തിരുവനന്തപുരം: പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലനാടിന്റെ തനതു കായിക വിനോദമായ വടം വലിയുടെ പശ്ചാത്തലത്തിലുള്ള ‘ആഹാ ‘ നവംബര്‍ 19ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. കാണികളെ ഉത്സവ പ്രതീതിയോടെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് എന്റര്‍ടൈനറത്രെ എഡിറ്റര്‍ കൂടിയായ ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ‘ ആഹാ ‘. കോവിഡ് ലോക് ഡൗണുകള്‍ക്ക് ശേഷം തിയറ്ററുകളെ സജീവമാക്കാന്‍ എത്തുന്ന ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറാണ് ‘ആഹാ ‘. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ഇന്ദ്രജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ ആഹാ ‘യില്‍ അമിത് ചക്കാലക്കല്‍ തുല്യ പ്രാധാന്യമുള്ള കഥാ പാത്രത്തെ അവതരിപ്പിക്കുന്നു. അശ്വിന് കുമാര്‍, മനോജ് കെ ജയന് എന്നിവരും പ്രധാനികളായി ചിത്രത്തിലുണ്ട്. ശാന്തി ബാലചന്ദ്ര നാണ് നായിക. സാഹസികതയും, വൈകാരികതയും നിറഞ്ഞ ഒരു സ്പോര്‍ട്സ് ത്രില്ലറായിട്ടാണ് ‘ ആഹാ ‘ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകന് ബിബിന്‍ പോള്‍ സാമുവല്‍ :
‘ ലക്ഷക്കണിക്കിന് ആരാധകരും ആയിരകണക്കിന് ടീമുകളും ഉള്ള ഒരു വലിയ കായികയിനമാണ് വടംവലി. കേരളത്തിന് അവകാശപ്പെടാവുന്ന നമ്മുടെ സ്വന്തം കളി.പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെ വേണ്ടരീതിയില്‍ അംഗീകരിക്കപ്പെടാത്ത സാധാരണക്കാരന്റെ കായിക വിനോദമാണ് വടംവലി.ഈ തനത് ഇനത്തെ അതിന്റെ ഉശിരും വാശിയും ഭംഗിയും നിലനിര്‍ത്തികൊണ്ട് മലയോര മേഖലയിലെ ജീവിതവും, അവരുടെ ത്യാഗങ്ങളും, വടത്തോടുള്ള പ്രണയവും ആണ് ആഹാ പറയാന്‍ ശ്രമിക്കുന്നത് .
കോട്ടയത്തിന്റെ 80 ഓളം ലൊക്കേഷനുകളില്‍ മഴയോടും മണ്ണിടിച്ചിലിനോടും ഒപ്പം 200 ഓളം സിനിമ പ്രവര്‍ത്തകരും 6000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ സഹകരണത്തോടെയാണ് ആഹാ ചിത്രികരിച്ചത്. ആഹാ ഒരു മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് ആയിരിക്കണമെന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനപോലെ ഇപ്പോള്‍ ആഹാ ഈ നവംബര്‍ 19 ന് വെള്ളിവെളിച്ചത്തില്‍ ബിഗ് സ്ക്രീനില്‍ എത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്.
ഇന്ദ്രജിത്, മനോജ് കെ ജയന്, അമിത് ചക്കാലക്കല്‍ , അശ്വിന് കുമാര്‍ , സിദ്ധാര്‍ത്ഥ ശിവ, ശാന്തി ബാലചന്ദ്രന്, മേഘ തോമസ് ,ജയശങ്കര്‍ കാരിമുട്ടം തുടങ്ങിയ അഭിനേതാക്കളോടൊപ്പം 50 ഓളം പുതിയ അഭിനേതാക്കളെയും ഞങ്ങള്‍ അവതരിപ്പിക്കുന്നു.വടംവലിയുടെ ആവേശത്തോടൊപ്പം പ്രണയവും, സൗഹൃദവും, സന്തോഷവും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് ആഹാ.ഒരു സാധരണക്കാരനെന്ന നിലയില്‍ എല്ലാ മലയാളികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ആഹാ ഒരുക്കാന്‍ ശ്രമിച്ചിരിക്കുന്നത്.’
സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് . ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുല്‍ ബാലചന്ദ്രന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. . ജുബിത് നമ്രദത് ഗാന രചനയും സയനോരാ ഫിലിപ്പ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ക്യാപിറ്റല്‍ സ്റ്റുഡിയോസാണ് ആഹാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: