കാബൂള്‍: പട്ടിണിയില്‍ വലയുന്ന അഫ്ഗാന്‍ ജനത കുട്ടികളെയും വില്‍ക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളടക്കമുള്ളവ വാങ്ങാന്‍ പണമില്ലാതെ പുതിയ താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി ദയനീയമാണെന്നാണ് കാനഡ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റി (ഇഫ്രാസ്) റിപ്പോര്‍ട്ട് ചെയ്യുന്നത്.
95 ശതമാനം അഫ്ഗാനികള്‍ക്കും വേണ്ടത്ര ഭക്ഷണം ഇല്ല. ജനസംഖ്യയുടെ പകുതിയും ശൈത്യകാലം ആരംഭിക്കുന്നതോടെ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്ന് ഇഫ്രാസ് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെയും യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലെ ഫുഡ് സെക്യൂരിറ്റി ആന്‍ഡ് അഗ്രികള്‍ച്ചര്‍ ക്ലസ്റ്ററിന്റെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഇഫ്രാസിന്റെ വിലയിരുത്തല്‍.
2021 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച അവസാന വിലയിരുത്തല്‍ റിപ്പോര്‍ട്ടിന് ശേഷം കടുത്ത പട്ടിണി നേരിടുന്ന അഫ്ഗാനികളുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധനവ് ഉണ്ടായി എന്നാണ് കണക്ക്. അഞ്ച് വയസ്സിന് താഴെയുള്ള 3.2 ദശലക്ഷം കുട്ടികളും ഈ വര്‍ഷാവസാനത്തോടെ രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വരള്‍ച്ച, സംഘര്‍ഷം, കൊവിഡ്, സാമ്പത്തിക പ്രതിസന്ധി എന്നിവയുടെ ആഘാതങ്ങള്‍ അഫ്ഗാന്‍ ജീവിതത്തെ സാരമായി ബാധിച്ചു. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലത്ത് രണ്ടില്‍ ഒരു അഫ്ഗാനി ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടേണ്ടിവരും.
പത്തുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പട്ടിണിക്കണക്കാണ് ഇത്. അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡബ്ല്യുഎഫ്പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി പറഞ്ഞു. ഈ പ്രതിസന്ധിയെ നേരിടാന്‍ അന്താരാഷ്‌ട്ര സമൂഹം ഒത്തുചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: