കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ നൂറുകോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് കണ്ണൂരില്‍ അറസ്റ്റിലായ നാലുപേര്‍ തട്ടിയത് ആയിരങ്ങളില്‍ നിന്നായി നൂറുകോടിയിലധികം രൂപ. സംഘത്തില്‍ കൂടുതല്‍ പേരുളളതായാണ് സൂചന. സംസ്ഥാനത്തിനകത്തും പുറത്തും തട്ടിപ്പ് സംഘത്തിന്റെ ശൃംഖല വ്യാപിച്ച് കിടക്കുന്നതായും സൂചനയുണ്ട്.
ബംഗളുരു ആസ്ഥാനമായുള്ള ലോങ് റിച്ച് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴിയാണ് ആയിരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ സമാഹരിച്ചത്. ഈ തുക ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ച് ദിനംപ്രതി രണ്ട് മുതല്‍ അഞ്ചുശതമാനം വരെ പലിശ നല്‍കുമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മുതലും പലിശയും തിരിച്ചു കിട്ടാതെ വന്നതോടെ ചില നിക്ഷേപകര്‍ നല്കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സിറ്റി പോലീസിന് നാല് മാസം മുമ്പ് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലൂടെ 40 കോടിയും ഷെഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വസീം മുനവറലിയുടെ അക്കൗണ്ടില്‍ ഏഴുകോടിയും സമാഹരിച്ചതായി കണ്ടെത്തി. സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: