ഭാരതമുള്‍പ്പെടെ എട്ട് രാഷ്ട്രങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്ന് നടത്തിയ സംയുക്ത പ്രഖ്യാപനം മേഖലയ്ക്ക് ഭീഷണിയായ ഭീകരവാദത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഭാരതം, റഷ്യ, ഇറാന്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പാകിസ്ഥാനെയും ചൈനയെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ ആ രാജ്യങ്ങള്‍ വിട്ടുനിന്നെങ്കിലും യോഗതീരുമാനങ്ങളെ അത് ഒരുതരത്തിലും സ്വാധീനിച്ചില്ല. റഷ്യയെപ്പോലുള്ള ഒരു വന്‍ ശക്തിയെയും അഫ്ഗാനിലെ താലിബാന് ഭരണത്തോട് തുടക്കത്തില്‍ സഹകരിച്ച ഇറാനെയും യോഗത്തില്‍ പങ്കെടുപ്പിക്കാനും ഭീകരവാദത്തിനെതിരായ സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവയ്പ്പിക്കാനും കഴിഞ്ഞത് ഭാരതം നേടിയ നയതന്ത്ര വിജയമാണ്.
എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സര്‍ക്കാരാണ് അഫ്ഗാനില്‍ അധികാരത്തില്‍ വരേണ്ടതെന്ന, യോഗം മുന്നോട്ടുവച്ച ആവശ്യം താലിബാന് വാഴ്ചയ്ക്കെതിരായ മുന്നറിയിപ്പാണ്. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ പാകിസ്ഥാന്റെയും ചൈനയുടെയും പിന്തുണയില്‍ കാബൂളിന്റെ അധികാരം പിടിച്ച താലിബാനെ ഭാരതം അംഗീകരിച്ചിരുന്നില്ല. അഫ്ഗാന് ജനതയുടെ സുരക്ഷയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും ഭാരതം വ്യക്തമാക്കിയിരുന്നു. ഈ ദിശയില്‍ നിര്‍ണായക ചുവടുവയ്പ്പാണ് ദല്‍ഹിയില്‍ ചേര്‍ന്ന സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം. അഫ്ഗാനിലെ സംഭവ വികാസങ്ങള്‍ ആ രാജ്യത്തെ ജനങ്ങളെ മാത്രമല്ല, അയല്‍ രാജ്യങ്ങളുടെ സ്ഥിരതയേയും ബാധിക്കുമെന്ന് യോഗാധ്യക്ഷനായ അജിത് ഡോവല്‍ വ്യക്തമാക്കിയതിനെ മറ്റ് രാജ്യങ്ങള്‍ അംഗീകരിച്ചതിനു തെളിവാണ് സംയുക്ത പ്രഖ്യാപനം.
അഫ്ഗാനിസ്ഥാനില്‍ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ച് മേഖലയിലെ സുരക്ഷയെക്കുറിച്ചും അതിന്റെ രാജ്യാന്തര പ്രത്യാഘാതങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. അഫ്ഗാനിലെ താലിബാന് ഭരണത്തെ തുറന്നെതിര്‍ക്കുന്നില്ലെങ്കിലും ആ രാജ്യത്തെ ഇപ്പോഴുള്ള ഭരണം എല്ലാവരെയും പ്രതിനിധീകരിക്കുന്നതാവണമെന്ന് പ്രഖ്യാപനം വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. വൈദേശിക ശക്തികള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ഇടപെടലുകളെ അംഗീകരിക്കാനാവില്ലെന്ന നിലപാട് പാകിസ്ഥാനും ചൈനയ്ക്കും എതിരായ വിമര്‍ശനമാണ്. താലിബാന് അധികാരം പിടിച്ചശേഷം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവനും പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വിശ്വസ്തനുമായ ഫയാസ് ഹമീദ് രണ്ട് തവണ കാബൂള്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനം.
അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരവാദികള്‍ക്ക് അഭയം നല്‍കാനും പരിശീലനം നല്‍കാനും ഭീകരാക്രമണം ആസൂത്രണം ചെയ്യാനും സാമ്പത്തിക സഹായം നല്‍കാനും ഉപയോഗിക്കരുതെന്ന് സംയുക്ത പ്രഖ്യാപനം ആവശ്യപ്പെടുന്നു. മേഖലയിലെ മതമൗലികവാദത്തിനും തീവ്രവാദത്തിനും വിഘടനവാദത്തിനും മയക്കുമരുന്നു കടത്തിനും എതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രഖ്യാപനത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അഫ്ഗാനിലെ മുഴുവന്‍ ജനങ്ങളുടെയും പ്രാതിനിധ്യമുള്ള ഒരു ഭരണകൂടം ഇതിന് ആവശ്യമാണ്. എല്ലാത്തരം ഭീകരവാദത്തെയും ശക്തമായി അപലപിക്കുന്നുവെന്നും അതിനെതിരായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കുകയുണ്ടായി. യോഗത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തിയിരുന്നു.
അഫ്ഗാന് ജനതയുടെ ഇപ്പോഴത്തെ കഷ്ടപ്പാടുകളില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം, ആ രാജ്യത്ത് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. സമാധാനവും സുരക്ഷയും സ്ഥിരതയുമുള്ള അഫ്ഗാനിസ്ഥാനെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും വ്യക്തമാക്കി. യോഗത്തില്‍ നിന്ന് വിട്ടുനിന്ന ചൈനയുടെയും പാകിസ്ഥാന്റെയും നടപടി ആ രാജ്യങ്ങളുടെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്ന തങ്ങള്‍ ഒറ്റപ്പെടുമെന്ന് മനസ്സിലാക്കിയാണ് പാകിസ്ഥാനും ചൈനയും യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഇതുവഴി മേഖലയില്‍ ഈ രാജ്യങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇത് മറച്ചുപിടിക്കാനാണ് താലിബാന് പ്രതിനിധികള്‍ പാകിസ്ഥാനിലെത്തി ചര്‍ച്ച നടത്തുന്നത്.
ദല്‍ഹിയിലെ യോഗത്തിനിടെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവും അജിത് ഡോവലും തമ്മില്‍ നടത്തിയ ചര്‍ച്ച പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. സുരക്ഷാ പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കേണ്ട ആവശ്യകതയിലേക്കാണ് ഈ ചര്‍ച്ച വിരല്‍ചൂണ്ടിയത്. പ്രസിഡന്റ് വഌഡിമര്‍ പുടിന് അടുത്തു തന്നെ നടത്താനിരിക്കുന്ന ഭാരത സന്ദര്‍ശനവും ചര്‍ച്ചാ വിഷയമായി. അഫ്ഗാനിലെ താലിബാന് വാഴ്ചയെ ഭാരതത്തിനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്കും പാകിസ്ഥാനുമെതിരായ മുന്നറിയിപ്പാണ് റഷ്യയുടെ സഹകരണം. ഭീകരവാദത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ചൈനയ്ക്കും പാകിസ്ഥാനുമൊപ്പമല്ല, ഭാരതത്തിനൊപ്പമാണെന്ന് റഷ്യ തെളിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇറാന്റെ സഹകരണവും ഉറപ്പുവരുത്താന്‍ ഭാരതത്തിന് കഴിഞ്ഞിരിക്കുന്നു. ഫലത്തില്‍ ദല്‍ഹിയിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗവും സംയുക്ത പ്രഖ്യാപനവും മേഖലയിലെ ഭാരതത്തിന്റെ നേതൃത്വം അരക്കിട്ടുറപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: