ന്യൂദല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മലാല യുസഫ്സായി ഒരു പാകിസ്ഥാന് യുവാവിനെ വിവാഹം കഴിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി എഴുത്തുകാരി തസ്ലിമ നസ്റിന്.
മലാല 24ാം വയസ്സില്‍ ഒരു പാക് യുവാവിനെ വിവാഹം കഴിച്ചത് തികച്ചും അപ്രതീക്ഷിതമാണ്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം മലാല ഒരു പുരോഗമനവാദിയെ വിവാഹം കഴിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പുരോഗമനവാദിയായ ഒരു ഇംഗ്ലീഷുകാരനുമായി പ്രണയത്തിലായതിന് ശേഷം അയാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് 30 വയസ്സിന് ശേഷം ചിന്തിക്കും എന്നാണ് കരുതിയതെന്നും തസ്ലിമ നസ്റീന് വിമര്‍ശനസ്വരത്തില്‍ ട്വിറ്ററില്‍ കുറിച്ചു. ബുധനാഴ്ച വിവാഹിതയാകുമ്പോള്‍ മലാലയുടെ പ്രായം വെറും 24 ആയിരുന്നു.
വിവാഹം എന്ന ഉടമ്പടിക്കെതിരെ ആറ് മാസം മുമ്പ് മലാല സംസാരിച്ചിരുന്നു. രണ്ട് പേര്‍ക്ക് വിവാഹം ചെയ്യണമെങ്കില്‍ എന്തിനാണ് പേപ്പറില്‍ ഒപ്പുവെച്ച് ഒരു ഉടമ്പടിയെന്നായിരുന്നു മലാല അന്ന് ചോദിച്ചത്. എന്നാല്‍ തികച്ചും യാഥാസ്ഥിതികമായ വിവാഹമായിരുന്നു മലാലയുടേത്. ഇരുവരും ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് നിക്കാഹ് നടത്തിയത്.
മലാലയുടെ ഭര്‍ത്താവ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രകടനം ഉയര്‍ത്തുന്നതിനുള്ള കേന്ദ്രത്തിന്റെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന അസെര്‍ മാലിക്കാണ്. കായികമേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു അസെര്‍ മാലിക്ക്. പാകിസ്ഥാനിലെ ഒരു പ്രൊഫഷണല്‍ ട്വിന്റി ട്വന്റി ഫ്രാഞ്ചൈസായ മുല്റ്റാന് സുല്‍ത്താന്‍സിന് വേണ്ടി കളിക്കാരെ വാര്‍ത്തെടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയ വ്യക്തിയാണ് അസെര്‍ മാലിക്ക്. 2020ലാണ് പാകിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡില്‍ ജോലിക്ക് പ്രവേശിച്ചത്. പാകിസ്ഥാനിലെ ലാഹോറില്‍ അചിന്സന് കോളിലാണ് അസെര്‍ മാലിക്കിന്റെ സ്കൂള്‍ വിദ്യാഭ്യാസം.
ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ വീട്ടിലായിരുന്നു മലാലയുടെ വിവാഹം. ‘ഇന്ന് എന്റെ ജീവിതത്തിലെ അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളാവാന്‍ വിവാഹിതരായി. ബര്‍മിങ്ഹാമിലെ വീട്ടില്‍ ഞങ്ങളുടെ കുടുംബക്കാരോടൊപ്പമുള്ള ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. എല്ലാവരും പ്രാര്‍ത്ഥനകള്‍ അറിയിക്കുക. ഭാവിയിലേക്കുള്ള യാത്രയില്‍ ഒന്നിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് ആവേശമുണ്ട്,’ – മലാല നിക്കഹാിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. ഈ ട്വീറ്റ് വൈറലായി. പക്ഷെ പൊതുവേ ഇസ്ലാമിക തീവ്രവാദത്തെ മലാല പഴയതുപോലെ വിമര്‍ശിക്കുന്നില്ലെന്ന വിമര്‍ശനം മലാലയ്ക്കെതിരെ ശക്തമായി ഉയരുന്നതിനിടയിലാണ് വിവാഹം നടന്നത്.
‘മലാല ഒരു മുസ്ലിമിനെ, പാകിസ്ഥാനിയെ വളരെ ചെറിയപ്രായത്തില്‍ തന്നെ വിവാഹം കഴിച്ചതില്‍ സ്ത്രീവിദ്വേഷികളായ താലിബാന്‍കാര്‍ സന്തോഷിക്കുന്നുണ്ടാകും.’- മറ്റൊരു ട്വീറ്റില്‍ തസ്ലിമ നസ്റീന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: