കൊച്ചി : നടന് ജോജു ജോര്‍ജിന്റെ തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള അഞ്ച് നേതാക്കള്‍ക്ക് ജാമ്യം. അറസ്റ്റിലായ അഞ്ച് പേര്‍ക്കും എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഞ്ച് പേരോടും 37,500 രൂപ വീതം കെട്ടിവെയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഓരോരുത്തര്‍ക്കും 50,000 രൂപയുടെ രണ്ട് ആള് ജാമ്യവും നല്‍കാനും കോടതിയുടെ ജാമ്യ വ്യവസ്ഥയില്‍ പറയുന്നുണ്ട്. ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയാല്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാം.
വഴിതടയല്‍ സമരത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കാര്‍ തല്ലി തകര്‍ത്തെന്നതാണ് കേസ്. കാറിന്റെ ചില്ല് മാറ്റുന്നതിനുള്‍പ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവു വരുമെന്നാണ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഈ തുകയുടെ 50% തുക പ്രതികള്‍ കെട്ടിവയ്ക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
കേസില്‍ അറസ്റ്റിലായ ഷാജഹാന്, അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്ക് കൂടി ഇനി ജാമ്യം ലഭിക്കാനുണ്ട്. ഇവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: