കേരളത്തില്‍ ചില ഹിന്ദു-ക്രൈസ്തവ മതനേതാക്കളെ ലക്ഷ്യമിട്ട് ഇസ്ലാമിക ഭീകരസംഘടനയുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അത്യന്തം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നാര്‍ക്കോട്ടിക് ജിഹാദിനെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കിയ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഭീകരര്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉത്തര മലബാറിലെ ചില ഹിന്ദു നേതാക്കളെയും സംന്യാസിമാരെയും ഇവര്‍ ലക്ഷ്യമിടുന്നതായും ഏജന്‍സിക്ക് വിവരം ലഭിച്ചതായാണ് അറിയുന്നത്. ലൗജിഹാദിനു പുറമെ മയക്കുമരുന്നിലൂടെ ക്രൈസ്തവ പെണ്‍കുട്ടികളെ വലയില്‍ കുരുക്കുന്ന നാര്‍ക്കോട്ടിക് ജിഹാദിനെതിരെ കരുതിയിരിക്കണമെന്ന് ബിഷപ്പ് പറഞ്ഞത് ഇസ്ലാമിക തീവ്രവാദ-ഭീകര സംഘടനകള്‍ വലിയ വിവാദമാക്കിയിരുന്നു. ബിഷപ്പ് ഹൗസിലേക്ക് എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഷപ്പ് ചെയ്തത്. ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് പല ക്രൈസ്തവ സംഘടനകളും സഭാ വ്യത്യാസം മറന്ന് രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്ലാമിക ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ ബിഷപ്പിനെ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്ലാമിക ഭീകരതയുടെ വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ട് വര്‍ഷങ്ങളായി. ആഗോള ഭീകര സംഘടനകളായ ഐഎസ്ഐഎസിലേക്കും അല്ഖ്വയ്ദയിലേക്കുമൊക്കെ ഇവിടെ നിന്ന് യുവതീയുവാക്കള്‍ ചേക്കേറിയിട്ടുള്ളത് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ ഇതിനു നേര്‍ക്ക് കണ്ണടച്ചിരുട്ടാക്കുന്ന സമീപനമാണ് സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇസ്ലാമിക തീവ്രവാദികളോട് ഭരണസംവിധാനം സ്വീകരിച്ച അലസ സമീപനമാണ് മതനിന്ദ ആരോപിച്ച് തൊടുപുഴയിലെ കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈ ഭീകരവാദികള്‍ വെട്ടിയെടുക്കാന്‍ ഇടയാക്കിയത്. കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ ഈ സംഭവത്തിനുശേഷവും തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവരുടെ അതിക്രമത്തിനിരയായ അധ്യാപകനെ കുറ്റപ്പെടുത്താനാണ് പലരും ശ്രമിച്ചത്. ഭയപ്പെട്ടുപോയ ക്രൈസ്തവ സഭകള്‍ ഈ സംഭവത്തോട് അകലം പാലിച്ചു. ഇതുകൊണ്ടുകൂടിയാണ് ജിഹാദി ഭീകരതയ്ക്കെതിരെ ശബ്ദിച്ച പാലാ ബിഷപ്പിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ രംഗത്തു വന്നത്. തങ്ങളുടെ അജണ്ടയ്ക്കെതിരെ ശബ്ദിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, അതിന് ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നുമുള്ള പ്രഖ്യാപിത നയമാണ് മതഭീകരര്ക്കുള്ളത്. ഹൈന്ദവ നേതാക്കളെ ഹിറ്റ്ലിസ്റ്റില് ഉള്‍പ്പെടുത്താനുള്ള കാരണവും ഇതാണ്.
കൈവെട്ട് കേസ് അന്വേഷിക്കാനെത്തിയ ചില പോലീസുകാര്‍ തീവ്രവാദികള്‍ക്ക് അനുകൂലമായിരുന്നുവെന്ന് ആത്മകഥയില്‍ ടി.ജെ. ജോസഫ് പറയുന്നുണ്ട്. ഇപ്പോള്‍ മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് പാലാ ബിഷപ്പിനെതിരെ കേസെടുത്ത പോലീസ് നടപടി മത തീവ്രവാദികള്‍ക്ക് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണ്. കേരളത്തില്‍ ഇസ്ലാമിക ഭീകര സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സേവനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പറയുകയുണ്ടായി. എന്നാല്‍ പോലീസ് മേധാവിയുടെ ഈ വെളിപ്പെടുത്തല്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നിഷേധിക്കുകയാണ് ചെയ്തത്. അല്‍ഖ്വയ്ദയിലേക്കും ഐഎസിലേക്കും മറ്റും ഏറ്റവും കൂടുതല്‍ യുവതീയുവാക്കള്‍ പോയിട്ടുള്ളത് കേരളത്തില്‍ നിന്നാണെന്നിരിക്കെ, ഇത്തരം സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ശഠിക്കുന്നത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാണല്ലോ. കേരളത്തില്‍ വേരുകളുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവര്‍ പോലീസില്‍ പോലും പ്രവര്‍ത്തിക്കുന്നതായാണ് അറിവ്. പോലീസിന്റെ ഇ-മെയില്‍ വിവരങ്ങള്‍ ഇസ്ലാമിക മതമൗലികവാദികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് ഒരു എസ്ഐ തന്നെ കേസില്‍ പ്രതിയാവുകയുണ്ടായല്ലോ. തീവ്രവാദ സംഘടനകളുടെ സമര്‍ദ്ദത്തെത്തുടര്‍ന്ന് ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദികളുടെ ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന രീതിയിലാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ ഹിന്ദു-ക്രൈസ്തവ മതനേതാക്കളുടെ ജീവനു ഭീഷണിയുണ്ടെന്ന വിവരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുത്ത് ഉചിത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: