തിരുവനന്തപുരം: ജോജു പ്രശ്നത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് വിയര്‍ക്കുന്നു. ചൊവ്വാഴ്ചയും ജോജുവിന് റീത്ത് വെച്ച് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. അതിനിടെ ജോജുവിന്റെ കാര്‍ ആക്രമിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി ചൊവ്വാഴ്ച കീഴടങ്ങി.
ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് മരട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പൊലീസ് യൂത്ത് കോണ്‍ഗ്രസിനെതിരെ ശക്തമായി നീങ്ങുകയാണ്.
അതിനിടെ കഴിഞ്ഞ ദിവസം കീടം എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് നടത്തി ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു. പ്രതിസന്ധിയില്‍ കിടക്കുന്ന സിനിമ വ്യവസായത്തെ കൂടുതല്‍ തളര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലാവുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഷൂട്ടിംഗുകള്‍ അലങ്കോലമാക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ നിലപാടെടുക്കുമെന്ന് ഫെഫ്ക ചൊവ്വാഴ്ച താക്കീത് നല്‍കിയിട്ടുണ്ട്.
ഇതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനയുമായി സുധാകരന് ചൊവ്വാഴ്ച ഇറങ്ങിയിരിക്കുന്നത്. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണെന്നും കോണ്‍ഗ്രസിന് സിനിമയെ സംരക്ഷിക്കാനുളള ബാദ്ധ്യതയുണ്ടെന്നുമാണ് സുധാകരന്റെ പ്രസ്താവന. ഇതോടെ ജോജു പ്രശ്നത്തില്‍ എന്ത് പരസ്യനിലപാട് സ്വീകരിക്കണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: