Categories: Kasargod

തൊഴില്‍ അന്വേഷകരെ ചേര്‍ത്ത് പിടിച്ച് കേന്ദ്ര സര്‍ക്കാര്‍: കാസർകോടിന് അഭിമാനമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, വിധവകള്‍ക്ക് വായ്പാ സഹായം

ഒന്നര പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി പന്ത്രണ്ടായിരത്തോളം ആളുകളാണ് വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഉപജീവനത്തിന്റെ വഴി കണ്ടെത്തിയത്.

Published by

കാഞ്ഞങ്ങാട്:  കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് കാസർകോട് ജില്ലയ്‌ക്ക് അഭിമാനമാകുന്നു. യൂണിയന്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രമായ വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന സ്ഥാപനമാണ് തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് കൈതാങ്ങാവുന്നത്.  

ഒന്നര പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി പന്ത്രണ്ടായിരത്തോളം ആളുകളാണ് വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഉപജീവനത്തിന്റെ വഴി കണ്ടെത്തിയത്. കൊവിഡ് കാലത്ത് രണ്ട് പ്രത്യേക കോഴ്‌സുകള്‍ നടത്തി സ്ഥാപനം ശ്രദ്ധ നേടിയിരുന്നു. ചിമേനി തുറന്ന ജയിലിന് വേണ്ടി ഇരു ചക്ര മെക്കാനിക് കോഴ്‌സ്, പരവനടുക്കം ഗവ.മഹിളാ മന്ദിരത്തിന് വേണ്ടി തുണി സഞ്ചി, മാസ്‌ക്, ചവിട്ടി എന്നിവയുടെ നിര്‍മ്മാണ കോഴ്‌സുമാണ് നല്‍കിയത്.

ഈ വര്‍ഷം ഫാസ്റ്റ് ഫുഡ് മേക്കിംഗ്, വനിതാ ടൈലറിംഗ്, ചെറുകിട സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പരിശീലനം, പപ്പടം, അച്ചാര്‍, മസാല പൊടി നിര്‍മ്മാണം, ചുമര്‍ ചിത്രം, വസ്ത്രചിത്രകല ഉദ്യമി, പുരുഷന്‍മാര്‍ക്കുള്ള ബ്യൂട്ടി പാര്‍ലറും സലൂണും, കൂണ്‍ കൃഷി, തുടങ്ങി നിരവധി കോഴ്‌സുകളും നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന പശു വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, കൃഷി, തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷകരില്ലാത്തതിനാല്‍ കോഴ്‌സുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. 

കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമാണ്, ഭക്ഷണം, താമസം, പഠനോപകരണങ്ങള്‍ എന്നിവയും സൗജന്യമാണ്.  18നും 45 നും ഇടയിലുള്ള യുവതീയുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വായ്പയും സ്ഥാപനം തുടങ്ങാനാവശ്യമായ സാങ്കേതിക സഹായങ്ങളും നല്‍കി വരുന്നുണ്ടെന്ന് ഡയറക്ടര്‍ എന്‍.ഷില്‍ജി പറഞ്ഞു.

സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വിധവകള്‍ക്കും മുപ്പത് കഴിഞ്ഞ അവിവാഹിതകള്‍ക്കും സ്ഥാപനം വഴി 50 ശതമാനം സബ്‌സിഡിയോട് കൂടി പലിശരഹിത വായ്പ നല്‍കുന്നു. എന്നാല്‍ നാമമാത്രമായ അപേക്ഷകളാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശരണ്യ പദ്ധതി വഴി 50000 രൂപയാണ് നല്‍കുന്നത്. ഇതില്‍ പകുതി മാത്രം തിരിച്ചടച്ചാല്‍ മതി. ഈ സ്ഥാപനം വഴി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ നിന്ന് പരിശീലനം നല്‍കും. ഈ ആനുകൂല്യം ഗുണഭോക്താക്കള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്വയം തൊഴില്‍ കണ്ടെത്താന്‍ സജ്ജരാകണമെന്ന് ഡയറക്ടര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts