രാജ്യത്തെ ടെലികോം വമ്പന്മാരായ എയര്‍ടെല്‍, വിഐ, ജിയോ എന്നിവയ്ക്ക് കുറഞ്ഞ വിലയില്‍ 5ജി സ്പെക്ട്രം ലഭിച്ചേക്കുമെന്ന് സൂചന. ഇതോടെ ഉപഭോക്താക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ 5ജി സേവനം ലഭിച്ചേക്കും. ഉയര്‍ന്ന അടിസ്ഥാന വില കാരണം ഭാരതി എയര്‍ടെല്‍, വിഐ, റിലയന്‍സ് ജിയോ എന്നിവര്‍ 700 മെഗാ ഹെര്‍ട്ട്സ് സ്പെക്ട്രം വാങ്ങുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും (ഡോട്ട്) റെഗുലേറ്ററും വ്യത്യസ്ത ഫ്രീക്വന്‍സി ബാന്‍ഡുകളിലെ സ്പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.
ഇക്കണോമിക് ടൈംസിന്റെ ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്, 700 മെഗാ ഹെര്‍ട്ട്സ്, 3300 മെഗാ ഹെര്‍ട്ട്സ്-3.6 ജിഗാ ഹെര്‍ട്ട്സ് ബാന്‍ഡുകളിലെ സ്പെക്ട്രത്തിന് റെഗുലേറ്റര്‍ കുറഞ്ഞ അടിസ്ഥാന വില ശുപാര്‍ശ ചെയ്യുമെന്ന് ഫിച്ച് റേറ്റിങ്സ് അറിയിച്ചു. രാജ്യത്ത് 5ജി സേവനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ടെലികോം കമ്പനികള്‍ക്ക് ഈ ബാന്‍ഡുകള്‍ നിര്‍ണായകമാകും.
ഇതിനിടെ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി ട്രയല്‍ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി സ്പെക്ട്രത്തിന്റെ ലേലം 2022ല്‍ നടക്കുമെന്നും ഫിച്ച് റേറ്റിംഗ്സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് സമയത്തായിരിക്കും ലേലം നടക്കുക. എന്നാല്‍, 5ജിയുടെ വാണിജ്യ ലോഞ്ചിങ് 2023ലാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എംഎം വേവ് ബാന്‍ഡുകള്‍, 3.5 ജിഗാഹെര്‍ട്ട്സ് ബാന്‍ഡുകള്‍, 700 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ എന്നിവയ്ക്ക് പുതിയ വിലകള്‍ ശുപാര്‍ശ ചെയ്യാന്‍ സെപ്റ്റംബറില്‍ ഡോട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) ആവശ്യപ്പെട്ടിരുന്നു. പുതിയ 600 മെഗാഹെര്‍ട്സ് ബാന്‍ഡുകളും ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്താന്‍ ടെലികോം വകുപ്പ് റെഗുലേറ്ററോട് ആവശ്യപ്പെട്ടിരുന്നു. 600 മെഗാ ഹെര്‍ട്ട്സ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് മികച്ച കവറേജ് നല്‍കുന്നതിന് ഓപ്പറേറ്റര്‍മാരെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: