ന്യൂദല്‍ഹി: താലിബാന് ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ പറ്റി ചര്‍ച്ച ചെയ്യുന്നതിനായുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ) പ്രാദേശിക ഉച്ചകോടിക്ക് ഇന്ത്യ ഇന്ന് ആതിഥേയത്വം വഹിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിലായിരിക്കും സമ്മേളനം നടക്കുക.
യോഗത്തില്‍ പങ്കെടുക്കാന്‍ റഷ്യ, ഇറാന്, ചൈന, പാകിസ്ഥാന്, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന് എന്നീ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളെയും ഇന്ത്യ ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയും പാകിസ്ഥാനും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു പ്രതിനിധിയെയും സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ല.
താലിബാന് ഭരണത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത അയല്‍രാജ്യങ്ങളായ താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവയെക്കൂടാതെ എല്ലാ മധ്യേഷ്യന്‍ രാജ്യങ്ങളും ഒന്നിച്ചു പങ്കെടുക്കുന്ന ആദ്യ ചര്‍ച്ചയാണിത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുടെ വീഴ്ച പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പ്രസക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് വരാനിരിക്കുന്ന കൂടിക്കാഴ്ചയെ ലോകം വിലയിരുത്തുന്നത്.
അഫ്ഗാന് സ്ഥിതിഗതികള്‍ സംബന്ധിച്ച് നടക്കുന്ന മൂന്നാമത്തെ യോഗമാണിത്. 2018 സെപ്റ്റംബറിലും 2019 ഡിസംബറിലുമാണ് ആദ്യ രണ്ടു യോഗങ്ങള്‍ നടന്നത്. ഇറാനാണ് കഴിഞ്ഞ ഈ രണ്ടു യോഗങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചത്. അഫ്ഗാനിസ്ഥാന് സഹായം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രതീക്ഷാപരമായ നടപടിയായാണ് കാബൂള്‍ ഈ ചര്‍ച്ചയെ കാണുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തത്. അതിനു ശേഷം നിരവധി മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് അവിടെ അരങ്ങേറിയത്. താലിബാന്റെ കീഴിലുള്ള സര്‍ക്കാരിനെ ഇതുവരെ ഒരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര സഹായം നിലച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. താലിബാന്റെ അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം മറ്റൊരു ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നുമുള്ള ഭീഷണിയും ഇപ്പോള്‍ രാജ്യം നേരിടുന്നുണ്ട്.
താലിബാന്റെ കീഴിലുള്ള സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് ആഗോള സമൂഹത്തിന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഫ്ഗാന് മണ്ണ് പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തോയ്ബ, ജെയ്ഷെ-ഇ-മുഹമ്മദ് പോലെയുള്ള തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ താലിബാന് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: