ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റില്‍ ഉണ്ടായ പിഴവാണെന്ന് സിഎജി റിപ്പോര്‍ട്ട്. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സിഎജിയുടെ നിരീക്ഷണം തെറ്റാണെന്ന് അന്നത്തെ വൈദ്യുതിമന്ത്രി എം.എം. മണി.
2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് പല നീരീക്ഷണങ്ങളും ഉണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ഇത് നിഷേധിച്ചിരുന്നു. പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്നും അതിതീവ്രമഴയാണ് പ്രളയത്തിന് കാരണമെന്നും അന്നത്തെ ഇടതു സര്‍ക്കാര്‍ വാദിച്ചിരുന്നു. “തീവ്രമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ട് തുറന്നത്. സിഎജി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതായി സംശയിക്കുന്നു,”- വൈദ്യുതി മന്ത്രി എംഎം മണി പ്രതികരിച്ചു.
അണക്കെട്ടുകള്‍ എന്തുകൊണ്ട് തുറന്നുവിടേണ്ടിവന്നു എന്നത് സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന രീതിയില്‍ സിഎജി പരിശോധിക്കണം. അതല്ലാതെ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല. ഇത് വികലമായ കാഴ്ചപ്പാടാണെന്നും മണി പറഞ്ഞു.
പ്രളയ ഒഴിവാക്കാനുള്ള യാതൊരു സംവിധാനവും ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. “സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ മുന്നൊരുക്കവും പ്രതിരോധവും” എന്ന റിപ്പോര്‍ട്ടിലാണ് ഡാം മാനേജ്മെന്റില്‍ സംഭവിച്ചിരിക്കുന്ന വീഴ്ചകള്‍ സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. “മഹാപ്രളയ കാലത്ത് പല ഡാമിനും റൂള്‍ കര്‍വ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളില്‍ 2011-നും 2019-നും ഇടയില്‍ ജലസംഭരണ ശേഷി സര്‍വ്വേ നടത്തിയിട്ടില്ല. 2018-ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടര്‍ന്നു. പ്രളയ നിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ല,”- റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: