കുന്നംകുളം: കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എട്ടു ദിവസങ്ങളിലായി നടക്കുന്ന ഋഗ്വേദ പാരായണ മത്സരമായ അന്യോന്യം 15ന് തുടങ്ങും. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പഠന പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം എന്നിവിടങ്ങളിലെ വേദ പഠന വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ചടങ്ങുകള്‍ മാത്രമായാണ് അന്യോന്യം നടത്തിയത്. കൂടുതല്‍ ഇളവുകള്‍ വന്നതോടെ ദേശീയ തലത്തിലുള്ള സെമിനാറുകള്‍, വിദ്വല്‍ സഭകള്‍, സംവാദങ്ങള്‍, ദേവാരാധന എന്നീ പരിപാടികളും ഇത്തവണ ഉണ്ടാവും.
16 മുതല്‍ അന്യോന്യം വാരമിരിക്കല്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേശീയ സെമിനാറുകളും മറ്റു കലാ പരിപാടികളും നടക്കും. 21ന് രാവിലെ 10ന് അക്കിത്തം അനുസ്മരണ സമ്മേളനം നടക്കും. തുടര്‍ന്ന് ‘അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം’ എന്ന ഡോക്യൂമെന്ററി പ്രദര്‍ശനമുണ്ടാകും. അന്യോനത്തിന് സര്‍ക്കാര്‍ വക സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും വര്‍ഷങ്ങളായി അതെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിയെന്ന് അന്യോന്യ പരിഷത്ത് ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, കെ.ബി. അരവിന്ദന് പി. വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: