തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ റാഗിങ് നടത്താറുള്ളതായി മൊഴി. ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥി മഹേഷിന്റെ ആത്മഹത്യക്ക് റാഗിങ്ങാണോ കാരണമായോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം റാഗിങ് മറച്ചുവയ്ക്കാന്‍ കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ ആസൂത്രിത നീക്കം നടത്തുന്നതായി ആപേക്ഷമുയര്ന്നു.
ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നിരന്തരം റാഗിങ്ങിന് ഇരയാവുന്നുന്നുണ്ട്. ഭയംമൂലം ഇവര്‍ പുറത്തു പറയുന്നില്ല. കുട്ടികളുടെ ഫോണ്‍ മുതിര്‍ന്നവര്‍ കൈക്കലാക്കും. തുടര്‍ന്ന് ആ ഫോണിലൂടെ പെണ്‍കുട്ടികള്‍ക്ക് അനാവശ്യ സന്ദേശങ്ങളും ചിത്രങ്ങളും അയക്കും. അടുത്ത ദിവസം കുട്ടികള്‍ ക്ലാസിലെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ അപമാനിതരാവുന്നുണ്ട്. ഇത്തരത്തില്‍ മഹേഷിന്റെ ഫോണും ദുരുപയോഗം ചെയ്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികളും റാഗിങിന് ഇരയായി.
മഹേഷിന്റെ മരണം സംബന്ധിച്ച് എസിപി കെ.സി സേതുവിന്റെ നേതൃത്വത്തിലുള്ള മണ്ണുത്തി പോലീസ് കേസ് അന്വേഷണം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശം പുറത്തുവരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. കഴിഞ്ഞ 24ന് റാഗിങ് നടന്നതായി പെണ്‍കുട്ടികള്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. എല്ലാ കോളേജിലും അധ്യാപകര്‍, പോലീസ്, പിടിഎ പ്രസിഡന്റ് തുടങ്ങിയവരടങ്ങുന്ന റാഗിങ് വിരുദ്ധ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല കോളേജുകളില്‍ ഇത് രൂപീകരിച്ചിട്ടില്ല. പകരം അധ്യാപകരായ മൂന്നുപേരെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തി. ഏതാനും കുട്ടികളെ കണ്ട് റാഗിങ് നടന്നിട്ടില്ലെന്ന് ഒറ്റ ദിവസംകൊണ്ട് റിപ്പോര്‍ട്ട് നല്കി.
പോലീസിന് മൊഴി നല്‍കുമെന്ന ഭീതിയില്‍ റാഗിങിനിരയായ ഒന്നാംവര്‍ഷ പെണ്‍കുട്ടികളെ വീട്ടിലേക്കും വിട്ടയച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കുട്ടി ആത്മഹത്യചെയ്തിട്ടും കോളേജ് ഡീന്‍ ഞായറാഴ്ച തിരുവനന്തപുരത്തേക്ക് പോയി. തിങ്കളാഴ്ചയും കോളേജില്‍ എത്തിയിട്ടില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ അനുവദിക്കണമെന്ന ചട്ടവും പാലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: