തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇറക്കിയതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെന്ന് ബെന്നിച്ചന് തോമസ്. ഇതുസംബന്ധിച്ച് ബെന്നിച്ചന് തോമസ് വനം വകുപ്പിന് കത്ത് നല്‍കിയതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏകപക്ഷീയമായി മരംമുറിക്കാനുള്ള ഉത്തരവ് ഇറക്കിയെന്ന് ആരോപിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന് തോമസിനെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇത് കൂടാതെ മരംമുറിയുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്നേ മെയ് മാസത്തില്‍ തന്നെ ആരംഭിച്ചതാണെന്നും ഇ ഫയല്‍ രേഖകള്‍ പുറത്തുവന്നിരുന്നു. മെയ് 23ന് വനം വകുപ്പില്‍ നിന്നും ജലവിഭവ വകുപ്പില്‍ എത്തിയ ഫയല്‍ വകുപ്പുകളിലെ പല ഉദ്യോഗസ്ഥരുടേയും പക്കല്‍ എത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇത്രയും ഗൗരവമായ വിഷയം കൈകാര്യം ചെയ്യുന്ന ഫയല്‍ കണ്ടിട്ടില്ലെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
അതേസമയം വിഷത്തില്‍ ജലവിഭവ അഡീഷണല്‍ സെക്രട്ടറി മൂന്ന് തവണ യോഗംചേര്ന്നതാണെന്ന് ബെന്നിച്ചന്റെ കത്തില്‍ വ്യക്തമാകുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് മരം മുറിക്കാനുള്ള ഉത്തരവ് നല്‍കിയത്. ഇത് വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
ബേബി ഡാം ശക്തപ്പെടുത്താന്‍ 23 മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. സെക്രട്ടറിതല ചര്‍ച്ചകളിലും പല പ്രാവശ്യം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുപിന്നാലെയാണ് 15 മരങ്ങള്‍ മുറിച്ചുമാറ്റാനായി ഉത്തരവിറക്കിയത്. ഇത് വിവാദമായതോടെ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും തങ്ങളുടെ അറിവോടെയല്ല ഉത്തരവ് ഇറക്കിയത്. ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്ന് തന്നെയാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി വിഷയത്തില്‍ നിന്നും തലയൂരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന വിധത്തില്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: