ചെന്നൈ : കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്സ്പ്രസ്പാളം തെറ്റി. ബെംഗളുരു സേലം സെക്ഷനിലെ ടോപ്പുരു ശിവാജി മേഖലയിലാണ് സംഭവം നടന്നത്. ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായമില്ല, ട്രെയിനിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. റെയില്‍ വേ ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളില്‍ തട്ടിയാണ് അപകടം സംഭവിക്കുന്നത്. ട്രെയിനിന്റെ എസി കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും ആണ് പാളം തെറ്റിയത്. വേഗത കുറവ് ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബെംഗളൂരുവില്‍ എത്തേണ്ടതായിരുന്നു.
ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് മടങ്ങാനായി റെയില്‍വേ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15ലധികം ബസുകളാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. റെയില്‍വേ ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോര്‍, അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.കെ. മിശ്ര, പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനിയര്‍ എസ്പിഎസ് ഗുപ്ത എന്നിവരടങ്ങുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും റയില്‍വേ അറിയിച്ചു
ഇത് കൂടാതെ വിവരങ്ങള്‍ നല്‍കാനായി ഹൊസൂറിലും ബെംഗളൂരുവിലും ധര്മപുരിയിലുമായി ഹെല്പ് ഡെസ്കുകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: