ഗുരുവായൂര്‍: കോവിഡ് മഹാമാരിയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രം പഴയ പതിവുകളിലേക്ക് മടങ്ങുകയാണ്. ക്ഷേത്രത്തില്‍ നവംബര്‍ 16 മുതല്‍ (വൃശ്ചികം ഒന്ന്) ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കും.
പക്ഷെ നാലമ്പലത്തിലേക്ക് പ്രവേശിക്കാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വെര്‍ച്വല്‍ ക്യൂ സംവിധാനത്തോടെയായിരിക്കും ദര്‍ശനം. കോവിഡ് മൂലം കഴിഞ്ഞ ഒന്നര വര്‍ഷമായി നാലമ്പലത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. അന്ന് കൊടിമരം മുതല്‍ നാലമ്പല കവാടം വരെയായിരുന്നു പ്രവേശനം.
ക്ഷേത്രത്തില്‍ വീണ്ടും വഴിപാടുകള്‍ പുനരാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ചോറൂണ്, പ്രസാദ ഊട്ട്, രാവിലെ അഞ്ചിനുള്ള ഭക്ഷണം എന്നിവ വീണ്ടും തുടങ്ങും. ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന വിവാഹത്തിന് ഇനി 20 പേര്‍ക്ക് പങ്കെടുക്കാം. പത്ത് പേര്‍ക്ക് മണ്ഡപത്തിലും പത്ത് പേര്‍ക്ക് മണ്ഡപത്തിന് താഴെയും നില്ക്കാം. നാല് ഫൊട്ടോഗ്രാഫര്‍മാര്‍ക്കും പ്രവേശനമുണ്ട്. തിങ്കളാഴ്ച ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തിലായിരുന്നു ഈ തീരുമാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: