കണ്ണൂർ : പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര പിടിച്ചെടുക്കാന്‍ വീണ്ടും ദേവസ്വം ബോര്‍ഡ് ശ്രമം. ഇന്നലെ കാലത്ത് 6.30 ഓടെ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുരയില്‍ കൂത്തുപറമ്പ് എസിപി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തി ക്ഷേത്ര ഓഫീസിന്റെ പൂട്ട് വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് തകര്‍ത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത്, വടക്കയില്‍ പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിക്കുകയും പണം, രേഖകള്‍ എന്നിവ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. തൃപ്പങ്ങോട്ടൂര്‍ വില്ലേജ് ഓഫീസര്‍ സുനില്‍, വില്ലേജ് അസിസ്റ്റന്റ് രജീഷ്, കൊളവല്ലൂര്‍ സി ഐ എം സജിത്ത്, എസ്‌ഐ കെ. സുഭാഷ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
വന്‍ പോലീസ് സന്നാഹത്തോടെ ക്ഷേത്രവാതില്‍ പൊളിയ്‌ക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ നാമജപത്തിലൂടെ തടഞ്ഞതോടെ പോലീസ് പിന്‍മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസിനും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും ക്ഷേത്ര വാതില്‍ പൊളിക്കാന്‍ കഴിഞ്ഞില്ല. ക്ഷേത്ര കാര്യാലയം പോലീസും ദേവസ്വം അധികൃതരും പുതിയ പൂട്ടിട്ട് പൂട്ടുകയും അവര്‍ പിന്മാറുകയും ചെയ്തു. ദേവസ്വം ഉത്തരവനുസരിച്ച് സിസി ക്യാമറ സ്ഥാപിക്കാന്‍ തൊഴിലാളികള്‍ എത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടി വന്നു. ദേവസ്വം ബോര്‍ഡ് സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാരുടെ ഭാഗത്തുനിന്നുമുണ്ടായി.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ ദീപാരാധനയും, പയങ്കുറ്റിയും നടന്നുവരുന്നത്. വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിന് ഇടയില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യാജരേഖ ചമച്ച് ക്ഷേത്രം പിടിച്ചെടുക്കാന്‍ ഏതാനും വര്‍ഷങ്ങളായി ശ്രമം നടത്തി വരികയായിരുന്നു. ക്ഷേത്രം ഏറ്റെടുക്കാനുളള നീക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ചിരപുരാതനമായ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര നാട്ടുകാരാണ് നടത്തിവരുന്നത്. മൂന്ന് കേസ് നിലവിലിരിക്കെ വ്യാജരേഖ ചമച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും മുത്തപ്പന്‍ മടപ്പുര പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി വി.പി. സുരേന്ദ്രന്‍ അറിയിച്ചു.
പയേരി ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ ദീപേഷിന്റെ നേതൃത്വത്തിലാണ് പൂട്ടു പൊളിക്കല്‍ നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് വി. ശശിധരന്‍, സംഘപരിവാര്‍ സംഘടനാ നേതാക്കളായ വി.പി. സുരേന്ദ്രന്‍, സി. ഗീരീഷ്,വി.പി. ബാലന്‍ , ഓട്ടാണി പത്മനാഭന്‍ , ഇ.പി. ബിജു, മനോജ് പൊയിലൂര്‍, ശോഭ, എ.പി. വസന്ത, വി. പ്രസീത, കെ.വി. പ്രമോദ്, പി. ലിജീഷ് തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: