ന്യൂദല്‍ഹി : എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഇന്ധനവില കുറച്ചതിന് പിന്നാലെ നിരക്കില്‍ മാറ്റം വരുത്താതെ പെട്രോള്‍ ഡീസല്‍ വില. ദീപാവലി ദിനത്തില്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമായാണ് കുറഞ്ഞത്. രാജ്യത്തെ ഇന്ധനവിലയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ചാഞ്ചാട്ടമില്ലാതെയാണ് നില്‍ക്കുന്നത്.
കേന്ദ്രത്തിന്റെ നിരക്ക് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ച് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തിയിരുന്നു. കര്‍ണാടക, പുതുച്ചേരി, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം, ബിഹാര്‍, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ലഡാക്ക് എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങള്‍ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് നികുതി കുറച്ചത്.
ഇന്ത്യയിലുടനീളമുള്ള എണ്ണ വിപണന കമ്പനികളുടെ വിജ്ഞാപനം അനുസരിച്ച് നവംബര്‍ ഏഴ് മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത് മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് താല്‍കാലികമായി നിലച്ച അവസ്ഥയാണ്. വില കുറച്ചതിന് ശേഷം ചില സംസ്ഥാനങ്ങളില്‍ ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയില്‍ താഴെയായി.
അതേസമയം സംസ്ഥാനത്തെ ഇന്ധന നികുതിയില്‍ കുറവ് വരുത്തില്ലെന്ന് കേരളം അറിയിച്ചതോടെ വിലപ്പട്ടകയില്‍ ആറാമതായി. പെട്രോളിന് 106.36 രൂപയും, ഡീസലിന് 93.47 രൂപയുമാണ് കേരളത്തിലെ നിരക്ക്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. പെട്രോളിന് 111.06ഉം ഡീസലിന് 95.67 രൂപയുമാണ് രാജസ്ഥാനിലെ നിരക്ക്. മഹാരാഷ്‌ട്രയാണ് രണ്ടാമതുള്ളത്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
രാജ്യത്തെ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറാണ് നിരക്കില്‍ ഏറ്റവും പിന്നിലുള്ളത്. പെട്രോളിന് 82.96 രൂപയും, ഡീസലിന് 77.13 രൂപയുമാണ് ഈടാക്കുന്നത്. ആന്‍ഡമാന് പുറമേ അരുണാചല്‍ പ്രദേശ്, പുതുച്ചേരി, എന്നിവിടങ്ങളിലും പെട്രോളിന് വില കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: