ന്യൂഡൽഹി : പദ്മഭൂഷൻ പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതിലെ ആഹ്ലാദം പങ്കുവെച്ച് ഗായിക ചിത്ര. “ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം”- ചിത്ര തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവെച്ചു.
പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷമാണ് ചിത്ര പ്രധാനമന്ത്രിയെ നേരിൽ കണ്ടത്. പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും , എന്നാൽ ഇത് കാണാൻ തന്റെ മാതാപിതാക്കളോ, മകളോ ഇല്ലായെന്നത് വേദനിപ്പിക്കുന്നുണ്ടെന്നും മലയാളത്തിന്റെ പ്രിയ ഗായിക പറഞ്ഞു.പദ്മശ്രീ പുരസ്കാരം വാങ്ങുമ്പോൾ മകൾ ഒപ്പമുണ്ടായിരുന്നുവെന്നും ചിത്ര പറഞ്ഞു .
രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് ചിത്ര പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത്. മലയാളികളായ ആറ് പേർക്കാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങൾ ലഭിച്ചത്. രാഷ്‌ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പത്മ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരി പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു. അന്തരിച്ച കായിക പരിശീലകൻ ഒ.എം. നമ്പ്യാർക്കുള്ള പത്മശ്രീ പുരസ്‌കാരം ഭാര്യ കെ.വി. ലീല ഏറ്റ് വാങ്ങി. തോൽപാവകളി വിദഗ്ധൻ കെ.കെ. രാമചന്ദ്ര പുലവർ, അന്ധതയെ അതിജീവിച്ച സാഹിത്യകാരൻ ബാലൻ പുതേരി, ഡോ. ധനഞ്ജയ് ദിവാകർ സഗ്‌ദേവ് എന്നിവരാണ് പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച മറ്റ് മലയാളികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: