കാഞ്ഞാണി: പുത്തൻപീടികയിൽ ഗവ. ആയുർവേദ ആശുപത്രിക്കു സമീപം കടന്നൽ കുത്തേറ്റ് 20 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ ഏഴരയോടെ വെളുത്തേടത്ത് പറമ്പിൽ യതീന്ദ്രദാസിന്റെ പറമ്പിലെ പ്ലാവിൽ ഉണ്ടായിരുന്ന ഭീമൻ കടന്നൽ കൂട് പരുന്ത് കൊത്തി വലിച്ചതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയത്. കൂട്ടമായി പുറത്ത് വന്ന കടന്നലുകൾ സമീപത്തെ അരിമ്പൂർ പല്ലൻ വീട്ടിൽ മേരിയുടെ സംസ്കാര ചടങ്ങുകൾക്കെത്തിയവരെയാണ് ആദ്യം ആക്രമിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർക്കും കടന്നൽ കുത്തേറ്റു.
പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോ, തണ്ടാശ്ശേരി അരുൺ, പടിഞ്ഞാറത്തല വിജോ, വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ്, കൂടാതെ മരണവീട്ടിൽ സംസ്കാര ചടങ്ങുകൾക്കെത്തിയ ഇരുപതോളോം പേർക്കാണ് കടന്നൽ കുത്തേറ്റത്. കുത്തേറ്റവർ പാദുവ ആസ്പത്രിയിൽ ചികിത്സ തേടി. കുരുതുകുളങ്ങര ചാക്കോയെ വിദഗ്ധ ചികിത്സക്കായി തൃശൂർ ജൂബിലി മിഷൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
കടന്നൽ കൂട് സംബന്ധിച്ച് അന്തിക്കാട് പഞ്ചായത്ത് അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കടന്നലിന്റെ കുത്തേറ്റ് നാല് വളർത്തു പ്രാവുകളും ചത്തിട്ടുണ്ട്. ഒരു ആടിനും കുത്തേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: