി കശുവണ്ടി ഫാക്ടറികളാണ് തമിഴ്നാട്ടിലേക്ക് പോയത്. ക്രമാനുഗതമായി ആ വ്യവസായം കേരളത്തില്‍ തകര്‍ച്ചയിലേക്ക് പോയി. ഇതിന് പരിഹാരം തേടിയോ? ഇത്തരത്തില്‍ പരമ്പരാഗതമായ ഒട്ടനവധി വ്യവസായങ്ങളെ രക്ഷിക്കാന്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെപിപി നമ്പ്യാരുടെ കാലത്ത് തുടങ്ങിയ വ്യവസായ സംരംഭമായിരുന്നു കെല്‍ട്രോണ്‍. ഇന്ന് അതിന്റെ അവസ്ഥയെന്താണ്. ഈ വ്യവസായം എന്തുകൊണ്ട് ഇവിടെ പുലര്‍ന്നില്ല.
കാലം മാറുന്നതിന് അനുസരിച്ച് ഓരോ സ്ഥാപനത്തിനും പരിണാമം വരും. സാഹചര്യം മാറും. ഇതിനനുസരിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള കാലാനുസൃതമായ പരിഷ്കാരങ്ങള്‍ എല്ലാ രംഗത്തും കൊണ്ടുവരണം. എങ്കില്‍ മാത്രമേ ആ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ. സര്‍ക്കാരിന്റെ തീരുമാനമാണ് ഇതില്‍ പ്രധാനം. 1970 കള്‍ക്ക് ശേഷം കേരളത്തില്‍ വ്യവസായം തുടങ്ങാന്‍, അതിന് സന്നദ്ധരായി വരുന്ന വ്യവസായികളെ ഇവിടുത്തെ ഇടതുപക്ഷം അനുവദിച്ചിരുന്നില്ല. എല്ലാവിധ ആധുനികവത്കരണത്തേയും നഖശിഖാന്തം എതിര്‍ത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. മിലിറ്റന്റ് ട്രേഡ് യൂണിയനിസം ആണ് കേരളത്തില്‍ നടക്കുന്നത്. സമ്പത്ത് ഉത്പാദിപ്പിക്കുന്നവന് സാമൂഹ്യവിരുദ്ധനാണ് എന്ന കാഴ്ച്ചപ്പാടാണ് ഇടതുപക്ഷം കേരളത്തില്‍ പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ വ്യക്തിസുരക്ഷപോലും ഉറപ്പില്ലാത്ത കേരളത്തില്‍ ആരും ധൈര്യപൂര്‍വ്വം നിക്ഷേപം നടത്തില്ല. ശ്രീചിത്തിര തിരുന്നാളിനേയും ദിവാന് സര് സിപിയേയും പോലെ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ഭരണാധികാരികള്‍ ആരംഭം കുറിച്ച വികസന പ്രക്രിയയെ മുരടിപ്പിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിന്നീട് വന്ന രാഷ്ട്രീയ നേതൃത്വങ്ങള്ക്കാണ്.
മദ്യവും ലോട്ടറിയുമാണ് ഇപ്പോള്‍ കേരളത്തിന്റെ വരുമാന മാര്‍ഗം. മദ്യം നമ്മുടെ മനുഷ്യശേഷിയെ നശിപ്പിക്കും. ലോട്ടറി ജനങ്ങളെ അലസരും യാഥാര്‍ത്ഥ്യബോധം ഇല്ലാത്തവരുമാക്കി മാറ്റുന്നു. ഒരുപാട് പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന മേഖലയാണ് ലോട്ടറി എന്നതും ഒരു വസ്തുതയാണ്. കേരളത്തില്‍ പുതിയ വ്യവസായങ്ങള്‍ ഉണ്ടാകുന്നില്ല. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. മറ്റൊന്നാണ് പ്രകൃതിയുടെ സമ്പൂര്‍ണ്ണ നാശം. പശ്ചിമഘട്ടം ഇന്ന് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഈ ദുരന്തങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലാണ് പരിസ്ഥിതി ഇത്രത്തോളം നശിപ്പിക്കപ്പെട്ടത്. ഭൂമാഫിയ, മണല്‍ മാഫിയ, ക്വാറി മാഫിയ ഇതെല്ലാം ഈ നാശത്തിന് കാരണമാണ്. മറ്റ് തരത്തിലുള്ള കൈയേറ്റങ്ങളും പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവച്ചു. ആസൂത്രണമില്ലായ്മയാണ് സമസ്ത മേഖലയിലേയും പരാജയത്തിന് ഹേതു. സങ്കുചിതവും വിഭാഗീയതയുമാണ് കേരളത്തില്‍ നടമാടുന്നത്. അതിന്റെ ഉപോത്പന്നമാണ് അഴിമതിയും മൂല്യനിരാസവും. ഐടി മേഖലയിലാണ് ഇനിയുള്ള പ്രതീക്ഷ. കേരളം ജീവിക്കുന്നത് ഗള്‍ഫ് പണം കൊണ്ടാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പണം കൊണ്ടും കടമെടുത്തുമാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്.
പൊതുതാല്പര്യം ഒന്നും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. ഇങ്ങനെ പോയാല്‍ എവിടെയെത്തും എന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം. ഒരു നാട് പുരോഗമിക്കണമെങ്കില്‍ ശരിയായ ഒരു കാഴ്ചപ്പാട് ഉണ്ടാകണം. ഈ കാര്യത്തില്‍ വലിയൊരു ആശയക്കുഴപ്പമുണ്ട്. അല്ലെങ്കില്‍ അത്തരമൊരു അന്തരീക്ഷം ഇവിടെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. പുരോഗമനം എന്നാല്‍ സാംസ്കാരിക നിഷേധവും വര്‍ഗ്ഗസമര സിദ്ധാന്തവും ഭൗതികവാദവും ആണെന്ന ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ ജനങ്ങള്‍ പെട്ടുപോയി. ഈ സാഹചര്യത്തില്‍ വര്‍ത്തമാന കേരളം എവിടെ നില്ക്കുന്നു എന്ന് ചിന്തിക്കണം. സ്വാശ്രയത്വത്തിന് എല്ലാ സാഹചര്യവും ഉണ്ടായിരുന്നു കേരളത്തില്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം നിലവില്‍ വന്ന് ആറര പതിറ്റാണ്ട് പിന്നിടുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് ജനകീയ സര്‍ക്കാരുകള്‍ എന്ത് ചെയ്തു എന്നതും പരിശോധിക്കണം.
മനുഷ്യന് എന്ന സങ്കല്പത്തിന്റെ ഉദാത്തത പുനസ്ഥാപിക്കുകയായിരുന്നു കേരളത്തിലെ നവോത്ഥാന നായകര്‍ ചെയ്തത്. നവോത്ഥാനകാലത്തെ മൂല്യബോധം, സമത്വ ബോധം, സാമൂഹ്യവീക്ഷണം, സാമൂഹിക ഐക്യം, സാംസ്കാരിക മൂല്യം, ദേശീയബോധം ഇതെല്ലാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ആത്മീയ അടിത്തറയുള്ള മനുഷ്യരെ വാര്‍ത്തെടുക്കണം. സമൂലമായ പരിവര്‍ത്തനത്തിലൂടെ, അതിന് തടസ്സം നില്ക്കുന്ന ആശയസംഹിതകളെ, പ്രത്യയശാസ്ത്രത്തെ ഒക്കെയും മറികടന്നു മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: