കൊല്ലം: സ്വന്തം പോക്കറ്റില്‍നിന്ന് പണം ചെലവഴിച്ച് പെട്രോള്‍ അടിക്കുന്ന ആളല്ല ധനമന്ത്രി കെ.എന്‍. ബാലഗോപാലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കുടുംബത്തില്‍ സ്വന്തമായി പെട്രോള്‍ പമ്പുള്ള ആളാണ്. ഇപ്പോള്‍ മന്ത്രിയായതിനാല്‍ സര്‍ക്കാര്‍ ചെലവിലാണ് പെട്രോള്‍ അടിക്കുന്നത്. ഇനി മന്ത്രിയല്ലാതായാല് സ്വന്തം പമ്പില്‍ നിന്നും പെട്രോള്‍ അടിക്കും. അതിനാല്‍ പെട്രോളടിക്കുന്നവന്റെ പ്രയാസം മന്ത്രി ബാലഗോപാലിന് മനസിലാവില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കൊല്ലം പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രിയെടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങളെ തിരുത്താന്‍ സിപിഎം തയ്യാറാകണമെന്നും എംപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചപ്പോള്‍ മറ്റ് പല സംസ്ഥാനങ്ങളും തങ്ങളുടെ നികുതിയില്‍ ഇളവു നല്കി. എന്നാല്‍ കേരള സര്‍ക്കാര്‍ മാത്രമാണ് നികുതി കുറയ്ക്കില്ലെന്ന് പഖ്യാപിച്ചത്. ഇത് വോട്ടുനല്‍കി അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായി വിലകുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പിണറായി സര്‍ക്കാര്‍ വലിയ ബഹുജനപ്രക്ഷോഭങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: