കോഴിക്കോട്: ഭക്തജനങ്ങള്‍ ജീവിതം നല്‍കി സംരക്ഷിച്ചു വരുന്ന ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്താല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. നിയമവിരുദ്ധമായി കയ്യടക്കിയ ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വിട്ട് നല്‍കണമെന്നവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, വളാഞ്ചേരി വൈക്കത്തൂര്‍ ക്ഷേത്രം, മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം, പോയിലൂര്‍ മുത്തപ്പന്‍ മടപ്പുര തുടങ്ങിയ ക്ഷേത്രങ്ങള്‍ നിയമവിരുദ്ധമായി ബലംപ്രയോഗിച്ച് പിടിച്ചെടുത്തത് വത്സന്‍ തില്ലങ്കേരി ഓര്‍മ്മിപ്പിച്ചു. ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്ത് അഭിനവ ടിപ്പുസുല്‍ത്താന്മാര്‍ വാണരുളുകയാണ്. അവര്‍ ക്ഷേത്ര നശീകരണ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുമാനമുള്ള ക്ഷേത്രങ്ങളുടെ ഭണ്ഡാരവും അക്കൗണ്ടും നോക്കി പോലീസ് ഉദ്യോഗസ്ഥരുടെയും ഗുണ്ടകളുടെയും സഹായത്തോടെ ബലപ്രയോഗം നടത്തിയാണ് ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്നത്. മറ്റു മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ വിശ്വാസത്തിന് അനുസരിച്ച് ഭംഗിയായി നടത്തിക്കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. മതേതരത്വം ഹിന്ദുക്കളെ പീഡിപ്പിക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനും മാത്രമുള്ളതാണ്. അര്‍ദ്ധരാത്രിയില്‍ കള്ളന്മാരെയും കൊള്ളക്കാരെയും പോലെ പൂട്ടുപൊളിച്ച് അകത്തു കയറിയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭരണം പിടിച്ചെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ഹൈന്ദവ വിരുദ്ധ നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ നൂറോളം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍. നീലകണ്ഠനെ ഉപരോധിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഹിന്ദു ഐക്യവേദിയുടെ ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പരിഗണിച്ചതായി രേഖാമൂലം എഴുതി നല്‍കിയതോടെയാണ് രണ്ടര മണിക്കൂറിലേറെ നീണ്ട ഉപരോധം അവസാനിപ്പിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, പി.വി. മുരളീധരന്‍, കെ. ഷൈനു, ദാമോദരന്‍ കുന്നത്ത്, സുരേഷ് ആയഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: